ജോസിനെ കാലുവാരി വീഴ്ത്തിയത് ആര്? പിന്നില്‍ സിപിഎം പ്രവര്‍ത്തകരോ, പരാതിയില്‍ അന്വേഷണം
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ ഭാഗമായി 12 സീറ്റിലായിരുന്നു കേരള കോണ്‍ഗ്രസ് എം മത്സരിച്ചത്. ആദ്യം 13 സീറ്റുകള്‍ നല്‍കിയിരുന്നെങ്കിലും സിപിഎമ്മിനുള്ളില്‍ നിന്ന് തന്നെ ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് കുറ്റ്യാടി സീറ്റ് പിന്നീട് തിരിച്ചെടുക്കുകയായിരുന്നു. 12 സീറ്റില്‍ മത്സരിച്ചപ്പോള്‍ പാലാ ഉള്‍പ്പടെ ഏറ്റവും കുറഞ്ഞത് ഏഴ് സീറ്റിലെങ്കിലും പാര്‍ട്ടി വിജയം പ്രതീക്ഷിച്ചിരുന്നു.
എന്നാല്‍ ജോസ് കെ മാണി മത്സരിച്ച പാലായില്‍ ഉള്‍പ്പടെ 7 സീറ്റില്‍ കേരള കോണ്‍ഗ്രസ് എം പരാജയപ്പെട്ടു. മുന്നണി വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ ജോസ് കെ മാണിയുടെ പരാജയം കേരള കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയായിരുന്നു. ഇപ്പോഴിതാ ഈ തോല്‍വിയില്‍ അടക്കം അന്വേഷണത്തിന് ഒരുങ്ങുകയാണ് സിപിഎം.
വിവാദങ്ങളുടേയും ഗോസിപ്പുകളുടേയും സ്വന്തം ബോളിവുഡ്, ചില അറിയാക്കഥകൾ

പാലായില്‍ ജോസ് കെ മാണിയും മാണി സി കാപ്പനും തമ്മിലുള്ള മത്സരം നിയമസഭാ തിരഞ്ഞെടുപ്പില്‍ എവരും അതീവ ശ്രദ്ധയോടെയായിരുന്നു ഉറ്റുനോക്കിയത്. മാണി സി കാപ്പന്‍ എല്‍ഡിഎഫ് മുന്നണി വിട്ട് യുഡിഫ് പക്ഷത്തേക്ക് പോയിട്ടാണ് മത്സരിച്ചതെങ്കിലും സിപിഎമ്മിന്‍റെ കൂടി വോട്ട് ചേരുന്നതോടെ വിജയം ഉറപ്പെന്നായിരുന്നു കേരള കോണ്‍ഗ്രസ് വിലയിരുത്തിയത്. എന്നാല്‍ ഫലം പുറത്ത് വന്നപ്പോള്‍ ജോസ് കെ മാണി ദയനീയമായി പരാജയപ്പെട്ടു.

സംസ്ഥാനത്ത് ആകെ ഇടത് തരംഗം ഉണ്ടായപ്പോഴും മുന്നണി ഭരിക്കുന്ന പഞ്ചായത്തുകളില്‍ അടക്കം വലിയ തോതില്‍ പിന്നോട്ട് പോയതില്‍ ഒരു അട്ടിമറി ആരോപണം കേരള കോണ്‍ഗ്രസ് തുടക്കം മുതല്‍ ഉന്നയിച്ചിരുന്നു. പാലായിലെ സിപിഎം വോട്ടുകള്‍ കേരള കോണ്‍ഗ്രസ് എമ്മിന് വീണില്ലെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. ഇത് സംബന്ധിച്ച പരാതി അവര്‍ സിപിഎമ്മിന് നല്‍കുകയും ചെയ്തു.

