സംസ്ഥാനത്ത് മദ്യശാലകളുടെ പ്രവര്‍ത്തന സമയം, ഓണക്കാലത്തെ ആള്‍ത്തിരക്ക് പരിഗണിച്ചെന്ന് സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകളുടെ പ്രവര്‍ത്തന സമയം കൂട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. ബിവറേജസ് ഔട്ട്‌ലെറ്റുകള്‍, ബാറുകള്‍, കണ്‍സ്യൂമര്‍ഫെഡ് എന്നിവയ്ക്ക് രാവിലെ ഒന്‍പത് മണി മുതല്‍ രാത്രി എട്ട് മണി വരെ തുറന്ന് പ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. മദ്യശാലകളുടെ പ്രവര്‍ത്തന സമയം നേരത്തെ രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് ഏഴ് മണി വരെ ആയിരുന്നു. ഇപ്പോള്‍ മദ്യശാലകളുടെ പ്രവര്‍ത്തന സമയം കൂട്ടിയിരിക്കുന്നത് ഓണക്കാലത്തെ ആള്‍ത്തിരക്ക് കണക്കിലെടുത്താണ് എന്നാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.
മദ്യശാലകളുടെ പ്രവര്‍ത്തന സമയം നീട്ടി നല്‍കണം എന്ന് ബിവറേജസ് കോര്‍പറേഷന്‍ എംഡി സംസ്ഥാ സര്‍ക്കാരിന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ആ ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ സമയം നീട്ടി ഉത്തരവിറക്കിയിരിക്കുന്നത്. ബാറുകള്‍ അടക്കമുളള മദ്യശാലകളില്‍ ഇരുന്ന് മദ്യപിക്കാനുളള അനുമതി നല്‍കിയിട്ടില്ല. നേരത്തെ ഉളളത് പോലെ തന്നെ പാഴ്‌സല്‍ ആയിട്ടാണ് മദ്യം നല്‍കുക.

നേരത്തെ വാരാന്ത്യ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് ശനിയും ഞായറും മദ്യശാലകള്‍ തുറന്നിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ലോക്ക്ഡൗണ്‍ ഞായറാഴ്ചത്തേക്ക് മാത്രമായി ചുരുക്കിയിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് ഇപ്പോള്‍ ശനിയാഴ്ചകളിലും മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. അതേസമയം പരിഷ്‌ക്കരിച്ച കൊവിഡ് മാനദണ്ഡങ്ങള്‍ മദ്യശാലകള്‍ക്കും ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുകയാണ്. ഇന്നലെ മുതലാണ് മദ്യശാലകള്‍ക്ക് പുതിയ മാനദണ്ഡം ബാധകമാക്കിയിരിക്കുന്നത്.
കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍, രണ്ടാഴ്ചയ്ക്ക് മുന്‍പ് കൊവിഡ് വാക്‌സിന്റെ ഒരു ഡോസ് എങ്കിലും എടുത്തവര്‍, 72 മണിക്കൂര്‍ മുന്‍പുളള ആര്‍ടിപിസിആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം ഉളളവര്‍, ഒരു മാസം മുന്‍പ് കൊവിഡ് മുക്തമായതിന്റെ സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്ക് മാത്രമേ മദ്യം വാങ്ങാന്‍ പോകാന്‍ സാധിക്കുകയുളളൂ. ഇതോടെ മദ്യപാനികളിൽ പലരും വെട്ടിലായിരിക്കുകയാണ്. ബുധനാഴ്ച മുതൽ ഈ നിബന്ധന നടപ്പിലാക്കിയതോടെ പലരും മദ്യശാലകളിൽ വന്ന് വെറും കയ്യോടെ തിരിച്ച് പോകുന്ന കാഴ്ചയാണ് സംസ്ഥാനത്ത് പലയിടത്തും കണ്ടത്.
സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ അടക്കമുളള മദ്യശാലകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നതിനെ ഹൈക്കോടതി നേരത്തെ വിമർശിച്ചിരുന്നു. വ്യാപാരസ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന മാനദണ്ഡം മദ്യശാലകള്‍ക്കും ബാധകമാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ബിവറേജസ് ഔട്ട്‌ലൈറ്റുകളുടെ അവസ്ഥ കാലിത്തൊഴുത്തിന് സമാനമാണ് എന്ന് കുറ്റപ്പെടുത്തിയ ഹൈക്കോടതി മദ്യം വാങ്ങാന്‍ എത്തുന്നവര്‍ക്ക് അതിനുളള മാന്യമായ സാഹചര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. മദ്യശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അവ അടച്ചിടാനും ആളുകളുടെ ജീവന്‍ കുരുതി കൊടുക്കാനാകില്ലെന്നും ഹൈക്കോടതി വിമര്‍ശിക്കുകയുണ്ടായി.
സംസ്ഥാനത്തെ തൊണ്ണൂറ്റിയാറ് ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ സൗകര്യക്കുറവുളളതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ ഉളള നീക്കങ്ങള്‍ നടന്ന് കൊണ്ടിരിക്കുന്നതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മൂന്ന് മാസത്തെ സമയമാണ് ഇതിനായി ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്.
മമ്മൂട്ടിയുടെ വീട്ടിൽ അതിഥിയായി കെ സുരേന്ദ്രൻ, താരത്തിന്റെ വീട്ടിൽ നിന്നുളള ചിത്രങ്ങൾ












Click it and Unblock the Notifications