മഞ്ജു വാര്യർ നൽകിയ മാനനഷ്‌ട കേസ്; അഭിഭാഷകൻ വേണ്ടെന്ന് സനൽ കുമാർ ശശിധരൻ, നേരിട്ട് വാദിക്കും
കൊച്ചി: നടി മഞ്ജു വാര്യർ നൽകിയ മാനനഷ്‌ടക്കേസിൽ അഭിഭാഷകന്റെ ആവശ്യമില്ലെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ കോടതിയെ അറിയിച്ചു. മഞ്ജു വാര്യർക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിലാണ് സംവിധായകന്റെ പുതിയ നീക്കം. കേസുമായി ബന്ധപ്പെട്ട് സനൽകുമാർ കോടതിയിൽ നേരിട്ട് തന്റെ ഭാഗം അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
മഞ്ജു വാര്യർ നൽകിയ ഹർജിയിൽ സനൽകുമാർ ശശിധരനും ഓൺലൈൻ മാധ്യമ പ്രവർത്തകൻ ഷാജൻ സ്‌കറിയയും ഉൾപ്പെടെയുള്ളവർക്കെതിരെ നടപടിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ തന്നെക്കുറിച്ച് തെറ്റായതും അപകീർത്തികരവുമായ പരാമർശങ്ങൾ തുടർച്ചയായി നടത്തിയെന്നാണ് മഞ്ജു വാര്യരുടെ പരാതി. നേരത്തെ എറണാകുളം മുൻസിഫ് കോടതി ചില സമൂഹമാധ്യമ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിനും പുതിയ അപകീർത്തികരമായ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുന്നത് തടയുന്നതിനും ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

മഞ്ജു വാര്യർക്കായി നടി കൂടിയായ അഭിഭാഷക ശാന്തി മായാദേവിയാണ് കോടതിയിൽ ഹാജരാകുന്നത്. മഞ്ജുവിനെതിരെ വർഷങ്ങളായി സനൽകുമാർ വിവിധ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ടെന്നും ഇതാണ് നിയമനടപടിയിലേക്ക് പോകാൻ കാരണമെന്നും അഭിഭാഷക നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിലുള്ള ചില സമൂഹമാധ്യമ പോസ്‌റ്റുകൾ നീക്കം ചെയ്യണമെന്നും ഇത്തരത്തിലുള്ള ഉള്ളടക്കങ്ങൾ തുടർന്നും പ്രചരിക്കുന്നത് തടയണമെന്നും മഞ്ജു വാര്യർ ആവശ്യപ്പെട്ടിട്ടുണ്ട്.
മഞ്ജു വാര്യർക്കെതിരെ സനൽകുമാർ ഉന്നയിച്ച ആരോപണങ്ങൾ നേരത്തെയും നിയമനടപടികൾക്ക് കാരണമായിട്ടുണ്ട്. 2025 ജനുവരിയിൽ ഓൺലൈൻ അധിക്ഷേപവുമായി ബന്ധപ്പെട്ട പരാതിയിൽ എളമക്കര പോലീസ് അദ്ദേഹത്തിനെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുംബൈ വിമാനത്താവളത്തിൽ തടഞ്ഞുവയ്ക്കുകയും അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. പിന്നീട് മജിസ്ട്രേറ്റ് കോടതി സനൽ കുമാർ ശശിധരന് ജാമ്യം അനുവദിച്ചു.
2020ൽ പുറത്തിറങ്ങിയ 'കയറ്റം' എന്ന സിനിമയിൽ മഞ്ജു വാര്യരും സനൽകുമാർ ശശിധരനും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. പിന്നീട് നടിയുടെ വ്യക്തിജീവിതവും സുരക്ഷയും സംബന്ധിച്ച് സംവിധായകൻ വിവിധ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങൾക്കെതിരെയാണ് മഞ്ജു വാര്യർ ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നത്.
അതിനിടെ സനൽ കുമാർ ശശിധരൻ മഞ്ജു വാര്യർ മാഫിയ തടവിലാണെന്ന് ആരോപിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരം നടത്തിയിരുന്നു. പോലീസ് ഇടപെട്ടതിനെ തുടർന്നാണ് സനൽ കുമാർ ഒൻപതാം ദിവസം നിരാഹാര സമരം അവസാനിപ്പിച്ചത്. നേരത്തെയും സമാനമായ രീതിയിൽ മഞ്ജു വാര്യരെ ബന്ധപ്പെടുത്തി ആരോപണങ്ങൾ ഉന്നയിച്ച വ്യക്തി കൂടിയാണ് സനൽ കുമാർ ശശിധരൻ.


Click it and Unblock the Notifications
