'66 മുറിവുകൾ, ക്രൂരമായ പീഡനം'; പത്തനംതിട്ടയിൽ 5 വയസുകാരിയെ കൊന്ന രണ്ടാനച്ഛന് വധശിക്ഷ വിധിച്ച് കോടതി
പത്തനംതിട്ട: അഞ്ച് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന സംഭവത്തിൽ രണ്ടാനച്ഛന് വധശിക്ഷ വിധിച്ച് കോടതി. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി 1 ആണ് പ്രതിക്ക് തൂക്കുകയർ വിധിച്ചത്. കുട്ടിയെ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയതും കൊലപാതക കുറ്റവും തെളിഞ്ഞതോടെയാണ് കോടതി വധശിക്ഷ നൽകിയത്.
തമിഴ്‌നാട് രാജപാളയം സ്വദേശിയാണ് ശിക്ഷപ്പെട്ട വ്യക്തി. മൂന്നര വർഷം മുൻപ് നടന്ന ക്രൂരകൃത്യത്തിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. ഞെട്ടിക്കുന്ന കണ്ടെത്തലുകളായിരുന്നു കേസിൽ പോലീസ് നടത്തിയത്. ക്രൂര പീഡനത്തിന് ഇരയായാണ് കുഞ്ഞ് കൊല്ലപ്പെട്ടതെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
തുടർന്നാണ് കുട്ടിയോട് രണ്ടാനച്ഛനാണ് പ്രതിയെന്ന് പോലീസ് കണ്ടെത്തിയത്.26 വയസുകാരനായ അലക്‌സ് പാണ്ഡ്യനാണ് ശിക്ഷിക്കപ്പെട്ടത്. ഇയാൾക്കെതിരെ കൊലപാതകം, പീഡനം, ക്രൂരമായ മർദനം, പോക്സോ, ജുവനൈൽ ജസ്‌റ്റിസ് ആക്‌ട് എന്നിവ അടക്കം പതിനാറോളം വകുപ്പുകളാണ് ചുമത്തിയത്.

കുട്ടിയെ ഇയാൾ തുടർച്ചയായി മർദിച്ചിരുന്നുവെന്നും പോലീസ് കണ്ടെത്തിയിരുന്നു. പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലും ഈ കാര്യം വ്യക്തമായിരുന്നു. രണ്ടാനച്ഛനായ പ്രതിയെ അഞ്ച് വയസുകാരിയുടെ ഉത്തരവാദിത്തം ഏൽപ്പിച്ചിട്ടായിരുന്നു കുട്ടിയുടെ അമ്മ ജോലിക്ക് പോയിരുന്നത്. വീട്ടുജോലി നോക്കിയായിരുന്നു അവർ കുടുംബം പുലർത്തിയിരുന്നത്.
2021 ഏപ്രിൽ മാസത്തിലായിരുന്നു സംഭവം നടന്നത്. കുട്ടിയുടെ ശരീരത്തിൽ കത്തികൊണ്ട് കുത്തേറ്റതിന്റെ പാടുകൾ ഉൾപ്പെടെ ഉണ്ടായിരുന്നു. 66 മുറിവുകളാണ് കുഞ്ഞിന്റെ ശരീരത്തിൽ നിന്ന് പോസ്‌റ്റുമോർട്ടത്തിൽ കണ്ടെത്തിയത്. വീട്ടുജോലിക്ക് പോയി തിരികെയെത്തിയ കുഞ്ഞിന്റെ അമ്മയാണ് കുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ഭാര്യയുടെ ആദ്യബന്ധത്തിൽ ജനിച്ച മകളെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതി ഇക്കാര്യം ചെയ്‌തതെന്ന് പിന്നീട് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. കൂടാതെ കഞ്ചാവ്, മദ്യം എന്നിങ്ങനെയുള്ള ലഹരികൾക്ക് അടിമയായിരുന്നു ഇയാളെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. ഇതിന്റെ സ്വാധീനത്തിൽ കൂടിയാവും ക്രൂരമായ കൊലപാതകം നടന്നതെന്നായിരുന്നു പോലീസ് പറഞ്ഞത്.
സംഭവം നടന്ന് മിനിട്ടുകൾക്ക് ഉള്ളിൽ തന്നെ പ്രതിയെ പിടികൂടാൻ കേരള പോലീസിന് കഴിഞ്ഞിരുന്നു. എന്നാൽ ഇതിന് ശേഷം പത്തനംത്തിട്ട പോലീസ് സ്‌റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോവാൻ ശ്രമിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു. പിന്നീട് രാവിലെയോടെ ഇയാളെ കണ്ടെത്തിയിരുന്നു. വിചാരണ സമയത്ത് പ്രതി കോടതി വളപ്പിൽ വച്ച് ആത്മഹത്യക്കും ശ്രമിച്ചിരുന്നു. എന്നാൽ ഇതും പരാജയപ്പെട്ടു.












Click it and Unblock the Notifications