'ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നിൽ സിപിഎം-കോണ്‍ഗ്രസ് കുറുവ സംഘം'; ആഞ്ഞടിച്ച് രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രിയുടെ അറസ്‌റ്റിന് പിന്നാലെ ഇടത്-വലത് മുന്നണികളെ കുറ്റപ്പെടുത്തി ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സ്വര്‍ണക്കൊള്ളയ്ക്ക് പിന്നിൽ സിപിഎം-കോണ്‍ഗ്രസ് കുറുവ സംഘമാണെന്ന് അദ്ദേഹം ആരോപിച്ചു. തന്ത്രിയുടെ അറസ്‌റ്റിൽ ബിജെപി അധ്യക്ഷൻ സംശയം ഉയർത്തുകയും ചെയ്‌തു. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ അറസ്‌റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്നാണ് അദ്ദേഹം ചോദിക്കുന്നത്.
തന്ത്രി കണ്ഠര് രാജീവരുടെ അറസ്‌റ്റ് കേസിൽ നിന്ന് ശ്രദ്ധതിരിക്കാൻ വേണ്ടിയാണോയെന്ന് സംശയമുണ്ട്. എന്തുകൊണ്ട് മന്ത്രിയെ അറസ്‌റ്റ് ചെയ്യുന്നില്ലെന്നതാണ് പ്രധാന ചോദ്യം. തന്ത്രിയെ അറസ്‌റ്റ് ചെയ്യുമ്പോള്‍ എന്തുകൊണ്ട് മന്ത്രിയെ അറസ്‌റ്റ് ചെയ്യുന്നില്ല? ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നിൽ വലിയ രാഷ്ട്രീയക്കാർ ഉൾപ്പെട്ടിട്ടുണ്ട്. അതിന് പിന്നിൽ പ്രവർത്തിച്ചത് സിപിഎം-കോണ്‍ഗ്രസ് കുറുവ സംഘമാണ്; ബിജെപി അധ്യക്ഷൻ മാധ്യമങ്ങളോട് പറഞ്ഞു.

സിപിഎം മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെയും നിലവിലെ മന്ത്രി വിഎന്‍.വാസവനെയും അതിന് മുന്‍പുള്ള കോണ്‍ഗ്രസ് മന്ത്രിയെയും സംരക്ഷിക്കാനാണോ തന്ത്രിയുടെ അറസ്‌റ്റ് എന്നാണ് രാജീവ് ചന്ദ്രശേഖർ ചോദിച്ചു. ശബരിമലയിലെ സ്വര്‍ണം സംരക്ഷിക്കേണ്ടതിന്റെയും പരിശോധിക്കേണ്ടതിന്റെയും ഉത്തരവാദിത്തം ദേവസ്വം ബോര്‍ഡിനും മന്ത്രിക്കുമാണെന്നാണ് ബിജെപി അധ്യക്ഷൻ ഇതിന്റെ കാരണമായി പറയുന്നത്.
തന്ത്രിയെ അറസ്‌റ്റ് ചെയ്യുമ്പോള്‍, എന്തുകൊണ്ടു മന്ത്രിയെ ചോദ്യം ചെയ്‌തിട്ടും അറസ്‌റ്റ് ചെയ്യുന്നില്ല എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. രാഷ്ട്രീയ നേതാക്കളെ സംരക്ഷിക്കാനുള്ള ശ്രമമാണ് സിപിഎമ്മും കോണ്‍ഗ്രസും ചേർന്ന് നടത്തുന്നത്. വീഴ്‌ചയാണെന്ന് മുഖ്യമന്ത്രി സമ്മതിച്ചിട്ടും രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ നടപടിയെടുത്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനുവരി 14ന് മകരവിളക്ക് ദിവസം വീട്ടിലും നാട്ടിലും അയ്യപ്പ ജ്യോതി നടത്തുമെന്നാണ് ബിജെപി അധ്യക്ഷൻ അറിയിച്ചത്. എൻഡിഎയുടെ നേതൃത്വത്തിൽ പ്രതിഷേധത്തിന്റെ തുടക്കമായിരിക്കും അത്. ശബരിമല സ്വര്‍ണക്കൊള്ളയിൽ എൽഡിഎഫിനും യുഡിഎഫിനുമെതിരായ സമരമായാണ് അയ്യപ്പ ജ്യോതി തെളിയിക്കുന്നതെന്നും മകരവിളക്ക് ദിനത്തിൽ വീടുകളിലും നാട്ടിലും ജ്യോതി തെളിയിച്ചായിരിക്കും പ്രതിഷേധമെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പ്രത്യേക അന്വേഷണ സംഘത്തിനെതിരെ രംഗത്ത് വന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടികൾ തീർത്തും ദുരൂഹമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ശബരിമയിൽ നടന്ന കൊള്ളയുടെ ഉത്തരവാദിത്തം മുഴുവൻ ദേവസ്വം ബോർഡിന് ആണെന്നാണ് സുരേന്ദ്രൻ പറയുന്നത്.
ഉണ്ണികൃഷ്‌ണൻ പോറ്റി കടകംപള്ളി സുരേന്ദ്രന്റെയും പിഎസ് പ്രശാന്തിന്റെയും പേര് പറഞ്ഞിരുന്നു. തന്ത്രിക്ക് ഭണ്ഡാരം സൂക്ഷിക്കാൻ അധികാരമില്ല. കൊള്ള നടന്നതിന്റെ ഉത്തരവാദി ദേവസ്വം ബോര്‍ഡാണ്. ആചാരം ലംഘിച്ചതിന് ആദ്യം അറസ്‌റ്റ് ചെയ്യേണ്ടത് മുഖ്യമന്ത്രിയെയാണ്. റിമാന്‍ഡ് റിപ്പോര്‍ട്ടിൽ സാമ്പത്തിക നേട്ടം ഉണ്ടാക്കിയതായി പറയുന്നില്ല; കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
ഉണ്ണികൃഷ്‌ണൻ പോറ്റിയുടെയും പിന്നാലെ പത്മകുമാർ ഉൾപ്പെടെയുള്ളവരുടെയും അറസ്‌റ്റ് ഉണ്ടായപ്പോൾ മുതൽ വിഷയത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനാണ് പ്രതിപക്ഷം ശ്രമിച്ചിരുന്നത്. എന്നാൽ ഇപ്പോൾ തന്ത്രിയുടെ അറസ്‌റ്റിന് പിന്നാലെ യുഡിഎഫിനെ കൂടി ലക്ഷ്യമിട്ടാണ് ബിജെപി നീക്കം. തന്ത്രിയുടെ അറസ്‌റ്റ് മറ്റെന്തോ വലിയ കാര്യങ്ങൾ മറയ്ക്കാനാണ് എന്ന നിലപാടാണ് ബിജെപിയുടേത്.












Click it and Unblock the Notifications