ദേവസ്വം ബോർഡ് വാക്കുപാലിച്ചു; ശബരിമലയിൽ കേരളീയ ശൈലിയിൽ തന്നെ സദ്യ വിളമ്പി തുടങ്ങി
പത്തനംതിട്ട: കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷനായി ചുമതല ഏൽക്കുന്ന വേളയിൽ പ്രഖ്യാപനം നടത്തിയത് പോലെ പമ്പയിൽ ഭക്തർക്ക് കേരള സദ്യ വിളമ്പി തുടങ്ങി. പരിപ്പ്, സാമ്പാര്‍, രസം, അവിയല്‍, അച്ചാര്‍, തോരന്‍, പപ്പടം, പായസം എന്നീ വിഭവങ്ങളോടെയാണ് സദ്യ വിളമ്പി തുടങ്ങിയത്. മേൽപറഞ്ഞ വിഭവങ്ങളിൽ അവിയലും തോരനും എന്നത് ഓരോ ദിവസവും മാറും.
മോര്, രസം അല്ലെങ്കില്‍ പുളിശേരി ഏതെങ്കിലും ഒരു വിഭവമായിരിക്കും വിളമ്പുക. ഓരോ ദിവസവും ഓരോ തരം പായസം കൊടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇനിയുള്ള ദിവസങ്ങളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ കേരളീയ സദ്യ വിളമ്പാനാണ് തീരുമാനം. ഉച്ചയ്ക്ക് 12ന് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഒജി ബിജു നിലവിളക്ക് കൊളുത്തിയാണ് സദ്യ അയ്യപ്പന് സമര്‍പ്പിച്ചത്. തുടര്‍ന്ന് അന്നദാനത്തിനായി കാത്തുനിന്ന ഭക്തര്‍ക്ക് സദ്യ വിളമ്പി. സ്‌റ്റീല്‍ പ്ലേറ്റും സ്‌റ്റീല്‍ ഗ്ലാസുമാണ് സദ്യ നൽകാനായി ഉപയോഗിക്കുന്നത്.

അതേസമയം, സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിലെ കാലതാമസം മൂലമാണ് സദ്യ വൈകിയതെന്നും അന്നദാനപ്രഭുവായ അയ്യപ്പന്റെ അനുഗഹത്താല്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും സദ്യ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വ്യക്തമാക്കി. ഓരോ ദിവസവും ഉച്ചയ്ക്ക് അയ്യായിരം ഭക്തരിൽ അധികമാണ് അന്നദാനത്തില്‍ പങ്കെടുക്കുന്നത്.
അതിനിടെ ഈ വര്‍ഷത്തെ മണ്ഡലപൂജയുടെ മുഹൂര്‍ത്തം 27ന് രാവിലെ 10.10നും 11.30നും ഇടയിലായിരിക്കുമെന്ന് ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര് അറിയിച്ചു. പൂജയോടനുബന്ധിച്ചുള്ള ദീപാരാധന 11.30ന് പൂര്‍ത്തിയാകും. മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാര്‍ത്തുവാനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര 23 രാവിലെ ഏഴിന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിൽ നിന്നാണ് പുറപ്പെടുക.
നേരത്തെ സദ്യ ഒരുക്കുന്നതിന് കരാറുകാരുമായി ഉണ്ടായിരുന്ന പ്രശ്‌നം പരിഹരിച്ചെന്ന് സന്നിധാനത്ത് ചേർന്ന അവലോകന യോഗത്തിന് ശേഷം ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ജയകുമാർ ചുമതലയേറ്റ ആദ്യ യോഗത്തിൽ ശബരിമലയിൽ അന്നദാനത്തിന് കേരളീയ സദ്യ ഒരുക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും വിവിധ കാരണങ്ങളാൽ ഒരു മാസം പിന്നിട്ടിട്ടും ഇത് നടപ്പിലാക്കാൻ സാധിച്ചിരുന്നില്ല.
സദ്യ ഒരുക്കുന്നതിലെ ചിലവിൽ കരാറുകാർക്കുള്ള ബുദ്ധിമുട്ട് ആയിരുന്നു ഇത് വൈകാനുള്ള പ്രധാന കാരണം. തുടർന്ന് ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സന്നിധാനത്ത് ചേർന്ന അവലോകന യോഗത്തിൽ തർക്കങ്ങളും സാങ്കേതിക തടസങ്ങളും പരിഹരിച്ചു. ഒന്നിടവിട്ട ദിവസങ്ങളിൽ സദ്യയും പുലാവും നൽകാനായിരുന്നു തീരുമാനം.












Click it and Unblock the Notifications