ശുപാർശക്കത്തുകൾ 'ഓൺലൈനിലാ'ക്കാൻ സിപിഎം ; ആശയം പ്രചരിപ്പിക്കാൻ ക്ലബ് ഹൗസും!
തിരുവനന്തപുരം: സിപിഎം നേതാക്കളുടെയും കമ്മിറ്റികളുടെയും ശുപാർശക്കത്തുകൾ അനാവശ്യമായി ദുരുപയോഗം ചെയ്യുന്നതായി പാർട്ടി കണ്ടെത്തൽ. കത്തിൻ്റെ പകർപ്പെടുത്ത് സ്ഥാപിത താൽപര്യക്കാർ ദുരുപയോഗം ചെയ്യുന്ന സംഭവങ്ങൾ പലഘട്ടത്തിലും ഉണ്ടായിട്ടുള്ളതായി സിപിഎം വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ശുപാർശക്കത്തുകൾക്ക് പരമാവധി നിയന്ത്രണമേർപ്പെടുത്തി കത്തുകൾ ഡിജിറ്റലാക്കാൻ സിപിഎം നിർദ്ദേശിച്ചിട്ടുണ്ട്. സിപിഎം സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
ശുപാർശക്കത്തുകൾ അനാവശ്യമായി ദുരുപയോഗം ചെയ്യുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നാണ് സിപിഎം കണ്ടെത്തൽ. ഇനി മുതൽ നേതാക്കൾ മന്ത്രിമാർക്ക് അടക്കം വ്യക്തിപരമായി കത്ത് നൽകുന്ന പതിവ് ശൈലി ഒഴിവാക്കണമെന്നും സിപിഎം നിർദ്ദേശിക്കുന്നു. കത്തുകൾ പരമാവധി ഡിജിറ്റലായി അയക്കാൻ ശ്രമിക്കണം. ഇ-മെയിൽ സംവിധാനം ഇതിനായി ഉപയോഗിക്കാം.

വ്യക്തികളുടെ കൈവശം കൊടുത്തു വിടുന്ന ശുപാർശക്കത്തുകൾ ദുരുപയോഗം ചെയ്യുന്നത് വ്യാപകമായ സാഹചര്യത്തിലാണ് പാർട്ടി പുതിയ രീതി ആവിഷ്കരിക്കുന്നത്. കത്തിൻ്റെ ഫോട്ടോസ്റ്റാറ്റെടുത്ത് പലപ്പോഴും സ്ഥാപിത താൽപര്യക്കാർ അവരുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കാറുണ്ടെന്നും സിപിഎം സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ റിപ്പോർട്ടിൽ പരാമർശമുണ്ട്.
വ്യക്തിപരമായ ശുപാർശകളും ഇടപെടലുകളും നേതാക്കളുടെ ഭാഗത്തു നിന്ന് ഉണ്ടാകരുത്. എന്തെങ്കിലും നിർദ്ദേശമുണ്ടെങ്കിൽ അത് പാർട്ടി ഘടകത്തിൻ്റെ ശ്രദ്ധയിൽ പെടുത്തുകയാണ് വേണ്ടതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

പൊതുവായ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്താനല്ലാതെ വ്യക്തിപരമായ പ്രശ്നങ്ങളിൽ ജില്ലാ കമ്മിറ്റികൾക്ക് താഴെയുള്ള ഒരു ഘടകവും മന്ത്രി ഓഫീസുകളിലേക്ക് കത്ത് അയക്കാൻ പാടില്ല.
ജില്ലാ കമ്മിറ്റികൾക്ക് സർക്കാരിനോട് നയപരമായ കാര്യങ്ങളിൽ ആശയവിനിമയം നടത്താനുണ്ടെങ്കിൽ, അത് ഇ-മെയിൽ മുഖേന നടപ്പിലാക്കണം. പാർട്ടി ജില്ലാ സംസ്ഥാന കമ്മിറ്റികൾ നൽകുന്ന കത്തുകൾ ശക്തിയുക്തം പരിശോധിക്കാൻ മന്ത്രിമാരുടെ ഓഫീസിലുള്ളവർ ശ്രദ്ധിക്കണമെന്നും സംസ്ഥാന കമ്മിറ്റി ആവശ്യപ്പെടുന്നു.

നയപരമായ കാര്യങ്ങളിൽ സർക്കാരിന് നിർദ്ദേശങ്ങൾ നൽകാനുള്ള ഉത്തരവാദിത്വം സംസ്ഥാന കമ്മിറ്റിയിലാണ് നിക്ഷിപ്തമായിരിക്കുന്നത്. അത് പാർട്ടി ഘടകങ്ങളെ വീണ്ടും കത്തിലൂടെ സിപിഎം ആവർത്തിച്ച് ഓർമ്മിപ്പിക്കുന്നുണ്ട്.
അഴിമതിക്കാരെയും സ്ഥാപിത താല്പര്യക്കാരെയും ഒരു തരത്തിലുള്ള പ്രോത്സാഹനവും നൽകി മുന്നോട്ടു കൊണ്ടുവരാൻ പാടില്ല. എല്ലാ ജനങ്ങൾക്കും നീതി ഉറപ്പുവരുത്തുന്ന രീതിയിലാണ് സർക്കാർ പ്രവർത്തിക്കേണ്ടതെന്നും കത്തിൽ പറയുന്നു.

