ദിലീപിന് എന്താണ് അവർ അയച്ച് കൊടുത്തതെന്ന് അറിയണം: അല്ലാതെ മുള്‍മുനയില്‍ നിർത്തരുത്: രാഹുല്‍ ഈശ്വർ
കൊച്ചി: തന്റെ കുടുംബത്തെ വെച്ച് പൊലീസ് ഭീഷണിപ്പെടുത്തിയെന്ന സായി ശങ്കറിന്റെ വെളിപ്പെടുത്തലില്‍ എന്തുകൊണ്ട് അന്വേഷണം ഉണ്ടാവുന്നില്ലെന്ന് രാഹുല്‍ ഈശ്വർ. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൌലോസ് തന്റെ കുടുംബത്തെ വെച്ച് ഭീഷണിപ്പെടുത്തിയതായി സായി ശങ്കർ നേരത്തെ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അതേക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ടോ എന്ന് അറിയണമെന്നും രാഹുല്‍ ഈശ്വർ ആവശ്യപ്പെടുന്നു.
യഥാർത്ഥത്തില്‍ ഭീഷണി കാരണമാണോ സായി ശങ്കർ ഇപ്പോള്‍ ഇത്തരം കാര്യങ്ങള്‍ പറയുന്നതെന്ന് അറിയേണ്ടതല്ലേ. കുടുംബം വേണോ രാമന്‍പിള്ള വേണോയെന്ന് ഭീഷണിപ്പെടുത്തിയെന്നായിരുന്നു സായി ശങ്കറിന്റെ വെളിപ്പെടുത്തല്‍. ആ ഭീഷണിയുടെ സമ്മർദ്ദം മൂലം പൊലീസിന്റെ കയ്യില്‍ ഇദ്ദേഹം ഒരു കാലാള്‍ ആവുകയാണോയെന്ന് സംശയം ജനങ്ങള്‍ക്കുണ്ട്. ഇത്തരം കാര്യങ്ങള്‍ക്ക് കൂടി സായി ശങ്കർ വ്യക്ത വരുത്തുന്നത് നല്ലതാവുമെന്നും രാഹുല്‍ ഈശ്വർ വ്യക്തമാക്കുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബൈജു പൌലോസ് ഇദ്ദേഹത്തെ ചോദ്യം ചെയ്തപ്പോള്‍ ഭീഷണിപ്പെടുത്തിയതിന് തെളിവായി ഓഡിയോ ക്ലിപ്പ് ഉണ്ടെന്ന് പറഞ്ഞിരുന്നു. അത്തരം കാര്യങ്ങള്‍ കൂടി പുറത്ത് വിടാന്‍ തയ്യാറവണം. പോലീസ് അന്വേഷണം നീതിയുക്തമല്ലെന്ന് ആദ്യം ആരോപിച്ചയാളാണ് സായി ശങ്കർ. അതുകൊണ്ട് തന്നെ തന്റെ കയ്യിലുള്ള തെളിവുകള്‍ അദ്ദേഹം പുറത്ത് വിടുകയാണെങ്കില്‍ ഇതിന്റെ പുറകില്‍ സമ്മർദ്ദമോ ഭീഷണിയോ ഉണ്ടെന്ന് മനസ്സിലാക്കാന്‍ കഴിയുമായിരുന്നുവെന്നും രാഹുല്‍ ഈശ്വർ അഭിപ്രായപ്പെടുന്നു.
പൊന്നിനല്ലല്ലോ, പൊന്‍തിളക്കം ഭാവനയ്ക്കല്ലേ: ആരാധകരേറ്റെടുത്ത പുതിയ ദൃശ്യങ്ങള്‍

നശിപ്പിക്കപ്പെട്ടുവെന്ന് പറയുന്ന 12 ചാറ്റുകളും സായി ശങ്കറിനെക്കൊണ്ട് തിരിച്ചെടുപ്പിക്കേണ്ടത് പൊലീസിന്റെ ഉത്തരാവാദിത്തമാണ്. ഇന്ന് തിരിച്ചെടുത്ത് കൊടുത്തതില്‍ ഫോറന്‍സിക് ലാബിലെ ഒരു ഉദ്യോഗസ്ഥയുമായി നടത്തിയ ഒരു ചാറ്റും ഉണ്ടെന്ന് പറയുന്നു. എന്താണ് ആ ചാറ്റില്‍ പറയുന്നത്. അത് പുറത്ത് വന്നിട്ടുണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങള്‍ എനിക്ക് അറിയില്ല.

