മമ്മൂട്ടി, മോഹൻലാൽ, ദിലീപ്.. ആരും മോശമല്ല.. വിവരംകെട്ട ഫാനുകളെ പാലൂട്ടി വളർത്തുന്നു.. കടുത്ത വിമർശനം
കോഴിക്കോട്: മമ്മൂട്ടിച്ചിത്രമായ കസബയിലെ സ്ത്രീവിരുദ്ധതയെ വിമര്‍ശിച്ചതിന്റെ പേരില്‍ പാര്‍വ്വതിയെക്കെതിരായ സൈബര്‍ ആക്രമണം തുടരുകയാണ്. പാര്‍വ്വതിയേയും കടന്ന് സിനിമയിലെ സ്ത്രീകളുടെ ഏക സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവിന് നേരെയും കൂട്ടായ ആക്രമണം നീളുന്നു. വിവാദത്തില്‍ വിശദീകരണവുമായി പാര്‍വ്വതി തന്നെ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ കസബയിലെ സ്ത്രീ വിരുദ്ധതയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ പാര്‍വ്വതി ഉറച്ച് നില്‍ക്കുന്നു. പാര്‍വ്വതിയുടെ നിലപാടിനെ പിന്തുണച്ചും നിരവധി പ്രമുഖര്‍ രംഗത്ത് വരുന്നു.

പാർവ്വതിക്കൊപ്പവും ചിലർ
വിമന്‍ ഇന്‍ സിനിമ കളക്ടീവും എന്‍എസ് മാധവന്‍ അടക്കമുള്ള പ്രമുഖരും കസബ വിവാദത്തില്‍ പാര്‍വ്വതിക്കൊപ്പമാണ്. എന്നാല്‍ മമ്മൂട്ടി ഫാന്‍സ് പാര്‍വ്വതിക്ക് നേരെയും വിമന്‍ ഇന്‍ സിനിമ കളക്ടീവിന് നേരെയും സൈബര്‍ ആക്രമണം തുടരുകയാണ്. വിവാദത്തില്‍ പാര്‍വ്വതിയെ പിന്തുണച്ച് എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടി, ഹരീഷ് വാസുദേവന്‍, ദീദി ദാമോദരന്‍ എന്നിവരും രംഗത്ത് എത്തിയിട്ടുണ്ട്.

കസബ മാത്രമല്ല
കസബ മാത്രമല്ല സ്ത്രീവിരുദ്ധ ഡയലോഗുള്ള സിനിമ. കസബ തമ്മിൽ ഏറ്റവും നിലവാരം കുറഞ്ഞ, അധമമായത് ആയിരിക്കാം. മീശ മാധവൻ, താണ്ഡവം, ദേവാസുരം, ആറാം തമ്പുരാൻ.. നിര നീണ്ടതാണെന്ന് ശാരദക്കുട്ടി പറയുന്നു. പാർവ്വതി മാത്രമല്ല സൈബർ ആക്രമണം നേരിടുന്ന സ്ത്രീ. പാർവ്വതി കൂട്ടത്തിൽ ഏറ്റവും പ്രശസ്തയായ സ്ത്രീ ആയിരിക്കാം.തന്റേടത്തോടെ മിണ്ടിയപ്പോഴൊക്കെ ഓരോ പെണ്ണിന്റെ ശരീരത്തിലും അശ്ലീല വാക്കുകളുടെ കമ്പിപ്പാരകൾ കുത്തിക്കയറ്റി രസിച്ചിട്ടുണ്ട് സൈബർ ഗുണ്ടകളെന്നും ശാരദക്കുട്ടി ചൂണ്ടിക്കാട്ടുന്നു.

