ആൾക്കൂട്ട നിയന്ത്രണം; ക്യാമ്പസ് പരിപാടികൾക്ക് കൂടി മാർഗനിർദ്ദേശം ബാധകമാക്കിയേക്കും
കൊച്ചി: കളമശ്ശേരി കുസാറ്റ് ക്യാമ്പസിൽ ടെക് ഫെസ്‌റ്റിനിടെ ഉണ്ടായ ദുരന്തത്തിന് പിന്നാലെ ആൾക്കൂട്ട ആഘോഷങ്ങളുടെ നിയന്ത്രണം കൂടുതൽ വ്യാപിപ്പിക്കാൻ ഒരുങ്ങി പോലീസ്. ക്യാമ്പസുകളിൽ നടക്കുന്ന ഇത്തരം ആഘോഷങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്താനാണ് ആലോചന. നിയന്ത്രണങ്ങളിലെ വീഴ്‌ച പുറത്തുവന്നതോടെയാണ് കടുത്ത നടപടികൾ സ്വീകരിക്കാൻ പോലീസ് ഒരുങ്ങുന്നത്.
പോലീസിനെ അറിയിക്കാതെ പരിപാടി നടത്തിയത് ഉൾപ്പെടെ സംഘാടകരുടെ ഭാഗത്ത് വീഴ്‌ച ഉണ്ടായതായി സർവകലാശാല സമ്മതിച്ചിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് വിദ്യാർഥികൾ നേതൃത്വം നൽകുന്ന ക്യാമ്പസുകളിലെ പരിപാടികൾക്കും പോലീസ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. വിഷയത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടത്തിയിട്ടില്ല.

ശബരിമലയും തൃശൂർ പൂരവും ഉൾപ്പടെ സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന ഇടങ്ങളിൽ കൃത്യമായ പോലീസ് നിയന്ത്രണം കാര്യങ്ങൾ എളുപ്പമാക്കുന്നു. എന്നാൽ ഓഡിറ്റോറിയങ്ങൾ പോലെയുള്ള അടച്ചിട്ട ഇടങ്ങളിലും, മറ്റിടങ്ങളിലും കൂടി ഈ പൊതു മാർഗ്ഗനിർദ്ദേശം നടപ്പാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് കളമശ്ശേരി സംഭവം വെളിച്ചം വീശുന്നത്. ഇതാണ് പുതിയ നീക്കത്തിന് അധികൃതരെ പ്രേരിപ്പിച്ചത്.
അതേസമയം, കുട്ടികളെ സമയത്തിന് അനുസരിച്ച് കയറ്റിവിടുന്നതിലുണ്ടായ വീഴ്‌ച അപകടത്തിലേക്ക് നയിച്ചതെന്ന് വൈസ് ചാൻസിലർ ഡോ പിജി ശങ്കരൻ ഇന്ന് വ്യക്തമാക്കിയിരുന്നു. ഓഡിറ്റോറിയത്തിന്റെ സ്‌റ്റെപ്പുകൾ വീതി കുറഞ്ഞതാണെന്നും ആളുകൾ ഇരച്ചെത്തിയപ്പോൾ അവിടെ നിന്നിരുന്ന കുട്ടികൾ താഴേക്ക് വീഴുകയായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ക്യാമ്പസിൽ ടെക്ഫെസ്‌റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെ നടന്ന അപകടത്തിൽ നാല് വിദ്യാർത്ഥികൾക്കാണ് ജീവൻ നഷ്‌ടമായത്. സ്‌കൂൾ ഓഫ് എഞ്ചിനിയറിങ്ങിലെ രണ്ടാം സെമസ്‌റ്റർ വിദ്യാർഥി കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, നോർത്ത് പറവൂർ സ്വദേശിനി ആൻ റുഫ്‌ത, കോഴിക്കോട് താമരശ്ശേരി സ്വദേശിനി സാറ തോമസ്, പാലക്കാട് മുണ്ടൂർ സ്വദേശി ആൽവിൻ ജോസഫ് എന്നിവരാണ് മരിച്ചത്.
സർവ്വകലാശാലയിൽ നവംബർ 24, 25,26 തിയതികളിൽ സ്‌കൂൾ ഓഫ് എഞ്ചിനീയറിങ് വിഭാഗം നടത്തിയ ടെക്‌നിക്കൽ ഫെസ്‌റ്റിൽ എക്‌സിബിഷൻ, ടെക്‌നിക്കൽ ടോക്‌സ്, എക്‌സ്പേർട്ട് ലക്ചേഴ്‌സ് എന്നിവയാണ് നടന്നത്. സമീപ കോളേജുകളിലെ വിദ്യാർത്ഥികളും കൂടി പരിപാടിയിൽ ക്ഷണിതാക്കളായിരുന്നു. ബോളിവുഡ് ഗായിക നികിത ഗാന്ധി നേതൃത്വം നൽകുന്ന സംഗീതനിശയായിരുന്നു പരിപാടിയുടെ മുഖ്യ ആകർഷണം. ഇതോടെയാണ് വിദ്യാർത്ഥികളുടെ വലിയ തിരക്ക് അനുഭവപ്പെട്ടത്.












Click it and Unblock the Notifications