മെമ്മറി കാർഡ് 2 തവണ തുറന്നു, നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപിന്റെ കയ്യിലുണ്ടെന്ന് പ്രോസിക്യൂഷൻ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപിനെതിരെ നിര്‍ണായക നീക്കവുമായി പ്രോസിക്യൂഷന്‍. കേസിലെ സുപ്രധാന തെളിവായ ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കലുണ്ടെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നു.
ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട നിര്‍ണായക റിപ്പോര്‍ട്ടും അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതിനൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് ദിലീപിന് എതിരെയുളള ആരോപണം.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്നും ദൃശ്യങ്ങളില്‍ കൃത്രിമത്വം വരുത്തിയിട്ടുണ്ടെന്നും ഏതാനും നാളുകളായി ഉയര്‍ന്ന് വന്നിരിക്കുന്ന സംശയമാണ്. അതിജീവിത അടക്കം ഇതുമായി ബന്ധപ്പെട്ട് ആശങ്ക കോടതിയെ അറിയിച്ചിട്ടുണ്ട്. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് തുറന്നിട്ടുണ്ട് എന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിട്ടുളളതാണ്. ഈ ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

രണ്ട് തവണ മെമ്മറി കാര്‍ഡ് ആക്‌സസ് ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് ഫോറന്‍സിക് പരിശോധനയിലെ കണ്ടെത്തല്‍. 2018 ജനുവരി 9നും ഡിസംബര്‍ 13നും മെമ്മറി കാര്‍ഡ് തുറന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന തിരുവനന്തപുരം എഫ്എസ്എല്‍ ഡയറക്ടറുടെ റിപ്പോര്‍ട്ട്് ആണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ദൃശ്യങ്ങള്‍ പ്രതിയായ ദിലീപിന്റെ കയ്യിലുണ്ടെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്.

ഇത് തെളിയിക്കാന്‍ ദൃശ്യങ്ങളുടെ ശബ്ദരേഖ ഫോറന്‍സിക് ലാബില്‍ നിന്ന് വിളിച്ച് വരുത്തണമെന്ന് വിചാരണ കോടതിയില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ദിലീപിന്റെ സഹോദരനായ അനൂപിന്റെ ഫോണില്‍ നിന്നും ലഭിച്ച ചില തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദൃശ്യം ദിലീപിന്റെ കയ്യിലുണ്ടെന്ന് പോലീസ് അനുമാനിക്കുന്നത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ വിശദമായ വിവരണം അനൂപിന്റെ ഫോണില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

ദൃശ്യം കാണാതെ ഇത്തരത്തില്‍ വളരെ വിശദമായ വിവരണം തയ്യാറാക്കാന്‍ സാധിക്കില്ലെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. അഭിഭാഷകരുടെ ഓഫീസില്‍ നിന്ന് കണ്ട ഫോട്ടോകള്‍ പ്രകാരമാണ് വിവരണം തയ്യാറാക്കിയത് എന്നാണ് അനൂപ് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇത് നുണയാണെന്നാണ് അന്വേഷണ സംഘം കരുതുന്നത്. അക്കാര്യം തെളിയിക്കാന്‍ ആണ് ശബ്ദരേഖ വിളിച്ച് വരുത്തണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം.

അതേസമയം ദൃശ്യങ്ങള്‍ തന്റെ കയ്യിലുണ്ടെന്നുളള പ്രോസിക്യൂഷന്റെ ആരോപണം ദിലീപ് തള്ളിക്കളഞ്ഞു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണം എന്നുളള പ്രോസിക്യൂഷന്റെ ആവശ്യത്തെ ദിലീപ് ഹൈക്കോടതിയില്‍ എതിര്‍ത്തു. മൂന്ന് മാസം മുന്‍പ് തന്നെ ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനാ ഫലം ലഭിച്ചിരുന്നുവെന്നും എന്നാല്‍ അവ തുടര്‍പരിശോധന നടത്തിയിട്ടില്ലെന്നും ക്രൈംബ്രാഞ്ചിന്റെ വാദം തള്ളിക്കൊണ്ട് ദിലീപ് വ്യക്തമാക്കി.

അതിനിടെ കേസ് അട്ടിമറിക്കുന്നുവെന്ന ആശങ്കയില്‍ അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യങ്ങളോട് എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നടിക്കൊപ്പമാണ് സര്‍ക്കാര്‍ എല്ലാ സമയത്തും നിന്നിട്ടുളളതെന്നും അന്വേഷണവും ആ വഴിക്ക് തന്നെയാണ് പോയിട്ടുളളത് എന്നും സര്‍ക്കാര്‍ അറിയിച്ചു. അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്നുളള ആരോപണം സര്‍ക്കാര്‍ നിഷേധിച്ചു. മാത്രമല്ല കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണം എന്നുളള ആവശ്യത്തോടും സര്‍ക്കാര്‍ യോജിച്ചു.












Click it and Unblock the Notifications