ശവ്വാൽ മാസപ്പിറവി കണ്ടു; കേരളത്തിൽ ചെറിയ പെരുന്നാൾ ബുധനാഴ്‌ച ആഘോഷിക്കും
കോഴിക്കോട്: ശവ്വാൽ മാസപ്പിറവി ദൃശ്യമായ സാഹചര്യത്തിൽ കേരളത്തിൽ നാളെ (ബുധനാഴ്‌ച) ചെറിയ പെരുന്നാൾ ആഘോഷിക്കും. പൊന്നാനിയിലാണ് മാസപ്പിറവി ദൃശ്യമായത്. ഗൾഫ് രാജ്യങ്ങളിലും നാളെയാണ് ചെറിയ പെരുന്നാൾ. ഒമാനിലെ ചെറിയ പെരുന്നാൾ ഇന്ന് പ്രഖ്യാപിക്കും.
മുപ്പത് ദിവസത്തെ വൃതാനുഷ്‌ഠാങ്ങൾക്ക് ഒടുവിലാണ് ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്ക് നാളെ അരങ്ങൊരുന്നത്. ചെറിയ പെരുന്നാളിന്റെ ആഘോഷത്തിന്റെ ഭാഗമായി പള്ളികളിൽ ഈദ്ഗാഹുകളും നിസ്‌കാര ചടങ്ങുകളും ഒക്കെ നടക്കും.

പൊന്നാനിയിൽ മാസപ്പിറവി കണ്ടതിനാല്‍ ബുധനാഴ്‌ച കേരളത്തിൽ ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് ജമാഅത്തെ ഖാസിമാരായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി, കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവർ സംയുക്‌തമായാണ് അറിയിച്ചത്.
സംസ്ഥാനത്തെ പ്രധാന മേഖകളിൽ എല്ലാം തന്നെ നാളെ ഈദ് നമസ്‌കാരങ്ങൾ നടക്കും. തിരുവനന്തപുരം ചന്ദ്രശേഖർ നായർ സ്‌റ്റേഡിയം, കോഴിക്കോട് ബീച്ച്, കൊച്ചി കലൂർ സ്‌റ്റേഡിയം എന്നിങ്ങനെ എല്ലാ മേഖകളിലും വലിയ ജന പങ്കാളിത്തത്തോടെയുള്ള ഈദ് നമസ്‌കാരങ്ങൾ നടക്കാറുണ്ട്. നാളെയും സമാനമായ ചടങ്ങുകൾ ഉണ്ടാവും.
ഹിജ്റ വർഷം ശവ്വാൽ മാസം ഒന്നിനാണ് ലോകമെമ്പാടുമുള്ള മുസ്ലീങ്ങളുടെ ആഘോഷമായ ഈദുൽ ഫിത്വർ അഥവാ ചെറിയ പെരുന്നാൾ കൊണ്ടാടുന്നത്. മുപ്പത് ദിവസത്തോളം നീളുന്ന നൊയമ്പിന് ശേഷമാണ് ഈ ആഘോഷം വന്നെത്തുന്നത് എന്നതിനാൽ തന്നെ അത്യധികം വിശുദ്ധിയുടെയും ത്യാഗപൂർണമായ മനസോടെയുമാണ് വിശ്വാസികൾ ഈ ദിനം നോക്കികാണുന്നത്.
തങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുക, അല്ലാഹു നൽകിയ ഭക്ഷണത്തിൽ മുഴുകുക എന്നിവയാണ് പെരുന്നാളിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഏറെനാളത്തെ വൃതശുദ്ധിക്ക് ശേഷം മനസും ശരീരവും വൃത്തിയായി പുതിയ വസ്ത്രങ്ങൾ അണിഞ്ഞാണ് പെരുന്നാൾ ദിനത്തെ എല്ലാവരും വരവേൽക്കാറുള്ളത്.


Click it and Unblock the Notifications