എറണാകുളം ബെംഗളൂരു വന്ദേഭാരത് ട്രെയിനില്‍ ചത്ത പാമ്പ്; വൃത്തിയാക്കിയ ശേഷം എങ്ങനെ? അന്വേഷണം
കൊച്ചി: ബെംഗളൂരുവിലേക്ക് പോകുന്ന വന്ദേഭാരത് എക്സ്പ്രസില്‍ ചത്ത പാമ്പിനെ കണ്ടെത്തി. സി-6 കോച്ചിലെ 27ാം നമ്പര്‍ സീറ്റിലായിരുന്നു അണലിയെ കണ്ടത്. ആശങ്കയിലായ യാത്രക്കാര്‍ പരാതിപ്പെട്ടു. തുടര്‍ന്ന് ടിടിഇയും മറ്റു ഉദ്യോഗസ്ഥരും എത്തി. വൃത്തിയാക്കല്‍ കഴിഞ്ഞ ശേഷം എങ്ങനെ പാമ്പ് ഇവിടെ എത്തി എന്ന് അന്വേഷണം തുടങ്ങി.
ശുചീകരണ തൊഴിലാളികള്‍ പാമ്പിനെ എടുത്തു മാറ്റിയ ശേഷമാണ് ട്രെയിന്‍ പുറപ്പെട്ടത്. ബെംഗളൂരുവില്‍ നിന്ന് എറണാകുളത്ത് എത്തി അല്‍പ്പ നേരം കഴിഞ്ഞ് ബെംഗളൂരുവിലേക്ക് മടങ്ങുന്ന വന്ദേഭാരത് എക്സ്പ്രസ് ആണിത്. ഈ സിറ്റില്‍ ഇരുന്ന സ്ത്രീ വാഷ്റൂമില്‍ പോയതായിരുന്നു. ഈ വേളയിലാണ് തൊട്ടടുത്ത സീറ്റ് ബുക്ക് ചെയ്തവര്‍ കയറിയതും പാമ്പിനെ കണ്ടതും.

ആദ്യം കളിപ്പാട്ടമാണ് എന്നാണ് കരുതിയതത്രെ. പാമ്പാണ് എന്ന് മനസിലാക്കിയതോടെ പരാതി നല്‍കുകയായിരുന്നു. രാജ്യത്തെ ഏറെ ശ്രദ്ധിക്കപ്പെടുന്ന ട്രെയിനുകളില്‍ ഒന്നാണ് വന്ദേഭാരത്. ഉയര്‍ന്ന ടിക്കറ്റ് നിരക്ക് നല്കി യാത്ര ചെയ്യുന്ന തീവണ്ടിയില്‍ എങ്ങനെ സുരക്ഷാ വീഴ്ച സംഭവിച്ചു എന്നാണ് ചോദ്യം. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ട്രെയിന്‍ എറണാകുളത്ത് എത്തിയാല്‍ ശുചീകരണ തൊഴിലാളികള്‍ എല്ലാ ബോഗികളും പരിശോധിക്കുകയും വൃത്തിയാക്കുകയും ചെയ്യാറുണ്ട്. ഇത്തവണയും ഈ നടപടികളെല്ലാം പൂര്‍ത്തിയാക്കി എന്നാണ് റെയില്‍വെ ഉദ്യോഗസ്ഥര്‍ പറയുന്നത്. പിന്നെ എങ്ങനെ പാമ്പ് വന്നു എന്ന ചോദ്യമാണ് ഉയരുന്നത്. അന്വേഷണത്തിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ.
കോയമ്പത്തൂരിലേക്ക് പോകാന്‍ ട്രെയിനില്‍ കയറിയ വിനു വര്‍ഗീസും കുടുംബവുമാണ് പാമ്പിനെ കണ്ട കാര്യം പരാതിപ്പെട്ടത്. പാമ്പിന് മുകളില്‍ ഭാരമുള്ള വസ്തു വച്ചതുകൊണ്ടാകാം ചത്തത് എന്ന് കരുതുന്നു. പരാതിപ്പെടാനുള്ള പോര്‍ട്ടിലില്‍ വിഷയം അറിയിച്ചു. തുടര്‍ന്ന് റെയില്‍വെ ജീവനക്കാര്‍ എത്തി പാമ്പിനെ മാറ്റി എന്നും വിനു പറയുന്നു.
കേരളത്തില്‍ സര്‍വീസ് നടത്തുന്ന മൂന്ന് വന്ദേഭാരത് തീവണ്ടികളില്‍ ഒന്നാണ് എറണാകുളം-ബെംഗളൂരു റൂട്ടില്‍ ഓടുന്നത്. എപ്പോഴും നിറഞ്ഞോടുന്ന ട്രെയിന്‍ ആണിത്. വൈകാതെ കേരളത്തിന് പുതിയ വന്ദേഭാരത് സ്ലീപ്പര്‍ കിട്ടുമെന്ന വിവരം വന്നിട്ടുണ്ട്. ബിജെപി നേതാക്കള്‍ കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഇക്കാര്യം പറഞ്ഞത്.




Click it and Unblock the Notifications