സിപിഎം-ബിജെപി തന്ത്രം യുഡിഎഫിന് മനസിലായി; എന്‍സിപി മാത്രമല്ല, കൂടുതല്‍ കക്ഷികള്‍ എത്തും
തിരുവനന്തപുരം: സിപിഎമ്മും ബിജെപിയും ഒരേ തന്ത്രമാണ് പയറ്റുന്നതെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. വിഭജിച്ച് നേട്ടം കൊയ്യാനാണ് ഇവരുടെ ശ്രമം. വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ മുസ്ലിം ലീഗ് ഏതുവിധത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറാകും. യുഡിഎഫ് ഒറ്റക്കെട്ടാണ്. യുഡിഎഫിലേക്ക് കൂടുതല്‍ കക്ഷികള്‍ എത്തും. എന്‍സിപി മാത്രമല്ല വരാന്‍ പോകുന്നതെന്നും കുഞ്ഞാലിക്കുട്ടി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
മുസ്ലിം ലീഗ് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. കൂടുതല്‍ സീറ്റ് ചോദിക്കുന്നത് ആലോചിച്ചിട്ടില്ല. മാധ്യമങ്ങളില്‍ പല വാര്‍ത്തകളും വരുന്നുണ്ട്. അതൊന്നും ശരിയല്ല. എക്കാലത്തും വിട്ടുവീഴ്ച ചെയ്തതാണ് ലീഗിന്റെ പാരമ്പര്യം. അതിന് ഒട്ടേറെ തെളിവുകളുണ്ട്. മതസൗഹാര്‍ദ്ദത്തിനും ഐക്യത്തിനുമാണ് മുസ്ലിം ലീഗ് എന്നും മുന്‍ഗണന നല്‍കിയിട്ടുള്ളത്. യുഡിഎഫില്‍ കാര്യങ്ങള്‍ നല്ല നിലയിലാണ് മുന്നോട്ട് പോകുന്നത്. ഹൈക്കമാന്റ് പ്രതിനിധികള്‍ നടത്തി വന്ന ചര്‍ച്ച ആരോഗ്യകരമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഏറനാട് മണ്ഡലത്തില്‍ നിന്ന് പികെ ബഷീറിനെ മാറ്റും; പ്രമുഖന് രംഗത്ത്, അധികാരം കിട്ടിയാല്‍ മന്ത്രിയും
ഹൈദരലി തങ്ങളും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങളും തമ്മിലുള്ള ചര്‍ച്ചകളാണ് ഇന്ന് രാവിലെ നടന്നത്. ഇത്തരം ചര്‍ച്ചകള്‍ പതിവുള്ളതാണ്. മാധ്യമങ്ങളില്‍ വരുന്നതിന് അനുസരിച്ച് മറുപടി പറയാന്‍ സാധിക്കില്ല. യുഡിഎഫ് യോഗം 11ന് നടക്കും. അതിന് മുമ്പ് ഞങ്ങള്‍ എട്ടാം തിയ്യതി ചര്‍ച്ച ചെയ്യും. രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, പിജെ ജോസഫ്, മറ്റു നേതാക്കള്‍ തുടങ്ങി എല്ലാവരും ഒരുമിച്ച് എടുക്കുന്ന തീരുമാനമാണ് മുസ്ലിം ലീഗ് സ്വീകരിക്കുക. മുസ്ലിം ലീഗ് പോലുള്ള കക്ഷി മറ്റു സംസ്ഥാനങ്ങളിലും വേണമായിരുന്നു എന്നാണ് മറ്റുള്ളവര്‍ ആഗ്രഹം പറയുന്നത്. തീവ്രത മുതലെടുക്കാന്‍ നോക്കുന്ന ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. മറുഭാഗത്ത് അവസരം കാത്തുനില്‍ക്കുന്ന ചില ശക്തികളുമുണ്ട്. അതൊന്നും നിലനില്‍ക്കില്ല.
ഇടതുപക്ഷം ആദ്യം ന്യൂനപക്ഷത്തെ കൂടെ നിര്‍ത്തി. പിന്നീട് മറിച്ചുള്ള ശ്രമം നടത്തുന്നു. മുസ്ലിം ലീഗ് എല്ലാ ജില്ലകളിലും യോഗങ്ങള്‍ നടത്തി വരികയാണ്. ഞങ്ങള്‍ തിരഞ്ഞെടുപ്പിന് ഒരുങ്ങിക്കഴിഞ്ഞു. മൂന്ന് തവണ മല്‍സരിച്ചവരെ ഇനി മല്‍സരിപ്പിക്കില്ല എന്ന വാര്‍ത്തകള്‍ ശരിയല്ല. അവസാന തീരുമാനം ഹൈദരലി തങ്ങള്‍ എടുക്കും. ലീഗ് പ്രധാന പദവികള്‍ ചോദിക്കും, കൂടുതല്‍ സീറ്റ് ചോദിക്കും എന്ന വാര്‍ത്തകളും ശരിയല്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.