ദിലീപും മോഹൻലാലും മോശമല്ല
സുജ മാത്രമല്ല ആണത്താഘോഷങ്ങളെ പിന്താങ്ങുന്ന പെൺഫാൻ. ഇവിടുത്തെ സെറ്റുമുണ്ടും സാരിയും ചുരിദാറുമിട്ട ആൺബോധവാഹകർ ആയ സ്ത്രീകൾ എന്നും അതു തന്നെയാണ് ചെയ്യുന്നത്. മമ്മൂട്ടി മാത്രമല്ല വിവരം കെട്ട ഫാനുകളെ പാലൂട്ടി വളർത്തുന്ന നടൻ. കസബയിൽ വന്നത് മമ്മൂട്ടി ആയിരിക്കാം.മോഹൻലാൽ, ദിലീപ്, ആരും മോശമല്ല. മമ്മൂട്ടിക്കെതിരെ മാത്രമല്ല, മമ്മൂട്ടിമാർക്കെതിരെ. പാർവ്വതിക്കൊപ്പം മാത്രമല്ല, പാർവ്വതിമാർക്കൊപ്പം.. സെലക്ടീവായല്ല, കളക്ടീവായാണ് ആക്രമണമെങ്കിൽ പ്രതിരോധവും സെലക്ടീവാകരുത് കളക്ടീവാകണമെന്നും ശാരദക്കുട്ടി ചൂണ്ടിക്കാണിക്കുന്നു.

പാർവ്വതി ആദരവ് അർഹിക്കുന്നു
സിനിമയിലെ സ്ത്രീവിരുദ്ധതതയ്ക്കെതിരെ നടത്തിയ വിമർശനത്തിന്റെ പേരിൽ നടി പാർവ്വതിയെ അധിക്ഷേപിക്കുകയും കടന്നാക്രമിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും സുനിൽ പി ഇളയിടം പറയുന്നു. കേരളീയ സമൂഹത്തിൽ സ്ത്രീവിരുദ്ധതയ്ക്കും വർഗീയതയ്ക്കും സ്വീകാര്യതയുണ്ടാക്കുന്നതിൽ മുഖ്യധാരാ സിനിമ വഹിച്ചിട്ടുള്ള പങ്ക് ഒട്ടും ചെറുതല്ല. ഇക്കാര്യം സാന്ദർഭികമായി സൂചിപ്പിക്കുകയാണ് പാർവ്വതി ചെയ്തത്. മുഖ്യധാരാ സിനിമയ്ക്കുള്ളിൽ നിന്നു കൊണ്ടു തന്നെയാണ് പാർവ്വതി ഇക്കാര്യം സൂചിപ്പിക്കുന്നത്. അതിനവർ കേരളീയ സമൂഹത്തിന്റെ ആദരവ് അർഹിക്കുന്നുണ്ട്.

ഇതിനെ ചെറുത്ത് തോൽപ്പിക്കണം
അതിനു പകരം അവരെ വേട്ടയാടാനും വ്യക്തിഹത്യ നടത്താനും തുനിയുന്നവർ കേരളീയ ജീവിതത്തിലെ ആധുനിക മൂല്യങ്ങളെ തന്നെയാണ് വെല്ലുവിളിക്കുന്നതെന്ന് സുനിൽ പി ഇളയിടം ചൂണ്ടിക്കാട്ടുന്നു. എതിരഭിപ്രായങ്ങളെ അസഭ്യം കൊണ്ടും ഭീഷണി കൊണ്ടും കീഴടക്കാൻ ശ്രമിക്കുന്ന വർഗ്ഗീയവാദികളുടെ
അതേ വഴിയിലൂടെ തന്നെയാണ് പാർവ്വതിയെ അധിക്ഷേപിക്കുന്നവരും നീങ്ങുന്നത്.
പൊതു സമൂഹവും ജനാധിപത്യവാദികളും ഇതിനെ ചെറുത്തു തോൽപ്പിക്കണമെന്നും സുനിൽ പി ഇളയിടം ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെടുന്നു.

