കോണ്‍ഗ്രസിനെ സംഘപരിവാർ കൂടാരത്തില്‍ എത്തിക്കുന്നതിന് അച്ചാരം വാങ്ങിയതിന് തെളിവ്, സുധാകരനെതിരെ സിപിഎം
തിരുവനന്തപുരം: ജവഹര്‍ലാല്‍ നെഹ്രു വര്‍ഗീയ ഫാസിസത്തോട് സന്ധി ചെയ്തു എന്നുളള കെ സുധാകരന്റെ പ്രസ്താവനയ്ക്ക് എതിരെ വിമര്‍ശനം ശക്തമാകുന്നു. ആര്‍സ്എസിനോട് മമത കാട്ടിയ നേതാവായി നെഹ്‌റുവിനെ ചിത്രീകരിക്കുന്നതിലൂടെ ആര്‍എസ്എസിനെ സന്തോഷിപ്പിക്കുകയാണോ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചു. ആര്‍എസ്എസിനെ വെള്ളപൂശുന്നതില്‍ എന്ത് മഹത്വമാണ് സുധാകരന്‍ കാണുന്നത് എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സുധാകരനെ വിമര്‍ശിച്ച് സിപിഎമ്മും രംഗത്ത് വന്നിട്ടുണ്ട്. കേരളത്തിലെ കോണ്‍ഗ്രസിനെ സംഘപരിവാറിന്റെ കൂടാരത്തില്‍ എത്തിക്കുന്നതിന് കെപിസിസി പ്രസിഡന്റ് അച്ചാരം വാങ്ങി എന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ പ്രസ്‌താവനകൾ എന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ആര്‍എസ്‌എസുമായി താന്‍ ചര്‍ച്ച നടത്തിയിട്ടുണ്ട് എന്ന കാര്യം അദ്ദേഹം നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. ആര്‍എസ്‌എസിന്റെ ശാഖകള്‍ക്ക് സംരക്ഷണം നല്‍കി എന്ന കാര്യവും കഴിഞ്ഞ ദിവസം അദ്ദേഹം തുറന്നു പറഞ്ഞിരുന്നു.

ഇത്തരം ആര്‍എസ്‌എസ് അനുകൂല നിലപാടുകള്‍ തിരുത്തുന്നതിന് പകരം ജവഹര്‍ലാല്‍ നെഹറുവിനെ പോലും വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികളുമായി സഖ്യമുണ്ടാക്കിയ നേതാവ് എന്ന് ചിത്രീകരിച്ച് തന്റെ നിലപാടുകളെ ന്യായീകരിക്കാനാണ് കെ സുധാകരന്‍ വീണ്ടും പരിശ്രമിക്കുന്നത്. സ്വയം ബിജെപിയിലേക്ക് ചേക്കേറുന്ന ശ്രമത്തെക്കാള്‍ കേരളത്തിലെ കോണ്‍ഗ്രസിനെ ബിജെപിയാക്കി മാറ്റുന്നതിനുള്ള ആശയ പരിസരം സൃഷ്‌ടിക്കാനാണ് യഥാര്‍ത്ഥത്തില്‍ സുധാകരന്‍ ശ്രമിക്കുന്നത് എന്നും സിപിഎം കുറ്റപ്പെടുത്തി.
ചരിത്രത്തില്‍ വിഷം കലര്‍ത്തുകയെന്ന സംഘപരിവാറിന്റെ സമീപനം തന്നെയാണ് സുധാകരനുമുള്ളത് എന്ന് ഇപ്പോള്‍ വ്യക്തമായി കഴിഞ്ഞിരിക്കുകയാണ്. ഈ അപകടം തിരിച്ചറിയാന്‍ കോണ്‍ഗ്രസിനെ ഇപ്പോഴും പിന്തുണയ്‌ക്കുന്ന മതനിരപേക്ഷ നിലപാടുള്ളവരും വര്‍ഗ്ഗീയ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന യുഡിഎഫിലെ മറ്റ് ഘടകകക്ഷികളും തയ്യാറാകണം. കെ സുധാകരന്‍ നയിക്കുന്ന കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കുന്ന ആര്‍എസ്‌എസ് വിധേയത്വം തിരിച്ചറിയണം. ഇക്കാര്യത്തില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും യുഡിഎഫിന്റെയും നിലപാട് എന്താണ് എന്ന് വ്യക്തമാക്കണം എന്നും സിപിഎം ആവശ്യപ്പെട്ടു.
മുടിയുടെ കട്ടി കുറയുന്നുണ്ടോ? ഇതെല്ലേ ബെസ്റ്റ് പരിഹാരം, അറിയാം ഈ എണ്ണകൾ
കണ്ണൂര്‍ ഡിസിസി സംഘടിപ്പിച്ച നവോത്ഥാന സദസ്സില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നെഹ്‌റുവിനെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയത്. കണ്ണൂരില്‍ ആര്‍എസ്എസ് ശാഖകള്‍ക്ക് സംരക്ഷണമൊരുക്കാന്‍ ആളെ വിട്ടിരുന്നു എന്നുളള സുധാകരന്റെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു.












Click it and Unblock the Notifications