'തടവറ കമ്മ്യൂണിസ്‌റ്റുകാർക്ക് പറഞ്ഞുവച്ചത്, പേടിപ്പിക്കാൻ നോക്കണ്ട'; പെരിയ കേസിലെ പ്രതികളെ കണ്ട് പി ജയരാജൻ
കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ സന്ദർശിച്ച് സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജൻ. കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ച അഞ്ച് പ്രതികളെയാണ് ജയരാജൻ നേരിട്ട് കണ്ടത്. പ്രതികളെ സന്ദര്‍ശിച്ചുവെന്നും 'കേരളം-മുസ്ലീം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം' എന്ന തന്റെ പുസ്‌തകം അവർക്ക് കൈമാറിയെന്നും ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ജയരാജന്റെ സാന്നിധ്യത്തിൽ പ്രവർത്തകർ മുദ്രാവാക്യം വിളികളോടെയാണ് ഉദുമ മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള പ്രതികളെ അഭിവാദ്യം ചെയ്‌തത്. ജയിൽ ഉപദേശക സമിതി അംഗം എന്ന നിലയിലാണ് ഇവിടെ എത്തിയതെന്നായിരുന്നു ജയരാജൻ പറഞ്ഞത്. കെവി കുഞ്ഞിരാമൻ, മണികണ്ഠൻ എന്നിവർ ഉൾപ്പെടെ 5 സഖാക്കളെ ജയിലിനുള്ളിൽ കണ്ടതായാണ് ജയരാജൻ അറിയിച്ചത്.

തടവറകള്‍ കമ്മ്യൂണിസ്‌റ്റുകാര്‍ക്ക് പറഞ്ഞുവെച്ചതാണ്, തടവറ കാട്ടി പേടിപ്പിക്കാമെന്ന് ആരും കരുതേണ്ട. അത്തരം ശ്രമം വിജയിക്കില്ലെന്നും പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയ കൊലപാതങ്ങള്‍ എല്ലാം അവസാനിപ്പിക്കാനാണ് സിപിഎമ്മും ആഗ്രഹിക്കുന്നത്. എങ്കിലും ആഗ്രഹത്തിനുപരിയായി ഒട്ടേറെ അക്രമ സംഭവങ്ങള്‍ സമൂഹത്തില്‍ നടക്കുന്നുവെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.
ടിപി കേസ് പ്രതി കൊടി സുനിയുടെ പരോൾ വിഷയവും ജയരാജൻ ചൂണ്ടിക്കാട്ടി. 'വലതുപക്ഷ മാധ്യമങ്ങൾക്ക് ഇടതുപക്ഷ വിരുദ്ധ ജ്വരമാണ്. മനുഷ്യാവകാശ കമ്മിഷന്റെ ശുപാർശ പ്രകാരം കൊടി സുനിക്ക് പരോൾ കിട്ടിയപ്പോൾ മാധ്യമങ്ങൾ വിമർശിച്ചു' എന്നായിരുന്നു ജയരാജന്റെ ആക്ഷേപം. പെരിയ കേസിന്റെ മെറിറ്റിലേക്ക് കടക്കാൻ താനില്ലെന്നും ജയരാജൻ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ചു.
മാധ്യമങ്ങളുടെ കോപ്പിരാട്ടികൊണ്ടൊന്നും കമ്യൂണിസ്‌റ്റുകാര്‍ പേടിക്കാൻ പോവുന്നില്ല. സിപിഎമ്മുകാര്‍ കൊല്ലപ്പെടേണ്ടവരാണെന്നാണോ ധാരണ? പല കോടതി വിധികളും മേൽക്കോടതികളെ സമീപിച്ച് നിരപരാധികളാണെന്ന് പിന്നീട് തെളിഞ്ഞ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതുപോലെ ഈ കേസിലും പോരാടുമെന്ന് പ്രതികള്‍ അറിയിച്ചിട്ടുണ്ട്; ജയരാജൻ ചൂണ്ടിക്കാട്ടി.
അതേസമയം, വിയ്യൂർ ജയിലിൽ നിന്ന് ആദ്യം കേസിൽ 9 പ്രതികളെയാണ് കണ്ണൂരിലേക്ക് എത്തിച്ചത്. പിന്നീട് ഒരു മണിക്കൂറിന് ശേഷം ബാക്കിയുള്ള അഞ്ച് പേരെയും കണ്ണൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുവന്നു. ഇവർ കാക്കനാട് ജയിലിൽ ആയിരുന്നു കഴിഞ്ഞിരുന്നത്. പ്രതിഭാഗത്തിന്റെ അപേക്ഷ കണക്കിലെടുത്താണ് വിയ്യൂരിൽ നിന്നും, കാക്കനാട് നിന്നും പ്രതികളെ കണ്ണൂരിലേക്ക് മാറ്റിയത്.
കാസർഗോഡ് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവരുടെ കൊലപാതക കേസില്‍ പത്ത് പ്രതികളെ ഇരട്ടജീവപര്യന്തത്തിന് ശിക്ഷിച്ചിരുന്നു. സിപിഎം നേതാവും മുന്‍ ഉദുമ എംഎല്‍എയുമായ കെവി കുഞ്ഞിരാമന്‍ അടക്കമുള്ള നാല് പ്രതികളെ അഞ്ചുവര്‍ഷത്തെ തടവിനും എറണാകുളം സിബിഐ പ്രത്യേക കോടതി കഴിഞ്ഞദിവസം ശിക്ഷിച്ചിരുന്നു.












Click it and Unblock the Notifications