കൊച്ചി മെട്രോയുടെ പേര് മാറ്റാൻ കേന്ദ്രം നിർദ്ദേശിച്ചോ? മറുപടിയുമായി കെഎംആർഎൽ, 'അത് തുടരും'
കൊച്ചി: വിവാദങ്ങൾക്ക് വഴിയൊരുക്കിയ കൊച്ചി മെട്രോയുടെ പേര് മാറ്റത്തിൽ പ്രതികരണവുമായി കെഎംആർഎൽ. വിഷയത്തിൽ കേന്ദ്ര ഇടപെടലുണ്ടായി എന്ന ആരോപണം കെഎംആർഎൽ തള്ളി. നിലവിൽ കൊച്ചി മെട്രോ എന്ന പേര് തന്നെ തുടരുമെന്നാണ് കെഎംആർഎൽ അറിയിച്ചിരിക്കുന്നത്. സംസ്ഥാനം തള്ളിയാൽ വിഷയം അവിടെ തീരുമെന്നാണ് കെഎംആർഎൽ പങ്കുവച്ച വാർത്ത കുറിപ്പിലൂടെ വ്യക്തമാക്കുന്നത്.
പേര് മാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് നൽകിയ ശുപാർശ കേന്ദ്ര നിർദ്ദേശ പ്രകാരം എന്ന രീതിയിൽ വരുന്ന വാർത്ത തെറ്റാണെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു സംസ്ഥാനത്തിനും കേന്ദ്ര നിർദേശം നൽകിയിട്ടില്ലെന്നും കെഎംആർഎൽ ചൂണ്ടിക്കാണിക്കുന്നു.

ഒരു സംസ്ഥാനത്തെ വിവിധ നഗരങ്ങളിൽ ഒന്നിലധികം മെട്രോ സംവിധാനങ്ങൾ ഉണ്ടെങ്കിൽ അവിടെ ഒരു മെട്രോ റെയിൽ കമ്പനി മാത്രമേ പാടുള്ളൂ എന്നത് കേന്ദ്രത്തിന്റെ മാർഗനിർദേശമാണെന്ന് വാർത്താകുറിപ്പിൽ കെഎംആർഎൽ അറിയിച്ചു. നിലവിൽ ഉണ്ടായ വിവാദം കേവലം തെറ്റിദ്ധാരണ കൊണ്ട് മാത്രമാണെന്നും കൊച്ചി മെട്രോ എന്ന പേര് തന്നെ തുടരുമെന്നും കെഎംആർഎൽ വ്യക്തമാക്കി.
ഇതോടെ വിവാദത്തിന് അന്ത്യമാവുമെന്നാണ് കരുതുന്നത്. കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ. എന്നാൽ ഏറ്റവും ഒടുവിൽ സംസ്ഥാന സർക്കാരിന്റെ പൂർണ സമ്മതത്തോടെ മാത്രം പേരുമാറ്റമെന്നാണ് കെഎംആർഎൽ പറയുന്നത്. മുഖ്യമന്ത്രി ഉൾപ്പെടെ നേരത്തെ വിഷയത്തിൽ കടുത്ത അതൃപ്‌തി അറിയിച്ചിരുന്നു.
പരസ്യമായി തന്നെ വിഷയത്തിലെ അതൃപ്‌തി വിഡി സതീശൻ പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു. മാധ്യമങ്ങളിൽ വന്ന വാർത്തകളിലൂടെയാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതെന്നും പേര് മാറ്റവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു തരത്തിലുള്ള ആലോചനകളും നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. കെഎംആർഎൽ പുറത്തിറക്കിയത് ഏകപക്ഷീയമായ പത്രക്കുറിപ്പായിരുന്നുവെന്നും സതീശൻ ആരോപിച്ചിരുന്നു.
കേരളം മെട്രോ റെയിൽ ലിമിറ്റഡ് എന്ന പേരുമാറ്റത്തിന് അംഗീകാരം തേടി സംസ്ഥാനസർക്കാരിന് ശുപാർശ സമർപ്പിച്ചിട്ടുണ്ടെന്നാണ് കെഎംആർഎൽ ഇക്കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. സംസ്ഥാനത്തൊട്ടാകെ നടപ്പാക്കുന്ന മെട്രോ പദ്ധതികളുടെ ചുമതലവഹിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ പേര് നിർദേശിച്ചതെന്നായിരുന്നു കെഎംആർഎൽ ഇതിൽ നൽകിയ വിശദീകരണം.
സമാന നിലപാട് തന്നെയാണ് കെഎംആർഎൽ എംഡി ലോക്‌നാഥ് ബെഹ്റയും മുന്നോട്ട് വച്ചത്. അന്തിമതീരുമാനം സംസ്ഥാന സർക്കാരിന്റേതാണെന്നായിരുന്നു ലോക്‌നാഥ് ബെഹ്‌റ പറഞ്ഞത്. സർക്കാരിന് ശുപാർശ സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യാം. പേരുമാറ്റം സർക്കാരിന്റെ അധികാരപരിധിയിൽ വരുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.




Click it and Unblock the Notifications