ഗവർണർക്കെതിരെ അസഭ്യ മുദ്രാവാക്യവുമായി സിപിഎം; ഭയമില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്റെ മറുപടി
ഇടുക്കി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഇടുക്കി സന്ദർശനത്തിൽ ശക്തമായ പ്രതിഷേധവുമായി സിപിഎം. തൊടുപുഴയിലെ രണ്ട് സിപിഎം ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഗവർണർക്കെതിരെ മാർച്ച് നടത്തി. 'തെമ്മാടി, താന്തോന്നി, എച്ചിൽ പട്ടി' തുടങ്ങിയ അസഭ്യ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു സിപിഎമ്മിന്റെ പ്രകടനം നടന്നത്.
എന്നാൽ തനിക്ക് ഭയമില്ലെന്നായിരുന്നു ഗവർണറുടെ പ്രതികരണം. തനിക്ക് നേരെ ഇതിന് മുൻപ് അഞ്ച് തവണ വധശ്രമം ഉണ്ടായിട്ടുണ്ടെന്നും, അപ്പോഴില്ലാതിരുന്ന ഭയം ഇപ്പോഴില്ലെന്നുമായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞത്. തൊടുപുഴയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ 'കാരുണ്യം' ക്ഷേമ പദ്ധതി ഉദ്‌ഘാടനം ചെയ്‌തുകൊണ്ടായിരുന്നു ഗവർണറുടെ പരാമർശം.

'കേന്ദ്രമന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കുമ്പോൾ വെറും 35 വയസ് മാത്രമാണുണ്ടായിരുന്നത്. 1985, 86, 87 കാലഘട്ടങ്ങളിലായിരുന്നു യഥാർഥ ഭീഷണി നേരിടേണ്ടി വന്നത്. അഞ്ച് തവണ എനിക്ക് നേരെ വധശ്രമമുണ്ടായി.1990ൽ നടന്ന ശ്രമം ഒരു പരിധിവരെ വിജയിച്ചു. ഇരുമ്പ് ദണ്ഡ് കൊണ്ട് അടിയേറ്റ് തലയ്ക്ക് പരുക്കേറ്റു. ഇപ്പോൾ ഭീഷണിയുണ്ടോ എന്ന് ചോദിക്കുമ്പോൾ പറയാനുള്ളത്, 35ആം വയസിൽ തോന്നാത്തത് 72ആം വയസിൽ തോന്നുമോ എന്നാണ്. എന്റെ പ്രായം ആയുർദൈർഘ്യത്തിന്റെ ദേശീയ ശരാശരി പിന്നിട്ടു. അധികമായി കിട്ടുന്ന സമയത്താണ് ജീവിക്കുന്നത്. അതുകൊണ്ട് ഒട്ടും ഭയമില്ല.' എന്നായിരുന്നു ഗവർണർ പ്രതികരിച്ചത്.
തൊടുപുഴയിലെ പരിപാടിക്കു ശേഷം മടങ്ങിയ ഗവർണർ, ഇടയ്ക്കുവച്ചു വാഹനത്തിൽനിന്നു പുറത്തിറങ്ങി കുട്ടികളെ ചേര്‍ത്തുപിടിച്ചു. നേരത്തെ കോഴിക്കോട് മിട്ടായി തെരുവിൽ നടന്നതിന് സമാനമായി ഒരു മിനിറ്റിലേറെ സമയം അദ്ദേഹം റോഡിലൂടെ നടക്കുകയും ചെയ്‌തു.
അതേസമയം, തൊടുപുഴയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐയയും, ഡിവൈഎഫ്ഐയും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഗവർണർക്കെതിരെ കരിങ്കൊടിയും ബാനറുകളും മുദ്രാവാക്യങ്ങളുമായി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി.
ഗവർണറുടെ വാഹനവ്യൂഹത്തിന് അടുത്ത് വരെ പ്രതിഷേധവുമായി എസ്എഫ്ഐ പ്രവർത്തകർ എത്തിയതോടെ ഗവർണറുടെ വാഹനം നിര്‍ത്തിയിടേണ്ടി വന്ന സാഹചര്യവുമുണ്ടായി. പ്രതിഷേധക്കാർ വാഹനത്തിന്റെ പിന്നാലെ ഓടുകയും ചെയ്‌തിരുന്നു. എന്നാല്‍ ഇത്രയൊക്കെ സംഭവിച്ചിട്ടും പ്രവര്‍ത്തകരെ അറസ്‌റ്റ് ചെയ്‌ത് നീക്കാൻ പോലീസ് തയ്യാറായില്ലെന്നും വിമര്‍ശനമുയരുന്നുണ്ട്.
ഇടുക്കി ജില്ലയിൽ എൽഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ പുരോഗമിക്കുന്നതിനിടെയാണ് ഗവർണർ എത്തിയത്. ഗവർണറെ തടയില്ലെന്ന് എൽഡിഎഫ് ഇടുക്കി ജില്ലാ കൺവീനർ കെ കെ ശിവരാമൻ അറിയിച്ചിരുന്നെങ്കിലും വിവിധ ഇടങ്ങളിൽ സിപിഎം നേതൃത്വത്തിൽ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.
1960ലെ ഭൂപതിവ് നിയമഭേദഗതിക്ക് അനുമതി നൽകാത്ത ഗവർണറുടെ നിലപാടിനെതിരെയാണ് രാവിലെ 6 മുതൽ വൈകീട്ട് 6 വരെ ജില്ലയിൽ എൽഡിഎഫ് ഹർത്താൽ നടത്തുന്നത്. നിയമസഭ പാസാക്കിയ ഭേദഗതി ബിൽ ഗവർണർ ഇതുവരെ ഒപ്പിട്ടിട്ടില്ല. ഇതേ വിഷയം ചൂണ്ടിക്കാട്ടി എൽഡിഎഫിന്റെ രാജ്ഭവൻ മാർച്ചും ഇന്ന് നടക്കുന്നുണ്ട്.












Click it and Unblock the Notifications