'ഇത്തവണ സിവിൽ സർവീസ് പരീക്ഷ എഴുതിയത് അറിഞ്ഞിരുന്നില്ല'; സന്തോഷം പങ്കുവച്ച് സിദ്ധാർത്ഥിന്റെ കുടുംബം
കൊച്ചി: സിവിൽ സർവീസ് പരീക്ഷയിൽ നാലാം റാങ്കുമായി മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് കൊച്ചി സ്വദേശി സിദ്ധാർത്ഥ് രാംകുമാർ. എന്നാൽ ഇത്തവണ സിദ്ധാർത്ഥ് പരീക്ഷ എഴുതിയ കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്. തികച്ചും അപ്രതീക്ഷിതമായിരുന്നു ഇത്തവണത്തെ വാർത്തയെന്നും അതുകൊണ്ട് ഒരുപാട് സന്തോഷമുണ്ടെന്നും അവർ പറഞ്ഞു.
സിദ്ധാർത്ഥ് ഒരു ഓൾറൗണ്ടർ ആണെന്നും, ഭയങ്കര പഠിപ്പിസ്‌റ്റ് ഒന്നുമല്ലെന്നുമായിരുന്നു അമ്മയുടെ മറുപടി. ക്രിക്കറ്റിൽ വലിയ താൽപര്യമുള്ള ആളാണ് മകനെന്നും പഠിപ്പും കളിയും ഒക്കെ ഒരുപോലെ കൊണ്ട് പോവുകയാണ് പതിവെന്നും കുടുംബം സാക്ഷ്യപ്പെടുത്തുന്നു. സ്‌കൂളിൽ പാടിക്കൊമ്പോഴൊക്കെ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ ഒക്കെയായിരുന്നു സിദ്ധാർത്ഥ് എന്നും പിതാവ് രാംകുമാർ പറയുന്നു.

ഈ പ്രാവശ്യം പരീക്ഷ എഴുതിയത് പോലും തങ്ങൾ അറിഞ്ഞിട്ടില്ലെന്നാണ് കുടുംബം പറയുന്നത്. വാർത്തകൾ കണ്ടിട്ടാണ് വിവരം അറിഞ്ഞത്. നിലവിൽ ഐപിഎസ് ട്രെയിനിംഗ് ചെയ്‌ത് കൊണ്ടിരിക്കുകയാണ് സിദ്ധാർത്ഥ്. പരീക്ഷ എഴുതാൻ പോവുന്ന വിവരം ഒന്നും അറിഞ്ഞിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കി.
'2022ൽ ഐപിഎസ് കിട്ടി. 23ൽ റാങ്ക് കൂടുതൽ മെച്ചപ്പെടുത്തി. കഴിഞ്ഞ വർഷവും ഐഎഎസ് കിട്ടണം എന്നുണ്ടായിരുന്നു. കഴിഞ്ഞ തവണത്തെ അലോട്മെന്റിൽ വെസ്‌റ്റ് ബംഗാൾ കേഡർ ഐപിഎസ് ആണ് കിട്ടിയത്. ഐഎഎസ് ആയിരിക്കും ഉറച്ചു നിൽക്കാൻ സാധ്യത.' എന്നും കുടുംബം പറയുന്നു.
സിദ്ധാർത്ഥ് രാംകുമാറിന് മുൻപ് ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്മെന്റ് ആയിരുന്നു ആദ്യം കിട്ടിയത്. പിന്നീട് രണ്ട് വട്ടം എഴുതിയപ്പോഴും ഐപിഎസ് ആണ് ലഭിച്ചത്. ഇതോടെയാണ് ഐഎഎസ് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാൻ വേണ്ടി ഒരിക്കൽ കൂടി സിവിൽ സർവീസ് പരീക്ഷ എഴുതി, അഭിമുഖവും രഹസ്യമായി പൂർത്തിയാക്കിയത്.
അതേസമയം, ഇന്ന് പുറത്തുവിട്ട സിവിൽ സർവീസ് പരീക്ഷ റാങ്ക് പട്ടികയിൽ ആദ്യ അഞ്ചിൽ ഇടം നേടിയ ഏക മലയാളിയാണ് സിദ്ധാർത്ഥ് രാംകുമാർ. സിദ്ധാർത്ഥിന് പുറമെ ആദ്യ നൂറിൽ പത്തിലധികം മലയാളികൾ ആണ് ഇടം പിടിച്ചിരിക്കുന്നത്.
മുപ്പത്തിയൊന്നാം റാങ്ക് നേടിയിരിക്കുന്ന വിഷ്‌ണു ശശികുമാർ, നാൽപതാം റാങ്ക് നേടിയിരിക്കുന്ന അർച്ചന പിപി, നാൽപ്പത്തിയഞ്ചാം റാങ്ക് നേടിയ രമ്യ ആർ, അൻപത്തിയൊമ്പതാം റാങ്ക് നേടിയ പിഞ്ചോ പി ജോസ്, അറുപത്തിയൊമ്പതാം റാങ്ക് നേടിയ കസ്‌തൂരി, എഴുപത്തിയൊന്നാം റാങ്ക് ഫാബി റഷീദ്, തൊണ്ണൂറ്റി മൂന്നാം റാങ്ക് ആനി തുടങ്ങിയവരാണ് പട്ടികയിൽ ഇടം നേടിയ മറ്റ് മലയാളികൾ.












Click it and Unblock the Notifications