മദ്യനയം പാര്‍ട്ടി അണികളെ അടിമകളാക്കി നിര്‍ത്താന്‍: മഹിളാ കോണ്‍ഗ്രസ്
കോഴിക്കോട്: പാര്‍ട്ടിയെ എതിര്‍ക്കുന്നവരെ കശാപ്പു ചെയ്യാന്‍ ലഹരിക്ക് അടിമയായ പാര്‍ട്ടി പ്രവര്‍ത്തകരെ നാടിനു സംഭാവന ചെയ്യാനാണ് പിണറായി സര്‍ക്കാരിന്റെ വികലമായ മദ്യനയമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാസുഭാഷ് പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയത്തിനെതിരെ 'ബാറുകള്‍ തുറക്കുന്നു, സ്‌കൂളുകള്‍ അടയ്ക്കുന്നു' എന്ന മുദ്രാവാക്യമുയര്‍ത്തി മഹിളാ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍.
വിവാഹ വേദികളിൽ നിന്നും സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത സംഭവം; കേസ്സന്വേഷണം വനിതാ സിഐയ്ക്ക്
മദ്യലോബികളുടെ കൂട്ടുപിടിച്ചാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ഭരണത്തിലേറിയത്. സ്ത്രീകളുടെ കണ്ണീരിനു വില പറഞ്ഞായിരുന്നു ഒരോ തവണയും എല്‍ ഡി എഫ് ഭരണത്തിലേറിയത്. പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മയുടെയും സഹോദരിയുടെയും കണ്ണീരിനു വില പറഞ്ഞാണ് ഇത്തവണയും അധികാരത്തിലേറിയത്. എന്നാല്‍ അധികാരം ലഭിച്ചതോടെ ദളിത് ആദിവാസി സമൂഹം ഉള്‍പ്പെടെയുള്ള പാവപ്പെട്ട സ്ത്രീകളെ കണ്ണീരിലാഴ്ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.

മദ്യമുക്ത കേരളമെന്ന ലക്ഷ്യവുമായി യു ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയ സുബോധം പദ്ധതിയെ ഇല്ലായ്മ ചെയ്തിരിക്കുന്നു. ബോധമില്ലാത്ത സര്‍ക്കാര്‍ സുബോധം പോലുള്ള മദ്യമുക്ത പദ്ദതികള്‍ എങ്ങനെ മുന്നോട്ടു കൊണ്ടു പോകുമെന്നും അവര്‍ ചോദിച്ചു. ടൂറിസത്തിനും ഖജനാവില്‍ പണം നിറക്കാനുമെന്ന പേരില്‍ അടച്ച ബാറുകള്‍ തുറക്കാന്‍ ശ്രമിച്ചാല്‍ പ്രതിഷേധങ്ങളാവും മറുപടി. മദ്യനയത്തെ എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ നടപടി കൈയും കെട്ടി നോക്കിനില്‍ക്കില്ല. പ്രഖ്യാപിച്ച മദ്യനയം നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അഭ്യാസങ്ങള്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ്. എന്നാല്‍ താല്‍ക്കാലികമായ ഈ പിന്‍മാറ്റത്തെ കേരളസമൂഹം തിരിച്ചറിഞ്ഞ് ഉപതിരഞ്ഞെടുപ്പിലൂടെ തിരിച്ചടിക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
വികലമായ മദ്യനയം പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ വീട്ടമ്മമാര്‍ തെരുവില്‍ ഇറങ്ങി പ്രക്ഷോഭമാരംഭിക്കുമെന്ന് മഹിളാ കോഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും എ ഐ സി സി അംഗവുമായ ഫാത്തിമ റോഷ്‌ന പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഉഷാദേവി ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. മദ്യനിരോധന സമിതി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ഒ ജെ ചിന്നമ്മ മുഖ്യപ്രഭാഷണം നടത്തി. മഹിളാ കോഗ്രസ് സൗത്ത് നിയോജക മണ്ഡലം പ്രസിഡന്റ് ബേബി പയ്യാനക്കല്‍ സ്വാഗതവും നോര്‍ത്ത് നിയോജകമണ്ഡലം പ്രസിഡന്റ് സി ടി ലതിക നന്ദിയും പറഞ്ഞു.












Click it and Unblock the Notifications