സമസ്ത മേഖലയിലെ മുഴുവൻ ജനങ്ങളുടെയും ക്ഷേമത്തിനും നീതിക്കുമനുസൃതമായ തരത്തിലാകണം സർക്കാർ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകേണ്ടത്. പാർട്ടി സഖാക്കൾക്ക് മാത്രം പ്രത്യേക താല്പര്യം നൽകിയുള്ള പ്രവർത്തനങ്ങൾ പാടില്ല. അത്തരത്തിലുള്ള സംവിധാനത്തിലേക്ക് സർക്കാരിൻ്റെ പ്രവർത്തനം മാറുന്നുവെന്ന് കണ്ടാൽ ജനങ്ങൾ പാർട്ടിയെയും സർക്കാരിനെയും ഒരുപോലെ ഒറ്റപ്പെടുത്തുമെന്നും സിപിഎം പറയുന്നു.

അതുകൊണ്ട് പൊതുകാര്യങ്ങളിൽ ഇടപെടുമ്പോൾ പ്രത്യേകം പാർട്ടി സഖാക്കൾ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും സിപിഎം നിർദേശമുണ്ട്. സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റം സംബന്ധിച്ചുള്ള ശുപാർശ കത്തുകൾ പരിഗണിക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, സമൂഹ മാധ്യമങ്ങൾ വഴി പാർട്ടിയുടെ നിലപാടും ആശയം പ്രചരിപ്പിക്കാൻ സഖാക്കൾ മുന്നോട്ടുവരണമെന്നും സിപിഎം ആവശ്യപ്പെടുന്നു. 'ക്ലബ് ഹൗസിൽ' നടക്കുന്ന ചർച്ചകളിൽ പാർട്ടിയുടെ നിലപാട് വിശദീകരിക്കുന്ന തരത്തിലേക്ക് സഖാക്കളുടെ പ്രവർത്തനം മാറണമെന്നും സിപിഎം ചൂണ്ടിക്കാട്ടുന്നു.

പാർട്ടിക്കും സർക്കാരിനുമെതിരെ ഉയരുന്ന സംഭവങ്ങൾ നവമാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ സഖാക്കൾ വൈകാരികമായി പ്രതികരിക്കുന്നത് ഒഴിവാക്കണം. വൈകാരിക ഇടപെടൽ പലപ്പോഴും പാർട്ടിക്ക് ദോഷം ചെയ്യുന്ന സ്ഥിതിയാണുള്ളത്. പാർട്ടി നയങ്ങൾക്കെതിരെ സംസാരിക്കുന്നത് അച്ചടക്ക ലംഘനമായി തന്നെ കണക്കാക്കുകയും അവരുൾപ്പെടുന്ന ഘടകം ഇടപെടുകയും വേണമെന്നും നിർദേശമുണ്ട്.

എന്നാൽ, തെരഞ്ഞെടുപ്പ് പ്രചരണ ഘട്ടത്തിൽ സമൂഹമാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കാൻ സിപിഎമ്മിന് കഴിഞ്ഞെന്നാണ് സംസ്ഥാന കമ്മിറ്റി വിലയിരുത്തുന്നത്. 162 ട്രോളുകളും 282 ചെറു വീഡിയോകളും 88 പോസ്റ്ററുകളും തിരഞ്ഞെടുപ്പ് ഘട്ടത്തിൽ മാത്രം സിപിഎം തയ്യാറാക്കി പ്രചരിപ്പിച്ചു. തുടർഭരണം ലഭിച്ച ഘട്ടത്തിൽ, ഇതിൽ വിജയം കൈവരിക്കാനായെന്നും പാർട്ടി വിലയിരുത്തുന്നു.

കുടുംബ ഗ്രൂപ്പുകളിലേക്ക് വർഗീയശക്തികൾ നുഴഞ്ഞുകയറുന്നതായിട്ടുള്ള മുന്നറിയിപ്പും ഇതിലൂടെ സിപിഎം നൽകുന്നുണ്ട്. ധ്രൂവീകരണം സൃഷ്ടിക്കുന്നതിനാണ് ഇത്തരക്കാർ ശ്രമിക്കുന്നത്. ഇത്തരം കാര്യങ്ങൾ പരിശോധിക്കുകയും തിരുത്തുകയും ചെയ്യുന്നതിനുള്ള ബന്ധം പാർട്ടി അംഗങ്ങൾക്ക് ജനങ്ങളുമായി ഉണ്ടാകണം. അനാവശ്യമായ ഗ്രൂപ്പുകൾ ഉണ്ടാക്കുകയും അതിൽ അംഗങ്ങളായി ചേരുകയും ചെയ്യുന്ന രീതി പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്നും സിപിഎം നിർദ്ദേശിക്കുന്നു.
അമ്മക്ക് സ്നേഹ ചുംബനം നൽകി ബിഗ് ബോസ് താരം ഡിംപൽ ബാൽ... ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications