'അത് താങ്കൾ വിചാരിച്ചാൽ നടക്കില്ല, തരത്തിൽ പോയി കളിക്ക് നികേഷേ'; മറുപടിയുമായി ദീപ്‌തി മേരി വർഗീസ്
കൊച്ചി: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിമർശിച്ച മാധ്യമപ്രവർത്തകൻ എംവി നികേഷ് കുമാറിന് കടുത്ത ഭാഷയിൽ മറുപടിയുമായി ദീപ്‌തി മേരി വർഗീസ്. മുഖ്യമന്ത്രി പിണറായി വിജയനെ നീ പോ മോനെ വിജയ എന്ന് വിശേഷിപ്പിച്ച സംഭവത്തിൽ കഴിഞ്ഞ ദിവസം നികേഷ് കുമാർ രേവന്തിന് മറുപടിയുമായി രംഗത്ത് വന്നിരുന്നു. അതിനെതിരെയാണ് ദീപ്‌തി മേരി വർഗീസിന്റെ പ്രതികരണം.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പരിപ്പ് എടുക്കുമെന്ന് പറഞ്ഞ നികേഷ് കുമാർ ചില കാര്യങ്ങൾ അറിയേണ്ടതുണ്ടെന്ന് ദീപ്‌തി പറഞ്ഞു. സിപിഎമ്മുകാർ വേട്ടയാടിയപ്പോൾ എംവി രാഘവന് മന്ത്രി സ്ഥാനവും എംഎൽഎ സ്ഥാനവും മാത്രമല്ല സുരക്ഷയും നൽകിയത് കോൺഗ്രസ് പ്രസ്ഥാനമാണെന്നും അതുകൊണ്ട് നികേഷ് കുമാർ തരത്തിൽ പോയി കളിക്കണമെന്നും ദീപ്‌തി പറഞ്ഞു.

ദീപ്‌തി മേരി വർഗീസിന്റെ വാക്കുകൾ: തെലങ്കാനയുടെ മുഖ്യമന്ത്രി
രേവന്ത് റെഡ്ഡിയുടെ പരിപ്പെടുക്കുമെന്ന് പറഞ്ഞ എംവി നികേഷ് കുമാറിനോടാണ്;
സിപിഎം പരിപ്പ് എടുക്കും എന്ന് പറഞ്ഞ ഒരു നേതാവ് ഉണ്ടായിരുന്നു കേരള രാഷ്ട്രീയത്തിൽ. പറഞ്ഞുവരുമ്പോൾ നികേഷ് കുമാറിന്റെ പിതാവായിട്ട് വരും, സാക്ഷാൽ എം വി രാഘവൻ. അദ്ദേഹത്തിന്റെ പരിപ്പെടുക്കാൻ സിപിഎം ശ്രമിച്ച കാലത്ത് അദ്ദേഹത്തെ സംരക്ഷിച്ചു കൊണ്ട് ജീവൻ രക്ഷിച്ചുകൊണ്ട് എംഎൽഎയും മന്ത്രിയുമാക്കിയ പ്രസ്ഥാനത്തിന്റെ പേര് കോൺഗ്രസ്സെന്നാണ്.
അന്ന് സിപിഎമ്മിനെ കൊണ്ട് എടുക്കാൻ കഴിയാത്ത പരിപ്പൊന്നും
അച്ഛനെ കൊല്ലാൻ നടന്നവരുടെ പാളയത്തിൽ പാർട്ട് ടൈം ജോലി ചെയ്യുന്ന നികേഷ് കുമാർ വിചാരിച്ചാൽ എടുക്കാൻ പറ്റില്ല, തരത്തിൽ പോയി കളിക്ക് നികേഷേ..
അതേസമയം, പിണറായിയെ എന്നല്ല, ഈ കേരളത്തിലെ ഏതെങ്കിലും രാഷ്ട്രീയ നേതാവിനെ അത്തരത്തിൽ അഭിസംബോധന ചെയ്‌താൽ രേവന്ത് റെഡ്ഡിയുടെ പരിപ്പ് ഞങ്ങൾ എടുക്കുമെന്നാണ് സിപിഎം നേതാവ് കൂടിയായ മുതിർന്ന മാധ്യമപ്രവർത്തകൻ എംവി നികേഷ് കുമാർ പ്രതികരിച്ചത്. കോൺഗ്രസ് പാർട്ടിയുടെ എടിഎം ആണ് രേവന്തെന്നും കോൺഗ്രസ് പ്രചാരണത്തിന് ലാവിഷ് ആയി പണം ഇറക്കിയത് ഇയാളാണെന്നും നികേഷ് ആരോപിച്ചിരുന്നു.
അഴിമതിപ്പണമാണ്, സർക്കാർ പദ്ധതികളിൽ നിന്ന് കട്ട പണം. അതിന്റെ അഹങ്കാരം രേവന്തിന്റെ വാക്കുകളിൽ കാണാം. 'നീ' എന്നും 'പോ മോനെ' എന്നും എൺപത് കഴിഞ്ഞ ഒരു സിറ്റിംഗ് മുഖ്യമന്ത്രിയെ വിളിക്കാനുള്ള ഔദ്ധത്യം രേവന്തിന് എങ്ങനെയുണ്ടായിയെന്നും നികേഷ് കുമാർ ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ചോദിച്ചിരുന്നു.












Click it and Unblock the Notifications