'രാജി വയ്ക്കണോ വേണ്ടയോ എന്നത് മുകേഷ് തീരുമാനിക്കണം, ഡബ്ല്യുസിസിയിലെ കുട്ടികൾ മിടുക്കികൾ'; എംഎ ബേബി
തിരുവനന്തപുരം: നടിയുടെ ലൈംഗിക പീഡന ആരോപണത്തിൽ കേസെടുത്തതിന് പിന്നാലെ എം മുകേഷിന്റെ എംഎൽഎ സ്ഥാനം രാജി വയ്ക്കണം എന്ന പ്രതിപക്ഷ ആവശ്യത്തിൽ പ്രതികരിച്ച് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ എംഎ ബേബി. എംഎൽഎ സ്ഥാനം രാജി വയ്ക്കണോ വേണ്ടയോ എന്നത് മുകേഷ് തീരുമാനിക്കണമെന്ന് എംഎ ബേബി വൺഇന്ത്യ മലയാളത്തോട് പറഞ്ഞു. വിഷയത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രതിപക്ഷ നടപടിയെ എംഎ ബേബി വിമർശിച്ചു.
സർക്കാരിന്റെ പ്രവർത്തനങ്ങളെ ഇകഴ്ത്തി കാട്ടാനുള്ള ശ്രമമാണ് പ്രതിപക്ഷത്തിന്റേത് എന്നായിരുന്നു എംഎ ബേബിയുടെ വിമർശനം. ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും അതിൽ ശക്തമായ അന്വേഷണം നടത്തി സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും സിപിഎം നേതാവ് അറിയിച്ചു. സിനിമയിലെ വനിതകളുടെ കൂട്ടായ്‌മയായ ഡബ്ല്യുസിസിയിലെ അംഗങ്ങളെ മിടുക്കികൾ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

'രാജി വയ്ക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് മുകേഷ് തന്നെയാണ്. അദ്ദേഹം പാർട്ടി മെമ്പർ അല്ലാത്തതിനാൽ ഇക്കാര്യത്തിൽ സിപിഎമ്മിന് ഒറ്റയ്ക്ക് തീരുമാനം എടുക്കാൻ കഴിയില്ല. മുകേഷ് നിലവിൽ സംസ്ഥാന സർക്കാരിൽ എന്തെങ്കിലും ഔദ്യോഗിക പദവി വഹിക്കുകയോ മന്ത്രിയോ അല്ല, അതിനാൽ അന്വേഷണത്തെ സ്വാധീനിക്കാൻ കഴിയില്ല. അദ്ദേഹത്തിനെതിരെ കേസ് എടുത്തിട്ടുണ്ടല്ലോ? അതിൽ കൃത്യമായ അന്വേഷണം നടക്കട്ടെ. ശേഷം തീരുമാനിക്കാം' എംഎ ബേബി പറഞ്ഞു.
'പരാതി വളരെ ഗൗരവമുള്ളതാണ്, അതുകൊണ്ടാണ് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സർക്കാർ അദ്ദേഹത്തിനെതിരെ കേസ് എടുത്തത്. എന്നാൽ മുകേഷിന്റെ രാജിയുടെ പേരിൽ സർക്കാർ നടത്തിയ എല്ലാ നല്ല പ്രവർത്തനങ്ങളെയും ഇകഴ്ത്തി കാണിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. ഇത്തരം ആരോപണങ്ങൾ നേരിടുന്ന രണ്ട് എംഎൽഎമാർ ഇപ്പോഴും കോൺഗ്രസിലുണ്ട്. അവർക്കെതിരെ നടപടിയെടുത്തോ?' എംഎ ബേബി ചോദിച്ചു.
'ഇന്ത്യയിൽ മറ്റൊരിടത്തും ഇങ്ങനെ നടപടി എടുത്ത സംസ്ഥാന സർക്കാർ വേറെയില്ല. കേരളത്തിലെ ഏറ്റവും പ്രസിദ്ധനായ ഒരു നടനെ, സ്ത്രീകളെ അപമാനിക്കുന്നതിനായി ഗൂഢാലോചന നടത്തി എന്ന് തെളിഞ്ഞപ്പോൾ ഈ സർക്കാരല്ലേ അറസ്‌റ്റ് ചെയ്‌ത് കുറേക്കാലം ജയിലിൽ ഇട്ടത്. അത് മാത്രമല്ല ഈ രംഗത്ത് പല കുഴപ്പങ്ങളും ഉണ്ടെന്ന് മനസിലാക്കി വുമൺസ് കലക്‌ടീവ് അഥവാ ഡബ്ല്യുസിസിയിലെ മിടുക്കികളായ പെൺകുട്ടികൾ ഒരു അപേക്ഷ സമർപ്പിച്ചപ്പോൾ സർക്കാർ ഹേമ കമ്മിറ്റിയെ നിയോഗിച്ചു' അദ്ദേഹം പറഞ്ഞു.
'ഇപ്പോൾ ഏഴ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചു. അതിൽ നാല് വനിതാ ഐപിഎസ് അംഗങ്ങളും ഉൾപ്പെടുന്നു. ചലച്ചിത്ര അക്കാദമി ചെയർമാനെ കുറിച്ച് ആരോപണം വന്നപ്പോൾ അദ്ദേഹം രാജിവച്ചു. വളരെ ശക്തമായ നടപടികൾ ഈ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുകയാണ്' എംഎ ബേബി ചൂണ്ടിക്കാട്ടി.
'പരാതി ഉന്നയിച്ച നടിമാരെയെല്ലാം പ്രത്യേക അന്വേഷണ സംഘം വിളിച്ചു. എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്. ചർച്ച മുഴുവൻ മുകേഷ് രാജി വയ്ക്കണോ വേണ്ടയോ എന്നതിൽ കേന്ദ്രീകരിക്കുന്നത് ഈ സർക്കാർ കൈക്കൊണ്ട ശക്തമായ നടപടികളെ കുറച്ചു കാണിക്കാനാണ്. ജനങ്ങളുടെ ശ്രദ്ധയിൽ അവ വരാതിരിക്കാനാണ് അതിലൂടെ ലഷ്യമിടുന്നത്' എംഎം ബേബി കൂട്ടിച്ചേർത്തു.
അതേസമയം, നടി നൽകിയ പീഡന പരാതിയുടെ അടിസ്ഥാനത്തിൽ മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. സിനിമയിൽ അവസര വാഗ്‌ദാനം ചെയ്‌തും അമ്മയിൽ അംഗത്വം നൽകാമെന്നും പറഞ്ഞും പീഡിപ്പിച്ചു എന്നാണ് പരാതി. ഇതിന് പിന്നാലെ മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കണം എന്ന ആവശ്യം ശക്തമായി ഉയർത്തുകയാണ് പ്രതിപക്ഷം.












Click it and Unblock the Notifications