കെപിസിസി അധ്യക്ഷ പദവിയിലേക്കില്ല, സോഷ്യൽ മീഡിയ ക്യാംപെയ്നുകളെ തള്ളി ഡീൻ കുര്യാക്കോസ്
കെപിസിസി അധ്യക്ഷ പദവിയിലേക്ക് തന്റെ പേരുയർത്തി സോഷ്യൽ മീഡിയയിൽ നടക്കുന്ന ക്യാംപെയ്നുകളെ തളളി ഡീൻ കുര്യാക്കോസ് എംപി. അങ്ങേയറ്റം തെറ്റായ നടപടിയാണ് ഇതെന്നും അർഹതയില്ലാതെ ഞാൻ ഒരു സ്ഥാനവും ആരോടും ചോദിച്ചിട്ടില്ലെന്നും ഡീൻ കുര്യാക്കോസ് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
തനിക്ക് വേണ്ടി നടത്തുന്ന ക്യാംപെയ്നിൽ നിന്ന് സുഹൃത്തുക്കൾ അടക്കമുളളവർ പിന്മാറണമെന്നും ഇപ്പോൾ കെപിസിസി അധ്യക്ഷ പദവിയിൽ താൻ അൺഫിറ്റ് ആണെന്നാണ് ബോധ്യമെന്നും ഡീൻ കുര്യാക്കോസ് പറയുന്നു.
ഡീൻ കുര്യാക്കോസിന്റെ ഫേസ്ബുക്ക് കുറിപ്പ്: '' പ്രിയപ്പെട്ടവരെ, KPCC പ്രസിഡൻ്റ് സ്ഥാനത്ത് ഉചിതമായ പേര് പാർട്ടിയുടെ ഉന്നത നേതൃത്വം ആലോചനയിലൂടെ തീരുമാനിക്കും. വ്യക്തിപരമായി എൻ്റെ പേരും പാർട്ടിയുടെ കേരള സംസ്ഥാനത്തെ ഏറ്റവും ഉന്നത പദവിയിലേക്ക് നിർദ്ദേശിക്കുന്ന തരത്തിൽ അടുത്ത സുഹൃത്തുക്കൾ ഉൾപ്പടെ നവ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെടുകയുണ്ടായി. ഇത് അങ്ങേയറ്റം തെറ്റായ നടപടിയാണ് എന്ന് ഓർമ്മപ്പെടുത്തട്ടെ. പല കാരണങ്ങളുമുണ്ട്.

1 ) എന്നെ അറിയാവുന്ന ആളുകൾക്ക് അറിയാം ഞാൻ ഈ പദവിയിലേക്ക് എന്നെ സ്വയം ഉയർത്തി കാണിക്കില്ലായെന്ന്. അർഹതയില്ലാതെ ഞാൻ ഒരു സ്ഥാനവും ആരോടും ചോദിച്ചിട്ടില്ല. ഇനി ചോദിക്കുകയുമില്ല.
2) ഞാൻ ആഗ്രഹിച്ച പദവിയിൽ എല്ലാം തന്നെ ദൈവം സഹായിച്ച് എനിക്ക് എത്തിചേരാൻ സാധിച്ചിട്ടുണ്ട്. എൻ്റെ അധ്വാനവും, അത് തിരിച്ചറിഞ്ഞവരായ നേതാക്കളും എന്നെ നല്ല വിധത്തിൽ സഹായിച്ചിട്ടുമുണ്ട്. അവരോടുള്ള കടപ്പാട് എന്നുമുണ്ടായിരിക്കും. അർഹതയില്ലാത്ത ഒരു പദവിയും ഞാൻ തേടി പോയിട്ടുമില്ല. നിലവിൽ ഇപ്പോൾ KPCC പ്രസിഡൻ്റ് പദവിയിൽ ഞാൻ Unfit ആണ് എന്നാണ് എൻ്റെ ബോധ്യം.
3) വാട്ട്സ്ആപ്പിലും, FB യിലും യുദ്ധം നടത്തിയല്ല ഈ പദവിയൊക്കെ തീരുമാനിക്കുന്നത് എന്ന് അറിഞ്ഞു കൊണ്ട് അതിനെയൊക്കെ പ്രോൽസാഹിപ്പിക്കുന്നവരായ നേതാക്കളെ പോലെ എന്നെ കരുതുകയുമരുത്. പാർട്ടി എനിക്ക് നൽകിയ എല്ലാ സ്ഥാനങ്ങളിലും ഞാൻ തികഞ്ഞ സംതൃപ്തിയുളളയാളാണ്. ജനപ്രതിനിധി എന്ന നിലയിൽ ഞാൻ ആത്മ വിശ്വാസത്തോടെ അധ്വാനിക്കുകയുമാണ്.
പാർട്ടി ഹൈക്കമാൻ്റ് ഏറ്റവും അനുയോജ്യനായ ആളെ കണ്ടെത്തുന്നതു വരെ അതിന് കാത്തിരിക്കുകയാണ് വേണ്ടതെന്നും, എന്നെ സ്നേഹിക്കുന്നവർ അറിഞ്ഞോ അറിയാതെയോ ഈ ക്യാമ്പയിനിൽ പങ്കാളികളായിട്ടുള്ളവർ നവ മാദ്ധ്യമങ്ങളിലെ ഈ ശ്രമത്തിൽ നിന്നും പിന്തിരിയണമെന്നും, വിനീതമായി അഭ്യർത്ഥിക്കുന്നു..''



Click it and Unblock the Notifications
