കള്ളപ്പണ നിക്ഷേപം; പാൻഡോറ പേപ്പറിൽ പേരുള്ള മലയാളികൾക്കെതിരെ ആദായനികുതി വകുപ്പിന്റെ അന്വേഷണം
കൊച്ചി: കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ട് പാൻഡോറ പേപ്പറിലുള്ള മലയാളികൾക്ക് എതിരെ ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങി. മനോജ് പത്മനാഭന്‍, ജോസഫ് ജോബ്, ക്ലീറ്റസ് കുരിശിങ്കല്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണം ആരംഭിച്ചത്. ഇവരുമായി ബന്ധമുള്ള കൊച്ചിയിലെ സോഫ്റ്റ്‌വെയര്‍ സ്ഥാപനത്തില്‍ ഇന്നലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു.
മൂന്നുപേര്‍ക്കും ബ്രീട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡില്‍ ഷെല്‍ കമ്പനികള്‍ ഉണ്ടെന്ന് ആദായനികുതി വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മനോജ് പത്മനാഭന് പീക്കോക് ടെക്‌നോളജീസ് എന്ന പേരിലും ക്ലീറ്റസ് കുരിശിങ്കലിന് കാറ്റലിസ്‌റ്റ് ഐടി സൊല്യൂഷന്‍സ് എന്ന പേരിലും ജോസഫ് ജോബിന് ന്യൂജെന്‍ ഇന്‍ഫോ സൊല്യൂഷ്യന്‍സ് എന്ന പേരിലുമാണ് ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡില്‍ കമ്പനികളുള്ളതെന്നാണ് കണ്ടെത്തൽ.

മൂവരുമായും ബന്ധമുള്ള കൊച്ചിയിലെ സ്‌പെക്ട്രം സോഫ്റ്റ് ടെക് സൊല്യൂഷ്യന്‍സിലാണ് ആദായ നികുതി വകുപ്പ് ഇന്നലെ പരിശോധന നടത്തിയത്. ക്ലീറ്റസ് കുരിശിങ്കല്‍ ഈ കമ്പനിയുടെ ഡയറക്‌ടറാണ്. കമ്പനിയുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ ആദായ നികുതി വകുപ്പ് പരിശോധിച്ചു, ഇതിൽ ഇവരുടെ വരുമാനത്തിന്റെ വലിയൊരു ഭാഗം ദുബായിലെ ഒരു ഇന്‍ഫോര്‍മാറ്റിക് സ്ഥാപനത്തിന്റെ മറവില്‍ ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡിലെ ഇവരുടെ കമ്പനികളിലേക്ക് പോയതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
യുഎസ് മലയാളി ഫ്രാൻസിസ് കുന്നുമ്പുറത്തുമായി ഇവർക്കുള്ള ബന്ധവും ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നുണ്ട്. പാൻഡോറ പേപ്പറുമായി ബന്ധപ്പെട്ട് കേരളത്തില്‍ ആദ്യമായാണ് ഒരു കേന്ദ്ര ഏജന്‍സിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുന്നത്.
പതിനാല് ആഗോള കോര്‍പ്പറേറ്റ് സേവന സ്ഥാപനങ്ങളില്‍ നിന്നുള്ള 11.9 ദശലക്ഷം ഫയലുകളെയാണ് പാൻഡോറ പേപ്പറുകള്‍ എന്ന് പൊതുവെ വിളിക്കുന്നത്. 117 രാജ്യങ്ങളിലായി 150 മാധ്യമ സ്ഥാപനങ്ങളിലെ 600 മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഇന്റര്‍ നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്‌റ്റിഗേറ്റീവ് ജേണലിസ്‌റ്റുകള്‍(ഐസിഐജെ) നടത്തിയ അന്വേഷണത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറംലോകം അറിഞ്ഞത്.
പാൻഡോറ രേഖകളിൽ ഓഫ്‌ഷോർ സ്ഥാപനങ്ങളുടെ കൈവശമുള്ള പണം, ഷെയർഹോൾഡിങ്, റിയൽ എസ്‌റ്റേറ്റ് പ്രോപ്പർട്ടികൾ എന്നിവയുൾപ്പെടെയുള്ള നിക്ഷേപങ്ങളെ കുറിച്ചുള്ള വിവരങ്ങളും ഉൾപ്പെടുന്നു.
പാൻഡോറ രേഖകൾ പ്രകാരം 380 ഇന്ത്യൻ പൗരന്മാർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിലുള്ള മൂന്ന് മലയാളികളുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചത്.
2010ലാണ് മനോജ് പത്മനാഭനും ജോസഫ് ജോബും ക്ലീറ്റസ് കുരിശിങ്കലും ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡില്‍ കമ്പനികള്‍ തുടങ്ങിയതായി പാൻഡോറ രേഖകളിൽ വ്യക്തമാക്കുന്നത്. ഈ കമ്പനികളുടെ പ്രവര്‍ത്തനവും ഇവരുടെ മറ്റ് സാമ്പത്തിക ഇടപാടുകളും ആദായനികുതി വകുപ്പ് അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications