'പച്ചക്കള്ളം, പിന്നിൽ ഗൂഢാലോചന'; സുധാകരന്റെ പരാമർശം യുഡിഎഫിൽ ഉന്നയിക്കുമെന്നും സലാം
മലപ്പുറം: ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയർന്ന ആരോപണം തികഞ്ഞ അസംബന്ധമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പറഞ്ഞു. യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത ആരോപണമാണിത്.
'2012 ലാണ് ഷുക്കൂർ വധിക്കപ്പെട്ടത്. ഈ കേസിൽ എവിടെയും ഇല്ലാതിരുന്ന വക്കീലാണ് 12 വർഷങ്ങൾക്ക് ശേഷം വന്ന് പറയുന്നത്. റിമാന്റ് റിപ്പോർട്ട് തയ്യാറാക്കാൻ എസ് പി ഇദ്ദേഹത്തെ വിളിച്ചു എന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? റിമാന്റ് റിപ്പോർട്ട് ഉണ്ടാക്കി കൊടുക്കേണ്ടത് സ്വകാര്യ അഭിഷാകനാണോ. പോലീസിന്റെ അധികാരം അദ്ദേഹം സ്വയം ഏറ്റെടുത്ത് ചെയ്യുകയായിരുന്നു. അദ്ദേഹത്തെ വിളിച്ചാണ് റിമാന്റ് റിപ്പോർട്ടിൽ എന്തെല്ലാം വകുപ്പുകൾ ഉൾപ്പെടുത്തണമെന്ന് എസ് പി ചോദിച്ചതെന്ന് പറയുമ്പോൾ വിശ്വസിക്കാനാകുമോ? അദ്ദേഹം ഗവ പ്ലീഡറയായിരുന്നോ?. എന്തുകൊണ്ടാണ് 12 കൊല്ലം അദ്ദേഹം ഇത് പറയാതിരുന്നത്. ഈ വക്കീലിന് എന്തേ ഇത്രയും കാലം ബോധോദയം ഇല്ലാതെ പോയത്'', സലാം ചോദിച്ചു.

മുസ്ലിംലീഗിനെയും നേതാക്കളെയും താറടിച്ചു കാണിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണിത്. വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ല. ആരോപണം ഉന്നയിച്ച വ്യക്തിക്കെതിരെ നിയമനടപടികൾ ആരംഭിച്ചുകഴിഞ്ഞു. മുസ്ലിംലീഗിന്റെ കണ്ണൂർ ജില്ലാ കമ്മിറ്റിയും കേരള ലോയേഴ്‌സ് ഫോറവും നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. നേരിന്റെ അംശം പോലും ഇല്ലാത്ത വ്യാജ ആരോപണമാണാണ് മുസ്ലീം ലീഗിന്റെ സമുന്നതനായ നേതാവിനെതിരെ ഉന്നയിക്കുന്നത്. കേസ് നടത്തിപ്പിൽ പി കെ കുഞ്ഞാലിക്കുട്ടി സാഹിബിനുള്ള പങ്ക് എത്രത്തോളമുണ്ട് എന്ന് ഈ കേസുമായി മുന്നോട്ട് പോയ നേതാക്കൾക്ക് അറിയാം. ഒരിഞ്ച് പോലും പുറകോട്ട് പോകാൻ ഒരു നേതാവും തയ്യാറായിട്ടില്ല. ഈ ആരോപണത്തിന് പിന്നിൽ ആരൊക്കെയാണ് എന്ന് വെളിച്ചത്ത് കൊണ്ടുവരുന്നത് വരെ ലീഗിന് വിശ്രമം ഉണ്ടാകില്ല.
അദ്ദേഹം വ്യക്തമാക്കി.ആരോപണം ഗൗരവമുള്ളതെന്ന കെ പി സി സി അധ്യക്ഷൻ സുധാകരന്റെ പ്രസ്താവന ആശയക്കുഴപ്പത്തിനിടയാക്കി. ഇതിന്റെ പുറകിലുള്ളവരെ നിഷ്പക്ഷ അന്വേഷണത്തിലൂടെ പുറത്ത് കൊണ്ടുവരും', സലാം കൂട്ടിച്ചേർത്തു.

കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന ആരോപണത്തില്‍ ഗൂഢാലോചന ഉണ്ടെന്നും നിയമപരമായി നീങ്ങുമെന്നും
മുസ്ലീം ലീഗ് എംഎൽഎയും മുൻ പാർട്ടി ജനറൽ സെക്രട്ടറിയുമായ കെപിഎ മജീദും പ്രതികരിച്ചു. 'കുഞ്ഞാലിക്കുട്ടി സാഹിബിനെതിരായി ഒരു വക്കീൽ ആരോപണം ഉന്നയിച്ചത് വസ്തുതകൾക്ക് നിരക്കാത്ത അസംബന്ധമാണ്. അരിയിൽ ഷുക്കൂറിനെ അരുംകൊല ചെയ്ത സി.പി.എമ്മിനും അതിന് പിന്നിൽ ഗൂഢാലോചന നടത്തിയ നേതാക്കൾക്കുമെതിരെ മുസ്ലിംലീഗ് സന്ധിയില്ലാ സമരത്തിലാണ്. സംഭവം നടന്ന് വർഷങ്ങൾക്കുശേഷം ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചതിൽ ദുരൂഹതയുണ്ട്. ഇതൊരു ഗൂഢാലോചനയാണെന്ന് വ്യക്തമാണ്. ആരോപണം ഉന്നയിച്ച വക്കീലിനും പ്രാദേശിക ചാനലിനുമെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് മുസ്ലിംലീഗിന്റെ തീരുമാനം.സത്യത്തിന്റെ കണിക പോലും ഇല്ലാത്ത ഇത്തരം ആരോപണങ്ങൾ പൊക്കിപ്പിടിച്ചുകൊണ്ട് മുസ്ലിംലീഗിനെയും നേതാക്കളെയും താറടിച്ചു കാണിക്കാം എന്ന് ആരും കരുതേണ്ട.സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ മുസ്‌ലിംലീഗും യു.ഡി.എഫും പോരാട്ടം തുടരും', മജീദ് പറഞ്ഞു.

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെ രക്ഷിക്കാന്‍ പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന കണ്ണൂരിലെ അഭിഭാഷകനായ ടി പി ഹരീന്ദ്രനാണ് ആരോപണം ഉന്നയിച്ചത്. കേസിൽ പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്താമെന്ന് പൊലീസിന് ഉപദേശം നൽകിയെങ്കിലും കുഞ്ഞാലിക്കുട്ടി എസ്പിയെ വിളിച്ച് അതൊഴിവാക്കാൻ നിർദ്ദേശം നൽകിയെങ്കിലും കുഞ്ഞാലിക്കുട്ടി ഇടപെട്ട് അത് ഒഴിവാക്കാൻ നിർദ്ദേശിച്ചുവെന്നായിരുന്നു ഹരീന്ദ്രൻ ആരോപിച്ചത്. അതേസമയം ആരോപണം ഗൗരവമുള്ളതാണെന്നും പരാമര്‍ശം എന്തെന്ന് പരിശോധിക്കുമെന്നുമായിരുന്നു കെ പി സി സി അധ്യക്ഷൻ കെ സുധാകരന്റെ പ്രതികരണം.












Click it and Unblock the Notifications