രാഹുൽ മാങ്കൂട്ടത്തിലിന് നിർണായകം; ജാമ്യ ഹർജിയിൽ വിധി ഇന്നറിയാം, കോടതിയിൽ വാദം നടന്നത് രഹസ്യമായി
പത്തനംതിട്ട: ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ഇന്ന് നിർണായക ദിനം. രാഹുലിന്റെ ജാമ്യാപേക്ഷയിൽ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. പ്രോസിക്യൂഷന്റെ അപേക്ഷ പ്രകാരം രണ്ട് മണിക്കൂർ നീണ്ട വാദപ്രതിവാദങ്ങൾ കോടതി മുറിക്കുള്ളിൽ രഹസ്യമായാണ് നടന്നത്. മജിസ്‌ട്രേറ്റ് അരുന്ധതി ദിലീപ് ഇരുകൂട്ടരുടെയും വാദം കേട്ട ശേഷം വിധി പറയാനായി ഇന്നത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു.
ശക്തമായ വാദപ്രതിവാദങ്ങളാണ് പ്രോസിക്യൂഷനും പ്രതിഭാഗവും ഇന്നലെ കോടതി മുറിക്കുള്ളിൽ നടത്തിയത്. മൂന്നാം കേസിൽ അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ നടപടികൾ പുരോഗമിക്കുന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിക്കുകയും ചെയ്‌തു. മാത്രമല്ല എംഎൽഎക്കെതിരെ നിരന്തരം പരാതികൾ ഇത്തരത്തിലുള്ള ആണെന്നും ജാമ്യം നൽകരുതെന്നും പ്രത്യേക അന്വേഷണ സംഘം വാദിച്ചു.

എന്നാൽ അഡ്വ. ശാസ്‌തമംഗലം അജിത് കുമാർ മുഖേന സമർപ്പിച്ച ജാമ്യാപേക്ഷയിൽ, തനിക്കെതിരെയുള്ള മൂന്നാമത്തെ പീഡനക്കേസും അറസ്‌റ്റും തികച്ചും നിയമവിരുദ്ധമാണെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ വാദിച്ചത്. പരാതിക്കാരി ഒപ്പിട്ട മൊഴിയോ വൈദ്യപരിശോധയുടെ റിപ്പോർട്ടോ നിലവിലില്ലെന്നും രാഹുലിനെ അറസ്‌റ്റ് ചെയ്യുമ്പോൾ കൃത്യമായ കാരണങ്ങൾ ബോധിപ്പിച്ചിട്ടില്ലെന്നും പ്രതിഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടി.
2024 ഏപ്രിലിൽ നടന്നുവെന്ന് പറയുന്ന സംഭവത്തിൽ ഒക്ടോബറിലും പരാതിക്കാരി തന്നെ നേരിട്ട് കാണാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നും ഇത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നും രാഹുലിന് വേണ്ടി അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതെല്ലാം കണക്കിലെടുത്ത് തനിക്ക് ജാമ്യം അനുവദിക്കണമെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെടുന്നത്.
പത്തനംതിട്ട സ്വദേശിനിയായ യുവതി നൽകിയ പരാതിയിലാണ് ഐപിസി 376 (ബലാത്സംഗം), 506(1) (ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കേസെടുത്തത്. പരാതിക്കാരി തന്നെയാണ് ഹോട്ടൽ മുറി ബുക്ക് ചെയ്‌തതെന്നും അവർ വിവാഹിതയാണെന്ന വിവരം തനിക്കറിയാമായിരുന്നുവെന്നും രാഹുൽ കോടതിയിൽ സമർപ്പിച്ച ജാമ്യ ഹർജിയിൽ പറഞ്ഞിരുന്നു.
നേരത്തെയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് എതിരെ സമാനമായ പരാതികൾ ഉയർന്നിരുന്നു. രണ്ട് യുവതികൾ നൽകിയ സമാനമായ പരാതികളിൽ ഹൈക്കോടതിയിൽ നിന്നും സെഷൻസ് കോടതിയിൽ നിന്നും രാഹുലിന്റെ അറസ്‌റ്റ് തടഞ്ഞുകൊണ്ടുള്ള സംരക്ഷണം ലഭിച്ചിരുന്നു. എന്നാൽ മൂന്നാമത്തെ കേസിൽ ജനുവരി 11-നാണ് പാലക്കാട് വെച്ച് രാഹുൽ പോലീസ് പിടിയിലാവുന്നത്.
കസ്‌റ്റഡി കാലാവധിയിൽ രാഹുലിനെ പത്തനംതിട്ടയിലെ വിവിധ ഇടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. എന്നാൽ തന്റെ ഫോണിന്റെ പാസ്‌വേഡ് കൈമാറാൻ രാഹുൽ മാങ്കൂട്ടത്തിൽ വിസമ്മതിച്ചത് അന്വേഷണത്തിന് വെല്ലുവിളിയാണെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു. ഫോണിലെ ഡിജിറ്റൽ തെളിവുകൾ വീണ്ടെടുക്കാൻ സൈബർ വിദഗ്‌ധരുടെ സഹായം തേടുമെന്നാണ് എസ്ഐടി വ്യക്തമാക്കിയത്.












Click it and Unblock the Notifications