അമ്മയിലെ പ്രതിസന്ധി തുടരുന്നു; രാജിവയ്ക്കാൻ ഒരുങ്ങി അഡ്‌ഹോക് കമ്മിറ്റി, രേഖകൾ എല്ലാം തിരികെ നൽകി
തിരുവനന്തപുരം: മലയാള സിനിമയിലെ താരസംഘടനയായ അമ്മയിൽ വീണ്ടും ഭിന്നത രൂക്ഷമാവുന്നു. ജനറൽ ബോഡി യോഗത്തിലെ നാടകീയ രംഗങ്ങൾക്ക് പിന്നാലെ രൂപീകരിച്ച അഡ്‌ഹോക് കമ്മിറ്റി രാജിവയ്ക്കാൻ ഒരുങ്ങുന്നു. നിയമയുദ്ധത്തിനില്ലെന്നാണ് അഡ്‌ഹോക് കമ്മിറ്റി അംഗങ്ങള്‍ വ്യക്തമാക്കിയത്. മുന്‍ കമ്മിറ്റിയുടെ കയ്യില്‍ നിന്നും സ്വീകരിച്ച അധികാരങ്ങള്‍ തിരികെ നല്‍കിയതായും അഡ്‌ഹോക് കമ്മിറ്റി അറിയിച്ചിട്ടുണ്ട്.
താക്കോലുകള്‍, വൈഫൈ പാസ്സ്വേര്‍ഡ്, ഇമെയില്‍ പാസ്സ്വേര്‍ഡ്, രേഖകള്‍ എന്നിവ മുൻ കമ്മിറ്റിയിലെ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനെ തിരികെ ഏൽപ്പിച്ചെന്നാണ് വിവരം. കോടതി ഇടപെടലില്‍ ജനറല്‍ ബോഡി അംഗങ്ങള്‍ ഒപ്പം നിന്നില്ലെന്നാണ് അഡ്‌ഹോക്ക് കമ്മിറ്റിയിൽ നിന്ന് ഉയർന്ന ഭൂരിപക്ഷ അഭിപ്രായം. ഇതോടെയാണ് ഇനിയും കമ്മിറ്റിയിൽ തുടരേണ്ടതില്ലെന്ന് അംഗങ്ങൾ നിലപാട് എടുത്തത്. മറ്റ് വിഷയങ്ങളിലും അഡ്‌ഹോക് കമ്മിറ്റി എതിർപ്പ് അറിയിച്ചിട്ടുണ്ട്.

സംഘടനയിലെ മുതിര്‍ന്ന അംഗങ്ങള്‍ വിഷയത്തിൽ പ്രതികരണം നടത്താത്തതിലും അംഗങ്ങള്‍ക്ക് അമര്‍ഷമുണ്ടെന്നാണ് വിവരം. കൂടാതെ അഡ്‌ഹോക് കമ്മിറ്റി തലവനായ രമേശ് പിഷാരടി ശ്വേതാ മേനോനുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത് വിട്ടതില്‍ ശ്വേത മേനോനെതിരെ അഡ്‌ഹോക്ക് കമ്മിറ്റി അംഗങ്ങള്‍ വിമർശനം ഉന്നയിച്ചു.
അതേസമയം, വാർഷിക ജനറൽ ബോഡിയിലെ തർക്കത്തിന് പിന്നാലെയാണ് അമ്മയുടെ ഭരണസമിതി രാജി പ്രഖ്യാപിച്ചത്. പ്രസിഡന്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ തുടങ്ങി എല്ലാ അംഗങ്ങളും രാജിവെച്ചുവെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അമ്മയിൽ വീണ്ടും അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചത്. പുതിയ കമ്മറ്റിയെ പ്രഖ്യാപിച്ചതിന് പിന്നാലെ ശ്വേതാ മേനോൻ നിലപാട് മാറ്റുകയായിരുന്നു.
ഔദ്യോഗികമായി തങ്ങൾ രാജിവച്ചിട്ടില്ലെന്നും അഡ്‌ഹോക് കമ്മിറ്റിക്ക് പ്രവർത്തിക്കാൻ യാതൊരു അർഹതയും ഇല്ലെന്നുമായിരുന്നു ശ്വേതാ പറഞ്ഞത്. കൂടാതെ വിഷയത്തിൽ കോടതിയെ സമീപിച്ച ശ്വേതാ മേനോൻ അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് സ്‌റ്റേ വാങ്ങിയിരുന്നു. അതിന് പിന്നാലെയാണ് അഡ്‌ഹോക് കമ്മിറ്റി ഇപ്പോൾ രാജിവയ്ക്കാൻ ഒരുങ്ങുന്നത്.
അതിനിടെ ജനറല്‍ ബോഡിയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ നിരപരാധിത്വം തെളിയിച്ചിട്ടെ പടിയിറങ്ങൂ എന്നായിരുന്നു ശ്വേതാ മേനോൻ സ്വീകരിച്ച നിലപാട്. അമ്മയിലെ ചട്ടം പരിഗണിച്ച കോടതി ശ്വേതാ മേനോന്‍ ജനറല്‍ സെക്രട്ടറിയായ പഴയ കമ്മിറ്റിക്ക് തന്നെ തിരഞ്ഞെടുപ്പ് വരെ തുടരാമെന്ന് ഉത്തരവിടുകയായിരുന്നു. ഇതോടെ അഡ്‌ഹോക് കമ്മിറ്റിക്ക് ഇരട്ട പ്രഹരമായി.
നേരത്തെ അമ്മ ജനറൽ ബോഡിയിൽ രൂക്ഷമായ വാക്കേറ്റമാണ് ഉണ്ടായത്. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലെ വരവ്-ചെലവ് കണക്കുകളിൽ വ്യക്തതയില്ലെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആരോപണം. സിദ്ദിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരടങ്ങുന്ന പ്രമുഖർ റിപ്പോർട്ട് പാസാക്കാൻ സമ്മതിക്കാതെ രംഗത്തെത്തിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.














Click it and Unblock the Notifications