പിന്തുണയുമായി ഹരീഷും
പാർവ്വതിയേയും വിമൻ ഇൻ സിനിമ കളക്ടീവിനേയും പിന്തുണച്ച് ഹരീഷ് വാസുദേവനും രംഗത്ത് എത്തിയിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ്‌ഗോപി, ദിലീപ് ... സ്ത്രീവിരുദ്ധതയും പാട്രിയാർക്കിയും പടച്ചുവിടുന്ന നീണ്ട നായകനിരയുണ്ട് നമുക്കെന്ന് ഹരീഷ് ചൂണ്ടിക്കാട്ടുന്നു. മലയാള സിനിമയിലെ ആണത്തനായകർ പടച്ചു വിടുന്ന പാട്രിയാർക്കിയെയും സ്ത്രീവിരുദ്ധതയെയും തുറന്നു കാട്ടി പൊളിച്ചടുക്കാതെ, അത് നമ്മുടെ സഹോദരന്മാർക്കും ആൺ മക്കൾക്കും വ്യക്തമായി പറഞ്ഞു കൊടുക്കാതെ, കേരളത്തിന്റെ പബ്ലിക് സ്‌പേസ് ഒരൽപ്പമെങ്കിലും ജെണ്ടർ ന്യൂട്രൽ ആക്കിയെടുക്കാൻ കഴിയില്ല .

സ്ത്രീവിരുദ്ധത അരക്കെട്ടുറപ്പിക്കുന്നു
കാരണം, കുടുംബങ്ങളിലും സാംസ്‌കാരിക പരിസരങ്ങളിലും ഏറിയും കുറഞ്ഞും നിലനിൽക്കുന്ന സ്ത്രീവിരുദ്ധത 'ജനപ്രിയ സിനിമ'യിലൂടെ പയ്യപ്പയ്യെ സ്ത്രീകളിലും കുട്ടികളിലും വരെ അരക്കിട്ടുറപ്പിക്കുകയാണ്. ഈ നായകർ വഴി അന്യഥാ സ്വാഭാവികമായി ചോദ്യം ചെയ്യപ്പെടേണ്ട പാട്രിയാർക്കി പൊതുസ്വീകാര്യത നേടുന്നു. നായകർ മാത്രമല്ലല്ലോ, ഈ സ്ത്രീവിരുദ്ധ നായകരെ ഉത്പാദിപ്പിക്കുന്ന മുഖ്യധാരാ പാട്രിയാർക്കിയൽ സിനിമാ വ്യവസായത്തിലെ നായക ഇത്തിൾക്കണ്ണികളായ സംവിധായക-നിർമ്മാണ-തിരക്കഥാ-ഫാൻസ് കൂട്ടുകെട്ടിലെ സകലർക്കും ഈ രക്തത്തിൽ പങ്കുണ്ടെന്ന് ഹരീഷ് വാസുദേവൻ ചൂണ്ടിക്കാട്ടുന്നു.

പ്രതീക്ഷയാണ് ഡബ്ല്യൂസിസി
കഷ്ടം എന്താണെന്നു വെച്ചാൽ, ജെണ്ടർ സമത്വം പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ പരിപാടിയുടെ പോലും പ്രമോട്ടർമാർ എല്ലാ സർക്കാരിലും പിടിയുള്ള ഈ ആൺമേൽക്കോയ്മാ പന്നികൾ (MCP) ആയിരിക്കും എന്നതാണ്. അവശേഷിക്കുന്ന ഒരു പ്രതീക്ഷയാണ് WCC. സ്ത്രീത്വത്തിനു വേണ്ടി നിൽക്കുന്ന ഒരു കൂട്ടായ്മ. സ്വന്തം സ്ത്രീപക്ഷ നിലപാട് ഉറക്കെ പറഞ്ഞ് ഉറച്ചു നിൽക്കുക എന്നത് ദുഷ്കരമായ ഒരു മേഖലയിൽ WCC അത് ചെയ്യുന്നുണ്ട്. അവരെ അപഹസിക്കുന്ന ഒരാളും എന്റെ സൗഹൃദ ലിസ്റ്റിൽ വേണ്ട എന്നാണെന്റെ തീരുമാനം. ഇങ്ങനെയൊക്കെയേ നമുക്ക് ചില നിലപാടുകൾ പറയാനാകൂ എന്നാണ് ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ്.

