'ദിലീപ് വലിയ കുടുക്കിലേക്ക് പോയിക്കൊണ്ടിരിക്കുന്നു; വരും ദിനങ്ങള്‍ നിർണ്ണായകം': ലിബർട്ടി ബഷീർ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഉള്‍പ്പടെ തുടക്കത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നും കാര്യക്ഷമായ അന്വേഷണം നടന്നിരുന്നില്ലെന്ന് സിനിമ നിർമ്മാതാവ് ലിബർട്ടി ബഷീർ. ഡി ജി പിയുടെ നിലപാട് ഉള്‍പ്പടെ അന്നത്തെ പല സാഹചര്യങ്ങളും ഇതിന് കാരണമായിട്ടുണ്ട്. അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി അതല്ല. സർക്കാരും മുഖ്യമന്ത്രിയും എല്ലാവരും പ്രത്യേകം താല്‍പര്യം എടുത്തുകൊണ്ട് കേസ് തെളിയിക്കാനുള്ള എല്ലാ അധികാരവും ക്രൈംബ്രാഞ്ചിന് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. വധഗൂഡാലോചന കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി കോടതി തള്ളിയതിന് പിന്നാലെ മാധ്യമങ്ങളിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ആവശ്യത്തിനെതിരെ കോടതിയില്‍ ശക്തമായ നിലപാടാണ് പൊലീസ് സ്വീകരിച്ചത്. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍ വന്നതോടെ കേസിന് പുതിയ ജീവനുണ്ടായിട്ടുണ്ട്. ദിലീപ് വലിയ കുടുക്കിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇനിയും പല തരത്തിലുള്ള അന്വേഷണത്തിലേക്കാണ് കേസ് പോയിക്കൊണ്ടിരിക്കുന്നതെന്നും ലിബർട്ടി ബഷീർ അഭിപ്രായപ്പെടുന്നു.
ശ്... ശ് ചേട്ടാ ഒന്ന് മാറി നില്‍ക്കേ.. ഞാനൊന്ന് പോകട്ടെ; വൈറലായി മഞ്ജുവിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍

നാലഞ്ച് ദിവസത്തിനുള്ളില്‍ തന്നെ പുതിയ വിവരങ്ങള്‍ പുറത്ത് വരാനുണ്ട്. കേസ് ഒതുക്കാന്‍ ദിലീപ് ആവനാഴിയിലെ എല്ലാ അടവും പുറത്ത് എടുത്തിട്ടുണ്ട്. എന്നാല്‍ ദൈവം ആ കുട്ടിയുടെ ഒപ്പമാണ് ഉള്ളത്. അതുകൊണ്ടാണ് കേസ് ഈ നിലയ്ക്ക് എത്തിയത്. അല്ലെങ്കില്‍ ബാലചന്ദ്ര കുമാർ എന്നയാള്‍ വരില്ലല്ലോ. അദ്ദേഹം വന്നത് കൊണ്ടാണല്ലോ കേസില്‍ തുടരന്വേഷണം വന്നതും പുതിയ കേസ് രജിസ്റ്റർ ചെയ്തതും.

വളരെ സത്യസന്ധമായ അന്വേഷണമാണ് ക്രൈം ബ്രാഞ്ച് നടത്തുന്നത്. ഒരു സമ്മർദ്ദത്തിനും ആരും വഴങ്ങുന്നില്ല. കേസിന്റെ തുടക്കം മുതല്‍ വലിയ തരത്തിലുള്ള ഇടപെടലുകള്‍ ദിലീപിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ സുദർശനനും ബൈജു പൌലോസിനും കൈമാറിയിട്ടുണ്ട്. അത് ഏവരേയും ഞെട്ടിക്കുന്ന തെളിവായിരിക്കുമെന്നും ലിബർട്ടി ബഷീർ അഭിപ്രായപ്പെടുന്നു.

എന്താണ് ആ തെളിവുകള്‍ എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട തെളിവുകളായിരിക്കും ഇത്. വധശ്രമ ഗൂഡാലോചന കേസിന് അത്ര പ്രാധാന്യമില്ല. പ്രധാനമായും അന്വേഷണം നടക്കുന്നത് ആദ്യ കേസിനെ സംബന്ധിച്ച് തന്നെയാണ്. തുടക്കത്തില്‍ മോശപ്പെട്ട രീതിയിലായിരുന്ന ആ കേസിന് പുതു ജീവന്‍ നല്‍കിയിരിക്കുകയാണ് അന്വേഷണ സംഘമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ദിലീപിന് കനത്ത തിരിച്ചടി നല്‍കികൊണ്ടായിരുന്നു വധഗൂഡാലോചനക്കേസ് റദ്ദാക്കണമെന്ന ഹർജി കോടതി തള്ളിയത്. കേസ് വ്യാജമാണെന്നും, ഒരു വീട്ടിലിരുന്ന് സംസാരിച്ചാൽ അത് വധഗൂഢാലോചനയാകില്ലെന്നും തന്നെ വേട്ടയാടാനായി കെട്ടിച്ചമച്ച കേസാണെന്നുമായിരുന്നു ദിലീപിന്റെ വാദം. എന്നാല്‍ ദിലീപിന്റെ ഹർജി തള്ളിയ കോടതി നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ അന്വേഷണവുമായി മുന്നോട്ട് പോകാന്‍ പൊലീസിന് അനുമതി നല്‍കുകയായിരുന്നു.

സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ദിലീപും ഉള്‍പ്പടെ ആറ് പ്രതികളായിരുന്നു കേസിലുണ്ടായിരുന്നു. കേസില്‍ മുന്‍കൂർ ജാമ്യം ലഭിച്ചതിന് പിന്നാലെയായിരുന്നു എഫ് ഐ ആർ റദ്ദാക്കണം അല്ലെങ്കില്‍ കേസ് സി ബി ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ദിലീപ് രംഗത്ത് എത്തിയത്. എന്നാല്‍ ഈ രണ്ട് ആവശ്യങ്ങളും കോടതി തള്ളുകയായിരുന്നു.












Click it and Unblock the Notifications