മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി; നടപടി വിവാദമായ 'രക്ഷാപ്രവർത്തന' പ്രസ്‌താവനയിൽ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. നവകേരള സദസിനിടെ നടത്തിയ വിവാദ പ്രസ്‌താവനയുടെ പേരിലാണ് കോടതി നടപടി. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മുഖ്യമന്ത്രിയുടേത് കുറ്റകൃത്യം തുടരാനുള്ള പ്രേരണയാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ പരാതിയിലാണ് കോടതി ഇടപെടൽ.
പരാതിയിൽ എറണാകുളം സെൻട്രൽ പോലീസിനാണ് അന്വേഷണ ചുമതല. അവർ വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കും. എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസാണ് സ്വകാര്യ അന്യായം നൽകിയത്. തുടർന്നാണ് ഈ പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പോലീസിനോട് നിർദ്ദേശിച്ചത്.

കഴിഞ്ഞ വർഷം നവംബറിലാണ് ഈ സംഭവത്തിന് ആധാരമായ പ്രസ്‌താവന മുഖ്യമന്ത്രി നടത്തിയത്. നവകേരള സദസ് നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിപക്ഷ യുവജന സംഘടനകൾ മുഖ്യമന്ത്രിക്കെതിരെയും സർക്കാരിനെതിരെയും നിരന്തരം സമരം നടത്തിവരികയും വ്യാപകമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്‌ത സമയമായിരുന്നു ഇത്.
തുടർന്ന് യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ള യുവജന സംഘടനകൾ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയിരുന്നു. തളിപ്പറമ്പിലേക്ക് നവകേരള സദസ് പരിപാടിക്ക് പോയ മുഖ്യമന്ത്രിക്കെതിരെ പഴയങ്ങാടിയിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിക്കുകയായിരുന്നു. ഈ സമയത്ത് അവിടെയെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ ഇവരെ ക്രൂരമായി മർദ്ദിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
എന്നാൽ ഇത് രക്ഷാപ്രവർത്തനം മാത്രമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വിഷയം പ്രതിപക്ഷം സഭയിൽ ഉൾപ്പെടെ ഉയർത്തിയപ്പോഴും ഇതേ നിലപാടിൽ പിണറായി വിജയൻ ഉറച്ചുനിന്നു. ബസിന് മുന്നിൽ ചാടിയവരെ പിടിച്ചുമാറ്റിയത് എങ്ങനെ കുറ്റമാവുമെന്നും പിണറായി വിജയൻ ചോദിച്ചിരുന്നു. തീവണ്ടിക്ക് മുന്നിൽ ചാടുന്നയാളെ രക്ഷിക്കാൻ ശ്രമിക്കുന്നത് ഉൾപ്പെടെ മുഖ്യമന്ത്രി പ്രസംഗത്തിൽ ഉദ്ധരിച്ചിരുന്നു.
ഡിവൈഎഫ്ഐ നടത്തിയത് മാതൃകാപരമായ പ്രവർത്തനം ആണെന്നും അതിനിയും തുടരണമെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഇതോടെ ഈ പ്രസ്‌താവനക്കെതിരെ കോൺഗ്രസ് വലിയ വിമർശവുമായി രംഗത്ത് വന്നിരുന്നു. അതിന് ശേഷമാണ് എറണാകുളം ഡിസിസി പ്രസിഡന്റ് കൂടിയായ ഷിയാസ് കോടതിയെ സമീപിച്ചത്.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെതിരായ അന്വേഷണം സിപിഎമ്മിന് ഉണ്ടാക്കുന്ന പ്രതിസന്ധി ചെറുതല്ലെന്നാണ് വിലയിരുത്തൽ. നിലവിൽ ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്നത് പിണറായി വിജയനാണ്. അതേ പിണറായി വിജയന്റെ കീഴിലുള്ള പോലീസ് നടത്തുന്ന അന്വേഷണത്തിൽ എത്രമാത്രം സുതാര്യത ഉണ്ടാവുമെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. അതിനാൽ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന്റെ ചുമതലയിൽ നിന്ന് മാറണമെന്ന ആവശ്യവും ഉയർന്നേക്കും.












Click it and Unblock the Notifications