മമ്മൂട്ടിക്കെതിരെ ദീദി
പാർവ്വതിക്കെതിരെ ഫാൻസിന്റെ ക്രൂരമായ സൈബർ ആക്രമണം നടക്കുമ്പോഴും പ്രതികരിക്കാത്ത മമ്മൂട്ടിക്ക് എതിരെയാണ് ദീദി ദാമോദരന്റെ പ്രതികരണം. ഹീറോയിസം എന്നാൽ മൗനം കൊണ്ട് മുറിവേല്പിക്കലല്ല , വാക്കുകൾ കൊണ്ട് മുറിവുണക്കലാണെന്ന് ദീദി പറയുന്നു. നീതിക്ക് വേണ്ടി പോരാടുന്ന വെള്ളിത്തിരയിലെ നടൻ മമ്മൂട്ടിയുടെ കഥാപാത്രങ്ങളെ മാത്രമല്ല , നിത്യജീവിതത്തിലും മമ്മുക്കയുടെ സ്വരം വേദനിക്കുന്നവർക്ക് സാന്ത്വനമാകുന്നത് നേരിൽ കണ്ടാണ് ഞാൻ വളർന്നത്. സാന്ത്വന പരിചരണ പ്രസ്ഥാനമടക്കമുള്ള നിശബ്ദമായ നിരവധി സന്നദ്ധ പ്രവർത്തനങ്ങളിൽ ഒപ്പം പ്രവർത്തിക്കാനും അവസരമുണ്ടായിട്ടുണ്ട്.

ഹീറോയിസം ജീവിതത്തിലും കാണിക്കൂ
എന്നാൽ സിനിമയിലെ സ്വന്തം സഹപ്രവത്തകയുടെ വേദനയിൽ സാന്ത്വനമായി സ്ഥിതിസമത്വത്തിനായുള്ള പോരാട്ടത്തിൽ നീതിയുടെ സ്വരമായി മമ്മൂക്ക ഇടപെടാതിരിക്കുന്നത് താങ്ങാനാവാത്ത ഖേദമാണുണ്ടാക്കുന്നത്. മൗനം വെടിഞ്ഞ് സ്വന്തം നിലാപാട് വ്യക്തമാക്കണമെന്നും ഫാൻസിന്റെ സ്ത്രീകളോടുള്ള അക്രമാസക്തവും അവഹേളനപരവുമായ ടോളുകൾക്ക് തടയിടാൻ ആവശ്യമായ ഹീറോയിസം യഥാർത്ഥ ജീവിതത്തിലും കാണിക്കണമെന്നുമാണ് എന്റെ അഭ്യർത്ഥനയെന്നാണ് ദീദി പറയുന്നത്.

മമ്മൂട്ടി നിൽക്കേണ്ടത് പാർവ്വതിക്കൊപ്പം
ആണധികാരത്താൽ മതിമറന്ന് ക്രിമിനലുകളെ പോലെ സ്ത്രീത്വത്തെ അപമാനിക്കുന്ന ഫാൻസിനൊപ്പമല്ല , സ്ത്രീയുടെ അന്തസ്സിനായി പോരാടുന്ന പാർവ്വതിക്കൊപ്പമാണ് മമ്മൂക്ക നിൽക്കേണ്ടത്. അതാണ് യഥാർത്ഥ ഹീറോയിസം . അതാണ് ഒരു യഥാർത്ഥ ഹീറോയിൽ നിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നതും എന്നും ദീദി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
പാർവ്വതിക്കൊപ്പം
ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്












Click it and Unblock the Notifications