പരസ്യം: ലജ്ജ തോന്നുന്നെന്ന് സിപിഎം എംഎല്‍എ
പാലക്കാട്: സിപിഎമ്മിന്റെ സംസ്ഥാന പ്ലീനത്തിന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് വിവാദവ്യവസായി നല്‍കിയ പരസ്യം പാര്‍ട്ടി മുഖപത്രത്തിന്റെ മുന്‍പേജില്‍ അച്ചടിച്ചുവന്നതിനെതിരെ നേതാക്കളില്‍ അതൃപ്തി. വിഎസിനും സംസ്ഥാന നേതൃത്വത്തിനും പിന്നാലെ പരസ്യവിവാദത്തില്‍ പാര്‍ട്ടിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബാബു എം പാലിശ്ശേരി എംഎല്‍എ.
മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസിലും ശശീന്ദ്രന്റെയും കുടുംബത്തിന്റെയും കൊലപാതകത്തിലും ആരോപണ വിധേയനായ വ്യവസായി ചാക്ക് രാധാകൃഷ്ണന്‍ എന്ന വി എം രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ പരസ്യം പാര്‍ട്ടി മുഖപത്രത്തില്‍ പ്രസിദ്ധികരിച്ചത് ഒഴിവാക്കാമായിരുന്നു എന്നാണ് പാലിശ്ശേരിയുടെ അഭിപ്രായം. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ബാബു എം പാലിശ്ശേരി പരസ്യത്തിനെതിരെ പ്രതികരിച്ചത്.

'അത് ഒഴിവാക്കാമായിരുന്നു. ആവേശം ആകാശത്തോളം ഉയര്‍ന്നുനിന്ന നിമിഷത്തില്‍ സ്വയം തകര്‍ന്നു ഒരു ഗര്‍ത്തത്തിലേക്ക് നിലംപതിച്ചപോലെയായി. നെഞ്ച് വിരിച്ചു നിന്ന ശേഷം പിന്നെ തല കുമ്പിട്ടു നില്‍ക്കേണ്ടി വന്ന പോലെ. നമ്മുടെതുപോലുള്ള ഒരു വലിയ പ്രസ്ഥാനം ആരുടേയും ചാക്കില്‍ വീഴാന്‍ പാടില്ലായിരുന്നു. എനിക്ക് ലജ്ജ തോന്നുന്നു'. പാലിശ്ശേരി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
പാര്‍ട്ടിയെ ശുദ്ധീകരിക്കാനുള്ള സംസ്ഥാന പ്ലീനത്തിന്റെ സമാപന ദിവസം തന്നെ പാര്‍ട്ടി മുഖപത്രത്തില്‍ വിവാദ വ്യവസായുടെ പരസ്യം പ്രസിദ്ധീകരിച്ചു വന്നത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്ന് സംസ്ഥാന നേതൃത്വവും വിലയിരുത്തി. രാധാകൃഷ്ണന്റെ സൂര്യ എന്ന സ്ഥാപനത്തിന്റെ പരസ്യം ദേശാഭിമാനിയില്‍ അച്ചടിച്ചുവന്നത് പ്ലീനത്തിന്റെ ശോഭകെടുത്തിയെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍












Click it and Unblock the Notifications