സിപിഐ മന്ത്രിമാര്‍ കഴിവില്ലാത്തവരെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം
തൃശൂര്‍: ഇടതുമുന്നണിയില്‍ സിപിഎം സിപിഐ ഐക്യത്തില്‍ വിള്ളല്‍ വീഴ്ത്തുന്ന തരത്തില്‍ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ സിപിഐ മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം. നേരത്തെ പല ജില്ലാ സമ്മേളനങ്ങളിലും സിപിഐ മന്ത്രിമാര്‍ക്ക് വിമര്‍ശനമുണ്ടായിരുന്നു. മന്ത്രിസഭയിലെ ഏറ്റവും കഴിവുകെട്ടവരാണു സിപിഐ മന്ത്രിമാരെന്ന് വിലയിരുത്തലുണ്ടായി.
സിപിഐ ജില്ലാ സമ്മേളനങ്ങളിലും സിപിഐ മന്ത്രിമാര്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍, സിപിഎം സമ്മേളനത്തില്‍ ഉയര്‍ന്ന രൂക്ഷ വിമര്‍ശനം ഇടതുമുന്നണിയുടെ ഐക്യത്തിന് കോട്ടം വരുത്തിയേക്കും. കഴിഞ്ഞദിവസം സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ്, കൗണ്‍സില്‍ യോഗങ്ങളില്‍ സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

രാഷ്ട്രീയ ധാര്‍മികതയ്ക്കു നിരക്കാത്ത പ്രവര്‍ത്തനങ്ങളാണു സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. കെ.എം.മാണിയുമായി കൂട്ടുകൂടാന്‍ മുന്നണി സംവിധാനത്തിന് അകത്തുനിന്ന് ശ്രമിക്കുന്നതു നിലവാരമില്ലാത്ത രീതിയാണെന്നും മാണിക്കെതിരെ എല്‍ഡിഎഫ് നടത്തിയ രാഷ്ട്രീയ സമരങ്ങളെ മറന്നുള്ള ഒത്തുതീര്‍പ്പു ഫോര്‍മുലകള്‍ അംഗീകരിക്കാനാകില്ലെന്നും സിപിഐ വ്യക്തിമാക്കിയിരുന്നു.
ഇതിനിടെ സിപിഎം സമ്മേളനത്തില്‍ കെ എം മാണിയും കാനം രാജേന്ദ്രനും ഒരുമിച്ച് വേദി പങ്കിട്ടതും വാര്‍ത്തയായി. മാണിയുടെ ഇടതുമുന്നണി പ്രവേശനത്തിന് സിപിഎമ്മില്‍ പൊതുവെ അനുകൂല നിലപാടാണുള്ളത്. എന്നാല്‍, മാണിയെ ഒരു കാരണവശാലും സ്വീകരിക്കില്ലെന്നാണ് സിപിഐയുടെ തീരുമാനം.












Click it and Unblock the Notifications