നടിയുടെ ഭാഗത്ത് ന്യായം ഉള്ളതുകൊണ്ടാണ് പിടി തോമസ് കൂടെ നിന്നത്: എന്‍എസ് നുസൂർ
കൊച്ചി: 2017 ല്‍ കൊച്ചിയില്‍ ആക്രിമക്കപ്പെട്ട നടിയുടെ ഭാഗത്ത് ന്യായം ഉള്ളതുകൊണ്ട് തന്നെയാണ് കോൺഗ്രസ് നേതാവ് പിടി തോമസ് ആ കുട്ടിയോടൊപ്പം നീതിക്കുവേണ്ടി നിലകൊണ്ടതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ എസ് നുസൂർ. കോടതിയിൽ നിൽക്കുന്ന വിഷയമായതുകൊണ്ട് കൂടുതൽ ഒന്നും പറയാൻ കഴിയില്ലെങ്കിലും വിശദമായി ഈ കേസിനെ പറ്റി പഠിച്ച ഒരു വ്യക്തിയിൽ നിന്നും മനസിലാക്കിയ കാര്യങ്ങൾ വച്ച് നിസ്സംശയം പറയാൻ കഴിയും "നീതി ഇരയായ പെൺകുട്ടി അർഹിക്കുന്നെങ്കിലും അത് വിദൂരതയിലാണ'' എന്നും വനിത ദിനത്തോട് അനുബന്ധിച്ച് പങ്കുവെച്ച തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ എന്‍എസ് നുസൂർ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ.

വിജയിച്ച വനിതകളും പരാജയപ്പെട്ട വനിതകളും ഒട്ടനവധിയുണ്ട്. പക്ഷെ വിജയിച്ചുവന്നവരെ പരാജയപ്പെടുത്തിയ സമൂഹമാണ് നമ്മുക്ക് ചുറ്റും ഉള്ളതെന്ന് ആത്മവിമർശനം നടത്താതെ നിർവ്വാഹമില്ല. കോളിളക്കം സൃഷ്ടിച്ച ഒരു കേസിലെ ഇരയായ സിനിമ നായിക അവരുടെ അനുഭവങ്ങൾ പ്രമുഖമായ മാധ്യമത്തിലൂടെ പങ്ക് വച്ചപ്പോൾ എന്ത് കൊണ്ടാണ് ആ വനിതക്ക് നീതി ലഭ്യമാക്കാനായി ഇത്രയും നാൾ ഞാൻ അടക്കം ആരും തയ്യാറാകാത്തത് എന്ന് ചിന്തിക്കുകയായിരുന്നു.
നിങ്ങള്‍ തകർത്തതിനെ കൂട്ടിച്ചേർക്കുകയാണെന്ന് ഭാവന: വൈറലായി ഫോട്ടോയും സന്ദേശവും

ഒരു കാര്യം വ്യക്തമാണ് ഈ വിഷയത്തിൽ ഇരയെന്നുപറയുന്ന പെൺകുട്ടിയുടെ ഭാഗത്ത് ന്യായം ഉള്ളതുകൊണ്ട് തന്നെയാണ് മണ്മറഞ്ഞു പോയ കോൺഗ്രസ് നേതാവ് ശ്രീ. പി റ്റി തോമസ് ആ കുട്ടിയോടൊപ്പം നീതിക്കുവേണ്ടി നിലകൊണ്ടത്. കോടതിയിൽ നിൽക്കുന്ന വിഷയമായതുകൊണ്ട് കൂടുതൽ ഒന്നും പറയാൻ കഴിയില്ലെങ്കിലും വിശദമായി ഈ കേസിനെ പറ്റി പഠിച്ച ഒരു വ്യക്തിയിൽ നിന്നും മനസിലാക്കിയ കാര്യങ്ങൾ വച്ച് നിസ്സംശയം പറയാൻ കഴിയും "നീതി ഇരയായ പെൺകുട്ടി അർഹിക്കുന്നെങ്കിലും അത് വിദൂരതയിലാണ്".

ഒരു സ്ത്രീ ബുദ്ധിമുട്ട് നേരിടുന്ന സമയത്ത് അതിന് പിന്തുണ കൊടുക്കാൻ മടിക്കുന്ന സമൂഹത്തിന് എങ്ങനെയാണ് സാമൂഹിക നീതിക്കുവേണ്ടി ശബ്ദിക്കാൻ കഴിയുക. കുറഞ്ഞത് അവർക്ക് നീതി ലഭ്യമാക്കാൻ വേണ്ടി ശബ്ദിക്കാത്ത വനിതാ സംഘടനകൾക്ക് എങ്ങനെയാണ് ലിംഗസമത്വത്തിനു വേണ്ടി ശബ്ദിക്കാൻ കഴിയുക. സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവരുടെ വിഷയം ആകുമ്പോൾ ഇടപെടലിന്റെ രാഷ്ട്രീയത്തിന് പ്രതിസന്ധികളുണ്ടാകാം. പാവപ്പെട്ടവന്റെ വിഷയമാണെങ്കിൽ എങ്ങനെയും മുതലാക്കാം.

ചിന്താഗതികൾ മാറണം. വനിതകളുടെ സംരക്ഷണം ഉറപ്പാക്കണമെങ്കിൽ അവർക്ക് നേരിടേണ്ടി വരുന്ന യഥാർത്ഥ വിഷയങ്ങളിൽ എങ്കിലും നീതിലഭ്യമാകും എന്ന് ഉറപ്പുവരുത്തുക. "ഇത് എഴുതുന്നതിന്റെ പേരിൽ എന്തായാലും കൊല്ലപ്പെടുവാനുള്ള സാധ്യത ഇല്ലല്ലോ..? " ഈ ലോക വനിതാദിനത്തിലെങ്കിലും നീതി അർഹിക്കുന്ന ഭാവനാ സമ്പന്നമായ ജീവിതത്തിന് വേണ്ടി പോരാടി തളരുന്ന ഓരോ സ്ത്രീയോടൊപ്പവും സ്ത്രീസമൂഹമെങ്കിലും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു..












Click it and Unblock the Notifications