ജോസ് കെ മാണിയുടെ പരാതി ഗൗരവമായി എടുക്കാന്‍ തന്നെയാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. പാലായുള്‍പ്പടെ കേരള കോണ്‍ഗ്രസ് തോറ്റ മണ്ഡലങ്ങളില്‍ പ്രവര്‍ത്തകര്‍ കാലുവാരിയെന്ന ആരോപണം പാര്‍ട്ടി അന്വേഷിക്കുമെന്നാണ് സിപിഎം തീരുമാനം. സിപിഎം നടപടി സ്വാഗതാര്‍ഹമെന്നാണ് ജോസ് കെ മാണി ഇതിനോട് പ്രതികരിച്ചത്.

കോട്ടയം, എറണാകുളം ജില്ലകളിലെ മണ്ഡലങ്ങളില്‍ കേരള കോണ്‍ഗ്രസ് എം മത്സരിച്ച മണ്ഡലങ്ങളിലെ തോല്‍വിയാണ് സിപിഎം പ്രത്യേകം അന്വേഷിക്കുന്നത്. പാലായില്‍ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുന്‍പ് മുന്‍സിപ്പാലിറ്റിയില്‍ കേരള കോണ്‍ഗ്രസ്-സിപിഎം അംഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതും ഫലത്തില്‍ പ്രതിഫലിച്ചുവെന്നാണ് വിലയിരുത്തല്‍. ഇതടക്കം പ്രത്യേകം അന്വേഷിക്കും.

കേരള കോണ്‍ഗ്രസ് മുന്നണിയിലേക്ക് വന്നത് മധ്യകേരളത്തില്‍ പലയിടത്തും സിപിഎമ്മിനും എല്‍ഡിഎഫിനും ഗുണകരമായിട്ടുണ്ട്. യുഡിഎഫ് തിരികെ പിടിക്കുമെന്ന് കരുതിയ പല മണ്ഡലങ്ങളും നിലനിര്‍ത്താന്‍ സിപിഎമ്മിന് സാധിച്ചത് കേരള കോണ്‍ഗ്രസ് വോട്ടുകള്‍ കൊണ്ടായിരുന്നു. എന്നാല്‍ തിരിച്ച് സിപിഎമ്മിന്‍റെ ഭാഗത്ത് നിന്നും വേണ്ടത്ര സഹകരണം ഉണ്ടായില്ലെന്നാണ് വിമര്‍ശനം.

പിറവം മണ്ഡലത്തില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തോല്‍ക്കുമെന്ന് സിപിഎം പ്രാദേശിക നേതാക്കള്‍ തന്നെ പ്രചാരണം നടത്തി. പെരുമ്പാവൂരില്‍ ഒരു മുതിര്‍ന്ന സിപിഎം നേതാവ് തന്നെ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാൻ മുന്നിട്ടിറങ്ങി. സിപിഐ നേതാക്കളുടെ ഭാഗത്ത് നിന്നും പ്രതീക്ഷിച്ച സഹകരണം ഉണ്ടായില്ല.

പാലായില്‍ വിജയം ലക്ഷ്യമിട്ട് സിപിഎം സംസ്ഥാന നേതൃത്വം നേരിട്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയിരുന്നു. എന്നിട്ടും വോട്ടുകള്‍ വീണില്ല. കടുത്തുരുത്തിയിലും കേരള കോണ്‍ഗ്രസ് എമ്മിന് വിജയ സാധ്യതയുണ്ടായിരുന്നു. റാന്നിയില്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. എന്നിങ്ങനെ പോകുന്നു ജോസ് കെ മാണിയുടെ പരാതികള്‍.

നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഉയര്‍ന്ന വിവിധ ആരോപണങ്ങളില്‍ സിപിഎം ഇപ്പോള്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. അരുവിക്കരയില്‍ സ്റ്റീഫനെതിരെ നിസ്സഹകരണം ഉണ്ടായെന്ന പരാതിയില്‍ വികെ മധുവിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റ്യാടി സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് കെപി കുഞ്ഞഹമ്മദ് കുട്ടി എംഎല്‍എയെ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
ഗ്ലാമര്‍ ലുക്കില്‍ നിക്കി തംമ്പോലി-ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications