'പൂരം മുടങ്ങിയപ്പോൾ എൻഡിഎ സ്ഥാനാർത്ഥി ആംബുലൻസിൽ വന്നിറങ്ങിയതിൽ ഗൂഢാലോചന'; കെകെ വൽസരാജ്
തൃശൂർ: എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്‌ചയിൽ അന്വേഷണം അൽപ്പം കൂടി നേരത്തെ പ്രഖ്യാപികമായിരുന്നുവെന്ന് സിപിഐ തൃശൂർ ജില്ലാ സെക്രട്ടറി കെകെ വൽസരാജ്. നിലവിൽ അന്വേഷണം നടക്കുന്നുണ്ടെന്നും അതിന് ശേഷം റിപ്പോർട്ട് വരുന്ന മുറയ്ക്ക് സിപിഐ നിലപാട് വ്യക്തമാക്കുമെന്നും വൽസരാജ് വൺഇന്ത്യ മലയാളത്തോട് പറഞ്ഞു. ഇതിനെ കുറിച്ചറിയാൻ പൊതുജങ്ങൾക്കും താൽപര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തൃശൂർ പൂരം ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് തോൽവിയിലേക്ക് നയിച്ച ഘടകങ്ങളിൽ ഒന്ന് മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പോലീസിൽ എക്കാലവും ക്രിമിനലുകൾ ഉണ്ടെന്ന് ആരോപണം ഉയരാറുണ്ട്. പൂരം നിർത്തിവച്ചപ്പോൾ അവിടെ മധ്യസ്ഥത്തിനായി എൻഡിഎ സ്ഥാനാർത്ഥി ആംബുലൻസിൽ വന്നിറങ്ങിയത് ഗൂഢാലോചനയുടെ ഭാഗമാണോയെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

'സിപിഐ ഇക്കാര്യത്തിൽ കൃത്യമായ നിലപാടാണ് സ്വീകരിച്ചത്, അതിന് ഒടുവിൽ അന്വേഷണം പ്രഖ്യാപിച്ചു. എന്നാൽ ഇത്തിരി നേരത്തെ ആക്കാമായിരുന്നു. എങ്കിലും അന്വേഷണം പ്രഖ്യാപിച്ചല്ലോ. എന്തിനാണ് ഉന്നത ഉദ്യോഗസ്ഥനും ആർഎസ്എസ് നേതാക്കളും ബന്ധപ്പെടാൻ ഇടയാക്കിയത് എന്നത് നാട്ടിലെ ജനങ്ങൾക്ക് അറിയാൻ അവകാശമുണ്ട്.' വൽസരാജ് ചൂണ്ടിക്കാണിച്ചു.
'തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പലവിധ ഘടകങ്ങളുണ്ട്, അതിൽ ഒന്ന് മാത്രമാണ് പൂരം അലങ്കോലപ്പട്ടത്. പൂരവും ആ സമയത്ത് വോട്ടർമാരെ സ്വാധീനിക്കാൻ കാരണമായിട്ടുണ്ട് എന്ന് തന്നെയാണ് വിലയിരുത്തൽ. എൻഡിഎ സ്ഥാനാർത്ഥിയെ ആംബുലൻസിൽ കൊണ്ടിറക്കിയത് നമ്മുടെ നാട്ടിലെ മോട്ടോർ വെഹിക്കിൾ നിയമങ്ങൾക്ക് വിരുദ്ധമാണ്, അതിൽ നടപടി വേണം. പരാതി നൽകിയിട്ടുണ്ട്' അദ്ദേഹം പറഞ്ഞു.
'പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട് എഡിജിപി അന്വേഷിച്ചതിൽ ആഭ്യന്തര സെക്രട്ടറിയോട് മുഖ്യമന്ത്രി വിശദീകരണം തേടിയിട്ടുണ്ട്. ആ റിപ്പോർട്ട് എന്താണെന്ന് അറിയാതെ പറയുന്നതിൽ കാര്യമില്ലലോ. ഈ അന്വേഷണം കൈമാറുന്ന സമയത്ത് എഡിജിപി ആരോപണ വിധേയൻ ആയിരുന്നില്ല. ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്ന നിലയിലാണ് അദ്ദേഹത്തെ അന്വേഷണത്തിന് നിശ്ചയിച്ചത്' വൽസരാജ് വ്യക്തമാക്കി.
'തൃശൂർ പൂരത്തിന് കാലങ്ങളായി നിശ്ചയിക്കപ്പെട്ട ഒരു രീതിയുണ്ട്. മുൻപും പൂരത്തിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ലാത്തിചാർജ് വരെ ഉണ്ടായിരുന്നു. എന്നാൽ ഇതവണയാണ് ആദ്യമായി പൂരം നിർത്തിവെപ്പിച്ചത്. ശേഷം അവിടേക്ക് എൻഡിഎ സ്ഥാനാർത്ഥി ആംബുലൻസിൽ വന്നിറങ്ങുകയാണ് ഉണ്ടായത്. അതിന്റെ വീഡിയോ ഉൾപ്പെടെ വലിയ രീതിയിൽ കൊണ്ടാടപ്പെട്ടു. സ്വാഭാവികമായും ഇതൊരു ഗൂഡലോചനയുടെ ഭാഗമാണെന്ന് സംശയിക്കും' വൽസരാജ് പറഞ്ഞു.
അത് മാത്രമല്ല നാമജപം ആരംഭിക്കുന്ന സംഘടിതമായ ശ്രമവും അവിടെയുണ്ടായി. അതൊക്കെ ചേരുമ്പോഴാണ് ഇക്കാര്യത്തിൽ ഒരു ഗൂഢാലോചന ഇല്ലേയെന്ന് നാട്ടിലെ ജനങ്ങൾ ചിന്തിക്കുക. ആ സംശയത്തിലെ യഥാർത്ഥ വസ്‌തുത അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. അതുകൊണ്ടാണ് അന്വേഷണം ആവശ്യപ്പെട്ടത്. എൽഡിഎഫിന് പൊതുവിൽ അങ്ങനെയൊരു നിലപാടാണ് ഉള്ളതെന്നും സിപിഐ നേതാവ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications