'ധർമ്മജന്റെ വാക്കുകൾ പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ല, പവർ ഗ്രൂപ്പിനെ കുറിച്ചറിയില്ല'; പ്രേംകുമാർ
തിരുവനന്തപുരം: ധർമ്മജൻ ബോൾഗാട്ടിയുടെ വിവാദ പരാമർശത്തിൽ വിമർശനവുമായി ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും നടനുമായ പ്രേംകുമാർ. ധർമ്മജൻ മാധ്യമ പ്രവർത്തകയോട് സംസാരിച്ചത് പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അത് കേട്ടപ്പോൾ ഒരുപാട് വിഷമമുണ്ടാക്കിയെന്നും പ്രേം കുമാർ പറഞ്ഞു.
നിത്യഹരിത നായകൻ പ്രേം നസീറിന്റെ ആദ്യ നായിക നെയ്യാറ്റിൻകര കോമളത്തെ കാണാനായി എത്തിയതായിരുന്നു പ്രേംകുമാർ. അവിടെ വച്ചാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്. ഹേമ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട വിഷയത്തിലും നടൻ തന്റെ അഭിപ്രായം അറിയിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് നേരത്തെ വരേണ്ടതായിരുന്നുവെന്നും സ്ത്രീകൾ ഏത് മേഖലയിൽ ആയാലും സുരക്ഷിതരായിരിക്കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹേമ കമ്മിറ്റി റിപ്പോർട്ട് മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. നിരവധി പ്രശ്‌നങ്ങളും, ചൂഷണങ്ങളും സ്ത്രീകൾ നേരിടുന്നുണ്ട്. അവർക്ക് അത് പറയാൻ വേദിയൊരുക്കിയത് ഹേമ കമ്മിറ്റിയാണ്. പല സെറ്റുകളിലും സ്ത്രീകൾ പലവിധത്തിലുള്ള പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നുണ്ടെന്ന് പ്രേംകുമാർ അഭിപ്രായപ്പെട്ടു. പലപ്പോഴായി ഈ ആരോപണങ്ങൾ കേട്ടിരുന്നെങ്കിലും അന്നൊക്കെ ഊഹാപോഹങ്ങൾ ആണെന്നായിരുന്നു കരുതിയതെന്നും അദ്ദേഹം പറഞ്ഞു.
പവർ ഗ്രൂപ്പിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും പ്രേംകുമാർ വ്യക്തമാക്കി. അധികാര കേന്ദ്രങ്ങൾ ഉണ്ടാവാമെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും സിനിമയിൽ അവസരം നഷ്‌ടപ്പെടുന്നുണ്ടെന്ന ആരോപണം അദ്ദേഹം ശരിവയ്ക്കുകയും ചെയ്‌തു. സ്ത്രീകൾ കാര്യങ്ങൾ തുറന്ന് പറഞ്ഞപ്പോൾ അവർക്ക് സിനിമകൾ കിട്ടാതെയായി എന്നത് വസ്‌തുതയാണ്. തന്നോട് ആരും പരാതി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോൺക്ലേവിൽ ആരോപണ വിധേയരെ പങ്കെടുപ്പിക്കണമോ എന്ന് തീരുമാനിക്കുക സർക്കാരാണ്. ഏത് മേഖലയിൽ ആയാലും സ്ത്രീകൾ സുരക്ഷിതരായിരിക്കണമെന്നും കുറ്റക്കാരേ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. രഞ്ജിത്ത് രാജിവച്ച സാഹചര്യത്തിൽ ഒഴിഞ്ഞു കിടക്കുന്ന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് ആളെ തീരുമാനിക്കുക സർക്കാർ ആണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം നടന്ന ഒരു ചാനൽ ചർച്ചയിലാണ് നടൻ ധർമ്മജൻ ബോൾഗാട്ടി അവതാരകയോട് മോശമായി സംസാരിച്ചത്. നിങ്ങള്‍ ആരാണ്, ചാനലില്‍ ഇരുന്ന് കൊണച്ച വർത്തമാനം പറയുകയല്ലാതെ ഈ സമൂഹത്തിന് വേണ്ടി എന്താണ് ചെയ്‌തത്? താന്‍ തന്റെ വഴി നോക്ക്, പോയി പണി നോക്ക്, ഇതൊക്കെ ചോദിക്കാന്‍ താനാണോ കോടതിയെന്നും ധർമ്മജൻ ചോദിച്ചിരുന്നു.












Click it and Unblock the Notifications