കുസാറ്റ് അപകടം; 18 പേർ ചികിത്സയിൽ, സർവകലാശാലയ്ക്ക് വീഴ്‌ചയുണ്ടായെന്ന് ആരോപണം
കൊച്ചി: കളമശ്ശേരി കുസാറ്റ് ക്യാമ്പസിൽ നടന്ന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 25 വിദ്യാർത്ഥികളെ ആശുപത്രിയിൽ നിന്ന് ഡിചാർജ് ചെയ്‌തു. നിലവിൽ ചികത്സയിലുള്ളത് 18 പേർ മാത്രമാണ്. ഇതിൽ ഏഴ് പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലുള്ള 2 വിദ്യാര്‍ത്ഥിനികളുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചത്. ഇവരെ രണ്ടുപേരെയും വെന്റിലേറ്ററിൽ നിന്ന് മാറ്റിയിട്ടുണ്ട്. ഇവരടക്കം 18 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ ഉള്ളത്.

ക്യാമ്പസില്‍ അപകടം നടന്ന ഓഡിറ്റോറിയത്തില്‍ വിദഗ്‌ദ്ധ സംഘം പരിശോധന നടത്തിയിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ച സമിതി അംഗങ്ങളാണ് വിശദമായ പരിശോധന നടത്തിയത്. തിരുവനന്തപുരം എഞ്ചിനീയറിങ് കോളജിൽ നിന്നുള്ള രണ്ടു പേർ ഓഡിറ്റോറിയത്തിൽ സാങ്കേതിക പരിശോധന നടത്തി.
അതേസമയം, അപകടത്തിന് കാരണം സർവകലാശാലയുടെ വീഴ്‌ചയാണെന്ന ആരോപണം ശക്തമാണ്. നേരത്തെ പരിപാടിക്ക് പോലീസ് സംരക്ഷണം നൽകിയില്ലെന്ന് വ്യക്തമായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സർവകലാശാലയ്ക്ക് ഗുരുതര വീഴ്‌ചയുണ്ടായെന്നാണ് സൂചന. സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗ് പരിപാടിക്ക് പോലീസ് സുരക്ഷാ ആവശ്യപ്പെട്ടു കൊണ്ട് എഴുതിയ കത്ത് പുറത്തുവന്നിരുന്നു.
സ്‌കൂൾ ഓഫ് എഞ്ചിനീയറിങ് പ്രിൻസിപ്പൽ രജിസ്ട്രാർക്ക് കത്ത് നൽകിയിരുന്നുവെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് സൂചന. സുരക്ഷയൊരുക്കണമെന്നും, പോലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് പരിപാടി സംഘടിപ്പിച്ച സ്‌കൂൾ എഞ്ചിനീയറിംഗ് സർവകലാശാല രജിസ്ട്രാർക്ക് നൽകിയ കത്താണ് പുറത്തുവന്നിരിക്കുന്നത്.
എന്നാൽ തങ്ങൾക്ക് വിഷയം ചൂണ്ടിക്കാട്ടി രേഖാമൂലം അപേക്ഷ ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗ് നൽകിയ കത്തിൽ തുടർനടപടി ഉണ്ടായിട്ടില്ലെന്ന് വ്യക്തമാണ്.ഇതിനിടെ പരിപാടി സംഘടിപ്പിച്ചത് മാനദണ്ഡങ്ങൾ ലംഘിച്ചാണെന്ന് കണ്ടെത്തിയിരുന്നു. ഇത്തരം ആഘോഷങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള സർക്കാർ നിർദ്ദേശങ്ങളും ഹൈക്കോടതി ഉത്തരവും ലംഘിച്ചാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് കണ്ടെത്തൽ.
കോളജ് ക്യാംപസുകളിൽ പുറത്തുനിന്നുള്ള പ്രൊഫഷണൽ ഗ്രൂപ്പുകളുടെ പരിപാടികൾക്ക് അനുമതിയില്ലെന്നിരിക്കെയാണ് പ്രമുഖ ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ സംഗീത നിശ കുസാറ്റിൽ സംഘടിപ്പിച്ചത്. ഈ പരിപാടിയ്ക്ക് തൊട്ട് മുൻപാണ് അപകടമുണ്ടായത്. വൻ ജനാവലി തന്നെ പരിപാടി കാണാനായി എത്തിയിരുന്നു. ഇത് അപകടത്തിന്റെ വ്യാപ്‌തി വർധിപ്പിച്ചു.












Click it and Unblock the Notifications