മുഹമ്മദ് റിയാസിനെ നിര്‍ത്തിപ്പൊരിച്ച് സിപിഎം എംഎല്‍എമാര്‍; മന്ത്രി അങ്ങനെ പറയരുതായിരുന്നു, ഖേദം
തിരുവനന്തപുരം: പൊതുമരാമത്ത്-ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് നിയമസഭയില്‍ നടത്തിയ പരാമര്‍ശത്തിനെതിരെ സിപിഎം എംഎല്‍എമാര്‍. പാര്‍ട്ടി നിയമസഭാ കക്ഷി യോഗത്തിലാണ് എംഎല്‍എമാര്‍ റിയാസിന്റെ പരാമര്‍ശം തെറ്റായ സന്ദേശം നല്‍കുമെന്ന് കുറ്റപ്പെടുത്തിയത്. തലശേരി എംഎല്‍എ എഎന്‍ ഷംസീര്‍ ആണ് ആദ്യം വിഷയത്തില്‍ കടുത്ത പ്രതികരണം നടത്തിയത്. ശേഷം അഴീക്കോട് എംഎല്‍എ കെവി സുമേഷും കഴക്കൂട്ടം എംഎല്‍എ കടകംപള്ളി സുരേന്ദ്രനും വിമര്‍ശനവുമായി എഴുന്നേറ്റു. കൂടുതല്‍ എംഎല്‍എമാര്‍ പ്രതിഷേധം രേഖപ്പെടുത്താന്‍ തുടങ്ങിയതോടെ ടിപി രാമകൃഷ്ണന്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. തെറ്റായ ഉദ്ദേശത്തോടെ അല്ല താന്‍ നിയമസഭയില്‍ സംസാരിച്ചതെന്ന് മുഹമ്മദ് റിയാസ് മറുപടി പറഞ്ഞു. പരോക്ഷമായി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

എംഎല്‍എമാരുടെ ശുപാര്‍ശയുമായി കരാറുകാര്‍ മന്ത്രിയുടെ മുന്നിലേക്ക് വരരുത് എന്നായിരുന്നു നിയമസഭയില്‍ മുഹമ്മദ് റിയാസ് നടത്തിയ പരാമര്‍ശം. കരാറുകാരെ കൂട്ടിയോ അല്ലെങ്കില്‍ കരാറുകാര്‍ എംഎല്‍എമാരുടെ ശുപാര്‍ശയിലോ മന്ത്രിയുടെ അടുത്തെത്തുന്ന സാഹചര്യം ഒഴിവാക്കണം. അത് ഭാവിയില്‍ പല രീതിയിലും പ്രയാസമുണ്ടാക്കും എന്നായിരുന്നു റിയാസ് പറഞ്ഞത്. ചോദ്യോത്തര വേളയില്‍ ഏഴാം തിയ്യതി നല്‍കിയ മറുപടിയിലാണ് മന്ത്രിയുടെ പരാമര്‍ശം.
ഇതിനെതിരെയാണ് സിപിഎം എംഎല്‍എമാര്‍ പ്രതികരിച്ചത്. ജനങ്ങള്‍ക്കിടയില്‍ ജനപ്രതിനിധികളെ കുറിച്ച് തെറ്റായ സന്ദേശം നല്‍കാന്‍ മന്ത്രിയുടെ വാക്കുകള്‍ കാരണമാകുമെന്നായിരുന്നു യോഗത്തിലെ വിമര്‍ശനം. മണ്ഡലത്തിലെ വിവിധ കാര്യങ്ങള്‍ക്ക് കരാറുമായി എംഎല്‍എമാര്‍ക്ക് സംസാരിക്കേണ്ടി വരും. ചിലേേപ്പാള്‍ അവരുമായി മന്ത്രിയുടെ അടുക്കല്‍ വരേണ്ടി വരും. ഇതൊന്നും തെറ്റായി കാണാനാകില്ല. ഇത് തെറ്റായി ചിത്രീകരിക്കുന്ന മന്ത്രിയുടെ പ്രതികരണം നിയമസഭയില്‍ ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
രണ്ടാം പിണറായി സര്‍ക്കാരില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന പ്രവര്‍ത്തനമാണ് മന്ത്രി മുഹമ്മദ് റിയാസിന്റേത്. അദ്ദേഹം നടത്തിയ ചില ഇടപെടലുകള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. ടൂറിസം രംഗത്ത് ഒട്ടേറെ പദ്ധതികള്‍ മന്ത്രി ആലോചിക്കുന്നുണ്ട്. നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവരില്‍ നിന്നും മറ്റും അഭിപ്രായം തേടുകയും ചെയ്തിരുന്നു. ടൂറിസം രംഗത്ത് വിദ്യാര്‍ഥികളെ കൂടി ഉള്‍പ്പെടുത്തിയുള്ള പദ്ധതിയാണ് റിയാസ് ആലോചിക്കുന്നത്. കൂടാതെ കാരവന്‍ ടൂറിസവും ആസൂത്രണം ചെയ്തിട്ടുണ്ട്. ആര്‍ജെ സൂരജ് അടുത്തിടെ മന്ത്രിയെ പുകഴ്ത്തി ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് ഏറെ ചര്‍ച്ചയായിരുന്നു.












Click it and Unblock the Notifications