വിവാഹ വേദികളിൽ നിന്നും സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത സംഭവം; കേസ്സന്വേഷണം വനിതാ സിഐയ്ക്ക്
വടകര:വിവാഹ വീഡിയോകളിൽ നിന്നും സ്ത്രീകളുടെയും,പെൺ കുട്ടികളുടേയും ഫോട്ടോകൾ അടർത്തി മാറ്റി അശ്ലീല ഫോട്ടോകളിൽ മോർഫ് ചെയ്ത സംഭവത്തിൽ അന്വേഷണം വനിതാ സെൽ സിഐ സി ഭാനുമതിക്ക്.കേസന്വേഷണത്തിന്റെ ഭാഗമായി വടകര പുതിയ ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന സദയം ഷൂട്ട് ആൻഡ് എഡിറ്റ് എന്ന സ്ഥാപനത്തിൽ പോലീസ് റെയ്ഡ് നടത്തി ഹാർഡ് ഡിസ്കുകൾ പിടിച്ചെടുത്തു.
ഈ സമയം സ്റ്റുഡിയോ ഉടമയായ മലോൽമുക്ക് സ്വദേശി ദിനേശനും,സംഭവത്തിൽ പ്രതിയായ ജീവനക്കാരൻ ബിബീഷും മുങ്ങിയിരുന്നു.പിന്നീട് ഇരുവരേയും കണ്ടെത്താൻ മലോൽമുക്ക്,പുറമേരി വെള്ളൂർ,എടച്ചേരി എന്നിവിടങ്ങളിൽ ഇവർ താമസിക്കാൻ സാധ്യതയുള്ള വീടുകളിലും പോലീസ് പരിശോധന നടത്തി.

ഇരുവരേയും കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായം തേടിയതായി പോലീസ് പറഞ്ഞു.കൈവേലിക്കാരനായ പ്രതി കുടുംബ സമേതം വൈക്കിലശ്ശേരിയിലാണ് താമസം.ഈ പ്രദേശങ്ങളിലെ കല്ല്യാണ ഫോട്ടോകളും,വീഡിയോകളും റെക്കോർഡ് ചെയ്യാൻ ഓർഡർ സ്വീകരിക്കുന്നത് ബിബിഷാണ്.അശ്ലീല വിവരം പുറത്തായതോടെ ഈ പ്രദേശങ്ങളിലെ ഭർതൃമതികളായ സ്ത്രീകളും,പെൺ കുട്ടികളുടെ രക്ഷിതാക്കളും, ഭീതിയിലും ആശങ്കയിലുമാണ്.എഡിറ്റിങ്ങ് സ്ഥാപനം കേന്ദ്രീകരിച്ച് നടന്ന മോർഫിംഗ് സംഭവത്തിൽ അന്വേഷണം ഊർജ്ജിതപ്പെടുത്തി കുറ്റക്കാരെ അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് എ.ഐ.വൈ.എഫ് വടകര മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
ഒരു പ്രദേശത്തെ മുഴുവൻ നാണം കെടുത്തിയ നെറികെട്ട ഈ ക്രിമിനൽ കുറ്റത്തിന് കേസ്സന്വേഷണം ഊർജ്ജിതപ്പെടുത്തിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.മണ്ഡലം പ്രസിഡണ്ട് മനോജ് താപു അധ്യക്ഷത വഹിച്ചു.കെ.കെ.രജീഷ്,എം.വി.ബിജേഷ്,കെ.കെ.ദിനേശ് കുമാർ,എൻ.കെ.മഹേന്ദ്രൻ,പി.റോഷി എന്നിവർ പ്രസംഗിച്ചു












Click it and Unblock the Notifications