ശബരിമല വിഷയം; ഡൽഹിയിലും തിരുവനന്തപുരത്തും പ്രതിഷേധം, സർക്കാരിന്റെ പരാജയമെന്ന് വിഡി സതീശൻ
തിരുവനന്തപുരം: ശബരിമലയിലെ അനിയന്ത്രിത തിരക്കും തീർത്ഥാടകരുടെ ബുദ്ധിമുട്ടുകളും പാർലമെന്റിൽ ഉന്നയിക്കാൻ ഒരുങ്ങി കോൺഗ്രസ്. പോലീസുകാരെ കുറച്ച് ശബരിമല തീർത്ഥാടനം ദുരന്തപൂർണമാക്കി മാറ്റിയത് സംസ്ഥാന സർക്കാരാണെന്നാണ് ആന്റോ ആന്റണി എംപിയുടെ ആരോപണം. ശബരിമല വിഷയം ചൂണ്ടിക്കാട്ടി ടിഎൻ പ്രതാപൻ ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസും നൽകി.
ഓരോ എട്ട് മണിക്കൂറിലും 650 പോലീസുകാരെ മാത്രമാണ് ശബരിമലയിൽ ഡ്യൂട്ടിക്ക് വേണ്ടി നിയോഗിച്ചത്. എന്നാൽ മുഖ്യമന്ത്രിയുടെ നവകേരള സദസ്സിന് വേണ്ടി ഇടുക്കിയിൽ മാത്രം 2500 പോലീസുകാരെ അനുവദിച്ചുവെന്നും ആന്റോ ആന്റണി എംപി ആരോപിച്ചു.

ഡൽഹിയിൽ മാത്രമല്ല കേരളത്തിലും കോൺഗ്രസ് ശബരിമല വിഷയം ചൂണ്ടിക്കാട്ടി പ്രതിഷേധം ശക്തമാക്കുകയാണ്. ശബരിമലയിലെ ഇപ്പോഴത്തെ സാഹചര്യത്തിന് കാരണം സർക്കാരിന്റെ പരാജയമാണെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിക്കുന്നത്.
അവധി ദിവസങ്ങളിൽ സ്ത്രീകളും കുട്ടികളും ശബരിമലയിലേക്ക് പോവരുതെന്ന ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ പ്രസ്‌താവന എല്ലാവരെയും വിസ്‌മയിപ്പിച്ചു. ആരാണ് ശബരിമലയിൽ പോവുന്നതെന്ന് പ്രസിഡന്റിന് തന്നെ അറിയില്ല. ദേവസ്വം മന്ത്രി ഉൾപ്പെടെ 44 ദിവസത്തെ ടൂറിന് പോയിരിക്കുകയാണെന്നും, ഇത് സർക്കാരിന്റെ പരാജയമാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.
അതേസമയം, ശബരിമലയിൽ ഭക്തർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തി. ഏഴോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആദ്യം ദേവസ്വം ഓഫീസിലേക്ക് പ്രതിഷേധവുമായി എത്തുകയായിരുന്നു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനം യോഗം ചേരുന്ന വേളയിലാണ് പ്രകടനവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇവിടേക്ക് എത്തിയത്. ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്, ദേവസ്വം ബോർഡ് കമ്മീഷണർ, മറ്റ് മെമ്പർമാർ എന്നിവർ ഈ സമയം ഓഫീസിനുള്ളിൽ ഉണ്ടായിരുന്നു.
തുടർന്ന് പോലീസ് എത്തി പ്രവർത്തകരെ ബലം പ്രയോഗിച്ച് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. വനിതാ പ്രവർത്തകർ ഉൾപ്പെടെ പ്രതിഷേധത്തിൽ പങ്കെടുത്തു. കൂടുതൽ പോലീസ് എത്തിയാണ് ഇവരെ ദേവസ്വം ആസ്ഥാനത്ത് നിന്ന് ഒഴിപ്പിച്ചത്.
ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിന്റെ ഓഫീസിലേക്ക് ആയിരുന്നു ആദ്യം പ്രവർത്തകർ എത്തിയത്. പിന്നീട് ഇവർ ദേവസ്വം ബോർഡ് കമ്മീഷണറുടെ ഓഫീസിലേക്ക് പ്രതിഷേധവുമായി എത്തുകയായിരുന്നു. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാരും ദേവസ്വം ബോർഡും വീഴ്‌ച വരുത്തിയെന്നാണ് യൂത്ത് കോൺഗ്രസ് ആക്ഷേപം.
ശബരിമലയിലെ തിരക്ക് കുറയ്ക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഫ് എംപിമാർ രാവിലെ പാർലമെന്റിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഗാന്ധി പ്രതിമയ്ക്ക് മുന്നിലാണ് എംപിമാരുടെ പ്രതിഷേധം നടന്നഹ്. ജസ്‌റ്റിസ് ഫോർ ശബരിമല പ്ലക്കാർഡുകൾ ഉൾപ്പെടെ ഉയർത്തിയാണ് പ്രതിഷേധം നടന്നത്.
ശബരിമലയിലെ അനിയന്ത്രിത തിരക്ക് കാരണം പല ഭക്തരും മല ചവിട്ടാതെ മടങ്ങിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. പന്തളത്തെ ക്ഷേത്രത്തിൽ തേങ്ങയുടച്ച് നെയ്യഭിഷേകം നടത്തി തീർത്ഥാടകർ മാലയൂരി മടങ്ങുകയാണ്. അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകരാണ് ഭക്തജന തിരക്ക് കാരണം മലചവിട്ടാതെ മടങ്ങുന്നത്.
ശബരിമലയിലെ തിരക്ക് നിയന്ത്രണ വിധേയമാക്കാൻ പോലീസ് സ്വീകരിച്ച നടപടികൾ സന്നിധാനത്തിന്റെ ചുമതലയുള്ള എഡിജിപി ഇന്ന് ഹൈക്കോടതിയെ അറിയിക്കും. ഉച്ചയ്ക്ക് 2 മണിക്ക് ഹൈക്കോടതി വിഷയം പരിഗണിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. മണിക്കൂറുകളോളം കാത്തിരുന്നിട്ടും ഭക്തർക്ക് ദർശനം ലഭിക്കുന്നില്ലെന്ന പരാതി ഉയരുന്നതിനിടെയാണ് ഹൈക്കോടതി വിഷയം പരിഗണിക്കുന്നത്.












Click it and Unblock the Notifications