മാതാവ് മുസ്ലിം, ഹിന്ദു യുവാവുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യില്ലെന്ന് നഗരസഭ: ഇടപെട്ട് ഹൈക്കോടതി
കൊച്ചി: മതാപിതാക്കള്‍ വ്യത്യസ്ത മതങ്ങളില്‍പ്പെട്ടവരായതിനാല്‍ വിവാഹം രജിസ്റ്റർ ചെയ്യാനാകില്ലെന്ന നഗരസഭ ഉദ്യോഗസ്ഥരുടെ നിലപാട് തിരുത്തി ഹൈക്കോടതി. എറണാകുളം ജില്ലയിലെ ഉദയംപേരൂര്‍ സ്വദേശികള്‍ നല്‍കിയ ഹർജിയിലാണ് വിവാഹം രജിസ്റ്റർ ചെയ്യാന്‍ മതി പരിഗണിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കിയത്. മാതാപിതാക്കള്‍ രണ്ട് മതത്തിലുള്‍പ്പെട്ടവരാണെന്നത് വിവാഹം രജിസ്റ്റര്‍ ചെയ്യാതിരിക്കാനുള്ള കാരണമല്ലെന്നും ഹർജി പരിഗണിച്ച ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.

കൊച്ചി നഗരസഭ ഉദ്യോഗസ്ഥരുടെ നടപടിക്കെതിരായിട്ടായിരുന്നു ഉദയംപേരൂരില്‍ താമസിക്കുന്ന പിആര്‍ ലാലനും ഭാര്യ ഐഷയും കോടതിയില്‍ ഹർജി നല്‍കിയത്. വിവാഹം രജിസ്റ്റർ ചെയ്യാനായി ഇരുവരും കൊച്ചി കോര്‍പറേഷനിലെ മാര്യേജ് ഓഫിസറായ സെക്രട്ടറിക്ക് നല്‍കിയ അപേക്ഷ നിരസിക്കപ്പെട്ട പശ്ചാത്തലത്തിലായിരുന്നു ഹർജി.

2001 ഡിസംബര്‍ രണ്ടിനായിരുന്നു ഹിന്ദു ആചാര പ്രകാരം വിവാഹം നടന്നത്. എന്നാല്‍ യുവതിയുടെ മാതാവ് മുസ്ലീം ആയതിനാല്‍ ഹിന്ദു യുവാവുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യാനാകില്ലെന്ന ഉദ്യോഗസ്ഥരുടെ നിലപാട്. യുവതിയുടെ അമ്മ മുസ്ലീം ആയതിനാല്‍ സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരമേ വിവാഹം രജിസ്റ്റര്‍ ചെയ്യാനാകൂ എന്നായിരുന്നു അധികൃതർ അറിയിച്ചത്.

നഗരസഭ സെക്രട്ടറി നിലപാട് കടുപ്പിച്ചതോടെ ഇരുവരും പരിഹാരം തേടി കോടതിക്ക് മുമ്പിലെത്തുകയായിരുന്നു. ഈ ഹർജി പരിഗണിച്ച കോടതി മാതാപിതാക്കളുടെ മതം വിവാഹം രജിസ്‌ട്രേഷന് തടസമല്ലെന്ന് കോടതി വ്യക്തമാക്കി. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും ആചാരങ്ങള്‍ പിന്തുടരാനും സ്വതന്ത്ര്യമുള്ള മത നിരപേക്ഷ രാജ്യമാണിതെന്ന് ഓര്‍മ്മ വേണമെന്നും കോടതി നിരീക്ഷിച്ചു.

സാമൂഹിക പരിഷ്‌കര്‍ത്താക്കളായ ശ്രീനാരായണ ഗുരുവും അയ്യന്‍കാളിയും ജിവിച്ചിരുന്ന മണ്ണാണ് കേരളെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ ഇവരുടെ അപേക്ഷ പരിഗണിച്ച് രണ്ടാഴ്ചയ്ക്കകം വിവാഹം രജിസ്റ്റര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് നല്‍കാനും ഉത്തരവിട്ടു. കോടതി ഉത്തരവിന്റെ പകര്‍പ്പ് തദ്ദേശ സ്വയംഭരണ സെക്രട്ടറിക്ക് കൈമാറാനും ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കാനും നിർദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications