തുടര്‍ചികിത്സയ്ക്കായി കോടിയേരിയും അമേരിക്കയില്‍; പകരം ആര്‍ക്കും ചുമതലയില്ല
തിരുവനന്തപുരം: സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുടര്‍ ചികിത്സയ്ക്കായി ഇന്ന് അമേരിക്കയിലെത്തും. ഇന്ന് പുലര്‍ച്ചെ കോടിയേരി ബാലകൃഷ്ണന്‍ അമേരിക്കയിലേക്ക് പുറപ്പെട്ടു. ചികിത്സ പൂര്‍ത്തിയാക്കിയ ശേഷമാകും ഇനി കോടിയേരി ബാലകൃഷ്ണന്‍ കേരളത്തിലേക്ക് മടങ്ങുക. ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് അര്‍ബുദത്തില്‍ തുടര്‍ ചികിത്സക്കായി കോടിയേരി ബാലകൃഷ്ണന്‍ അമേരിക്കയില്‍ പോകുന്നത്.
അതേസമയം സി പി ഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല പകരം ആര്‍ക്കും കൈമാറിയിട്ടില്ല. സി പി ഐ എം സംസ്ഥാന സെന്ററായിരിക്കും പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. കഴിഞ്ഞ തവണ ചികിത്സയ്ക്ക് അമേരിക്കയിലെത്തിയപ്പോഴും സി പി ഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല കോടിയേരി ബാലകൃഷ്ണന്‍ കൈമാറിയിരുന്നില്ല. എന്നാല്‍ മടങ്ങിയെത്തിയ ശേഷം കോടിയേരി ബാലകൃഷ്ണന്‍ അവധിയില്‍ പ്രവേശിക്കുകയും എല്‍ ഡി എഫ് കണ്‍വീനറായിരിന്ന എ വിജയരാഘവനെ ആക്ടിംഗ് സെക്രട്ടറിയാക്കുകയും ചെയ്തിരുന്നു.

ശേഷം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് കോടിയേരി ബാലകൃഷ്ണന്‍ സി പി ഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയില്‍ തിരിച്ചെത്തിയത്. പിന്നാലെ നടന്ന സംസ്ഥാന സമ്മേളനം കോടിയേരി ബാലകൃഷ്ണനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് വര്‍ഷത്തോളമായി കാന്‍സര്‍ രോഗത്തിന് ചികിത്സ തേടുകയാണ് കോടിയേരി ബാലകൃഷ്ണന്‍. 2020 ജനുവരിയില്‍ ഹൂസ്റ്റണ്‍ പ്ലാസ മെഡിക്കല്‍ സെന്ററില്‍ കോടിയേരി ബാലകൃഷ്ണന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
ഇതിനു ശേഷം ആരോഗ്യനില മെച്ചപ്പെട്ടതായും അദ്ദേഹം തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അടുത്തിടെ നടത്തിയ ചില പരിശോധനകളില്‍ തുടര്‍ചികിത്സ ആവശ്യമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും അമേരിക്കയിലേക്ക് തിരിക്കുന്നത്. 68കാരനായ കോടിയേരി ബാലകൃഷ്ണന്‍ സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗമാണ്. വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയുമായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.
കഴിഞ്ഞ ഡിസംബറിലാണ് താന്‍ കാന്‍സര്‍ രോഗത്തിനു ചികിത്സയിലാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ ഒരു പൊതുവേദിയില്‍ വ്യക്തമാക്കിയത്. പ്രമേഹരോഗത്തിന്റെ ഭാഗമായി നടത്തിയ രക്തപരിശോധനയില്‍ കാന്‍സറിന്റെ സൂചനകള്‍ കണ്ടെന്നായിരുന്നു കോടിയേരി പറഞ്ഞത്. തന്റെ പാന്‍ക്രിയാസിന്റെ ഒരു ഭാഗം മുറിച്ചു മാറ്റിയെന്നും ഇതിന് ശേഷം ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ട്രിവാന്‍ഡ്രം ഓങ്കോളജി ക്ലബ് സംഘടിപ്പിച്ച പരിപാടിയില്‍ കോടിയേരി വ്യക്തമാക്കിയിരുന്നു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും ചികിത്സയ്ക്കായി നിലവില്‍ അമേരിക്കയിലാണ്. മിനസോട്ടയിലെ മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് വേണ്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും അമേരിക്കയിലേക്ക് പോയത്. ഏപ്രില്‍ 24 നാണ് മുഖ്യമന്ത്രി അമേരിക്കയിലെത്തിയത്. 18 ദിവസത്തേക്കാണ് മുഖ്യമന്ത്രിയുടെ യാത്ര. മുഖ്യമന്ത്രിയും പകരം ചുമതല കൈമാറിയിട്ടില്ല. മന്ത്രിസഭാ യോഗങ്ങളിലടക്കം മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുക്കുന്നുണ്ട്. മേയ് പത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ തിരിച്ചെത്തുമെന്നാണ് സൂചന.
ഹലാമതി ഹബീബോ... കലക്കന്‍ ചിത്രങ്ങളുമായി മാളവിക
കഴിഞ്ഞ ജനുവരി മാസത്തില്‍ മയോക്ലിനിക്കില്‍ നടത്തിയ ചികിത്സയുടെ തുടര്‍ച്ചയ്ക്കായാണ് പിണറായി വിജയന്‍ വീണ്ടും അമേരിക്കയില്‍ പോയിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി മാസം 11 മുതല്‍ 27 വരെയായിരുന്നു അമേരിക്കയിലെ മയോ ക്ലിനിക്കില്‍ മുഖ്യമന്ത്രി ചികിത്സ തേടിയത്. ഒന്നാം എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് 2018 ലും പിണറായി വിജയന്‍ ചികിത്സക്ക് വേണ്ടി അമേരിക്കയില്‍ പോയിരുന്നു. അന്നും മന്ത്രിസഭയിലെ മറ്റാര്‍ക്കും ചുമതല കൈമാറാതെ ഇ - ഫയലിംഗ് വഴിയാണ് അദ്ദേഹം ഭരണ കാര്യങ്ങളില്‍ ഇടപെട്ടിരുന്നത്.












Click it and Unblock the Notifications