പാര്‍ട്ടി ഫണ്ട് തിരിമറി: പികെ ശശിക്കെതിരെ കടുത്ത നടപടി, എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കി
പാലക്കാട്: മുതിര്‍ന്ന സിപിഎം നേതാവ് പികെ ശശിക്കെതിരെ കടുത്ത നടപടിയുമായി പാര്‍ട്ടി. എല്ലാ സ്ഥാനങ്ങളിലും നിന്നും പികെ ശശിയെ മാറ്റാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. പാര്‍ട്ടി ഫണ്ട് തിരിമറി കേസിലാണ് ശശിക്കെതിരെ നടപടി എടുത്തിരിക്കുന്നത്.
മുന്‍ എംഎല്‍എയും കെടിഡിസി ചെയര്‍മാനുമാണ് ശശി. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റിയും പിരിച്ചുവിട്ടു. ശശിക്ക് ഭൂരിപക്ഷമുള്ള ഏരിയ കമ്മിറ്റിയാണിത്. വിവിധ പരാതികളില്‍ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് പികെ ശശിക്ക് എതിരെയായിരുന്നു. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മാണ ഫണ്ടില്‍ തിരിമറി നടത്തിയെന്നാണ് ശശിക്കെതിരായ ആരോപണം.

അതേസമയം നടപടി നേരിട്ടതോടെ പികെ ശശി പാര്‍ട്ടിയില്‍ പ്രാഥമികാംഗത്വം മാത്രമായി. സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം പികെ ശശിയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. ശശിക്കെതിരെ നിരവധി പരാതികളാണ് പാര്‍ട്ടി നേതൃത്വത്തിന് മുന്നിലെത്തിയത്.
മണ്ണാര്‍ക്കാട് സഹകരണം എജ്യുക്കേഷന്‍ സൊസൈറ്റിക്ക് കീഴിലെ യൂണിവേഴ്‌സല്‍ കോളേജിന് വേണ്ടി ധനസമാഹരണവും ദുര്‍വിനിയോഗവും നടത്തിയെന്ന പരാതി പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയമിച്ച് പരിശോധിച്ചു.
സിപിഎം നിയന്ത്രണത്തിലുള്ള വിവിധ സഹകരണ ബാങ്കുകളില്‍ നിന്ന് 5.49 കോടി രൂപയാണ് ഓഹരിയാണ് സമാഹരിച്ചത്. പാര്‍ട്ടി അറിയാതെയാണ് ധനസമാഹരണമെന്നായിരുന്നു ആരോപണം. സാമ്പത്തിക ക്രമക്കേടുകളുണ്ടെന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ആരോപണം അന്വേഷിച്ചത്. അതേസമയം പത്തനംതിട്ട സിപിഎമ്മിലും നേതാക്കള്‍ക്കെതിരെ ഇന്ന് നടപടിയെടുത്തിട്ടുണ്ട്. തിരുവല്ലയില്‍ ഏരിയ കമ്മിറ്റി അംഗത്തിനെതിരെയും ലോക്കല്‍ സെക്രട്ടറിക്കുമെതിരെയാണ് പാര്‍ട്ടി നടപടി. ഇരുവരെയും തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും നീക്കും.
ദേവസ്വം ബോര്‍ഡ് നിയമനക്കോഴ ആരോപണത്തിലാണ് ഏരിയ കമ്മിറ്റി അംഗം പ്രകാശ് ബാബുവിനെതിരെ നടപടിയെടുത്തത്. തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി കൊച്ചുമോനെയും സ്ഥാനത്ത് നിന്ന് നീക്കി. പീഡനക്കേസില്‍ ആരോപണ വിധേയനായ സിസി സജിമോനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതിനെതിരെ സംസ്ഥാന നേതൃത്വത്തിനെ സമീപിച്ച ആളാണ് കൊച്ചുമോന്‍. ഒരാഴ്ച്ച മുമ്പാണ് തിരുവല്ലയില്‍ ഏരിയ സെക്രട്ടറി വി ആന്റണിയെ സ്ഥാനത്ത് നിന്ന് നീക്കിയത്.












Click it and Unblock the Notifications