ഗുരുവായൂരപ്പന് വഴിപാടായി ഭക്തന്റെ വക സ്വർണ നിവേദ്യക്കിണ്ണം; 38.93 പവൻ തൂക്കം, വില 25 ലക്ഷം രൂപ..!
തൃശൂർ: ഗുരുവായൂരപ്പന് വഴിപാടായി സ്വർണ നിവേദ്യക്കിണ്ണം സമ്മാനിച്ച് ചെന്നൈ സ്വദേശിയായ ഭക്തൻ. ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണത്തിന്റെ കിണ്ണം ഇന്നാണ് ഗുരുവായൂരിൽ എത്തി ചെന്നൈ അമ്പത്തൂർ സ്വദേശിയായ എംഎസ് പ്രസാദ് എന്ന ഭക്തൻ സമർപ്പിച്ചത്. ഗുരുവായൂരപ്പന്റെ സോപാനത്ത് സ്വർണക്കിണ്ണം സമർപ്പിക്കുകയായിരുന്നു. 38.93 പവൻ തൂക്കം വരുന്ന കിണ്ണത്തിന് നിലവിലെ വിപണി വില അനുസരിച്ച് 25 ലക്ഷം രൂപയോളം വില വരും.
മൂന്നൂറ്റി പതിനൊന്നര ഗ്രാം തൂക്കമാണ് ഇതിനുള്ളത്. ഗുരുവായൂർ ക്ഷേത്രത്തിൽ ഇത്തരത്തിൽ വിലപിടിപ്പുള്ള സമ്മാനങ്ങൾ മുൻപും പലരും നൽകിയിട്ടുണ്ട്. കൂടുതലും വഴിപാടിന്റെ ഭാഗമായോ നേർച്ചയുടെ ഭാഗമായോ നൽകുന്നവയാണ്. അതിൽ ഏറ്റവും ഒടുവിലത്തെ സംഭവങ്ങളിൽ ഒന്നാണ് സ്വർണക്കിണ്ണം ലഭിച്ചത്. വിശേഷ ദിവസങ്ങളിൽ നിരവധി ഭക്തരാണ് ഗുരുവായൂരപ്പന് കാണിക്കയായി ഇത്തരം വസ്‌തുക്കൾ സമർപ്പിക്കുന്നത്.

ക്ഷേത്രം ഡപ്യൂട്ടി അഡ്‌മിനിസ്‌ട്രേറ്റര്‍ പ്രമോദ് കളരിക്കലാണ് ഭക്തനിൽ നിന്ന് സ്വര്‍ണക്കിണ്ണം ഏറ്റുവാങ്ങിയത്. പിന്നാലെ വഴിപാടുകാര്‍ക്ക് ഗുരുവായൂരപ്പന് ചാര്‍ത്തിയ കളഭം, പട്ട്, കദളിപ്പഴം, തിരുമുടിമാല പഞ്ചസാര എന്നിവ അടങ്ങിയ പ്രസാദങ്ങള്‍ ക്ഷേത്രം ഡപ്യൂട്ടി അഡ്‌മിനിസ്‌ട്രേറ്റര്‍ തന്നെ നേരിട്ട് കൈമാറുകയും ചെയ്‌തു.
കഴിഞ്ഞ വർഷം ഇതിന് സമാനമായി 100 പവനോളം വരുന്ന സ്വർണ്ണക്കിണ്ടിയും ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ചിരുന്നു. 770 ഗ്രാം തൂക്കം വരുന്ന കിണ്ടി ചെന്നൈ സ്വദേശിനിയായ ബിന്ദുവാണ് സമർപ്പിച്ചത്. അന്നത്തെ വിപണിമൂല്യം അനുസരിച്ച് 53 ലക്ഷം രൂപയാണ് ഇതിന് കണക്കാക്കിയിരുന്നത്. ഇതിന് ശേഷവും ചെറുതും വലുതുമായ ഒട്ടേറെ വിലപിടിപ്പുള്ള വസ്‌തുക്കൾ ക്ഷേത്രത്തിന് സമ്മാനമായി ലഭിച്ചിരുന്നു.
അതേസമയം, അടുത്തിടെയാണ് ഗുരുവായൂർ ദേവസ്വത്തിന്റെ സ്വർണ നിക്ഷേപത്തെ കുറിച്ചും സ്വത്തുവകളെ കുറിച്ചുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്. ഗുരുവായൂർ ദേവസ്വത്തിന് സ്വന്തമായുള്ളത് 1084.76 കിലോ സ്വർണമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ എസ്ബിഐയുടെ നിക്ഷേപക പദ്ധതിയിലായി 869 കിലോ സ്വർണമുണ്ട്.
ഇതുവഴി മാത്രം പലിശ ഇനത്തിൽ 7 കോടിയോളം രൂപയാണ് ദേവസ്വത്തിന് വർഷംതോറും ലഭിക്കുന്നത്. ഇതിന് പുറമേ വിവിധ ബാങ്കുകളിലായി 2053 കോടിയോളം രൂപയുടെ സ്ഥിരനിക്ഷേപവും ഗുരുവായൂർ ദേവസ്വത്തിന് സ്വന്തമായുണ്ട്. കൃത്യമായ മൂല്യനിർണയം നടത്താത്ത 140 കിലോയിൽ അധികം സ്വർണം നിത്യപയോഗത്തിനായി ഗുരുവായൂർ ദേവസ്വത്തിന്റെ കൈവശം ഉണ്ടെന്നും കണക്കുകൾ പറയുന്നു.












Click it and Unblock the Notifications