ആ ചാറ്റിലെ കണ്ടന്റാണ് പ്രധാനം. ദിലീപിന് എന്താണ് അയച്ച് കൊടുത്തതെന്ന് അറിയണം. അവർ അയച്ചത് ഗുഡ് മോർണിങ്ങോ ഗുഡ് ഈവനിങോ അതോ കേസിനെ സംബന്ധിക്കുന്ന കാര്യമാണോ എന്ന് അറിയണം. അതുകൊണ്ട് ദിലീപിന് കേസില്‍ എന്ത് ആനുകൂല്യമാണ് ഉണ്ടാവുന്നതെന്ന് അറിയണം. ഏതൊരു സന്ദേശത്തിന്റേയും ഉള്ളടക്കം അതിന്റെ ആത്മവാണ്. ഈ മെസേജിലെ ഉള്ളടക്കം കോടതിയില്‍ സമർപ്പിച്ചിട്ടുണ്ടോയെന്ന കാര്യം എനിക്ക് അറിയില്ലെന്നും രാഹുല്‍ ഈശ്വർ വ്യക്തമാക്കുന്നു.

ഉള്ളടക്കം അറിയാതെ സംശയത്തിന്റെ പുകമറ സൃഷ്ടിച്ച് ഒരുപാട് സഹായങ്ങള്‍ ദിലീപിന് കിട്ടിയെന്ന് പറയുന്നതില്‍ അർത്ഥമില്ല. ഉള്ളടക്കമുണ്ടെങ്കില്‍ അത് മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും വിടണം. മാത്രവുമല്ല ആ ഫോറന്‍സിക് ഉദ്യോഗസ്ഥയ്ക്കെതിരെ പരാതി കൊടുക്കുകയും വേണം. പൊലീസ് ഇതൊക്കെ ചെയ്യുന്നുണ്ടോയെന്ന കാര്യം എനിക്ക് അറിയില്ല.

അയച്ചുവെന്ന സംശയത്തിന്റെ മുള്‍ മുനയില്‍ നിർത്തുകയല്ല, എന്താണ് അയച്ചതെന്ന് പൊതുസമൂഹത്തോടും പൊലീസിനോടും തുറന്ന് പറയാന്‍ പൊലീസ് തയ്യാറാകണം. എന്തിനാണ് ഒളിച്ച് കളിക്കുന്നത്. ദിലീപിനെ അനധികൃതമായി എന്തെങ്കിലും സഹായം കിട്ടിയിട്ടുണ്ടെങ്കില്‍ അത് നാട്ടുകാർ അറിയേണ്ടതല്ലെന്നും രാഹുല്‍ ഈശ്വർ ചോദിക്കുന്നു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സൈബർ വിദഗ്ധനും ഹാക്കറുമായ സായി ശങ്കറിനെ ഇന്ന് പൊലീസ് ചോദ്യം ചെയ്തിരുന്നു. രണ്ടര മണിക്കൂർ നേരമാണ് സായി ശങ്കറിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനിടെ ദിലീപിനെ ഫോണില്‍ നിന്നും എട്ട് ചാറ്റുകള്‍ സായി ശങ്കർ പൊലീസിന് തിരിച്ചെടുത്ത് നല്‍കിയെന്നാണ് റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്യുന്നത്. അന്വേഷണ സംഘത്തിന്റെ കയ്യിലുള്ള ദിലീപിന്റെ മൊബൈല്‍ ഫോണിന്റെ ടൂളില്‍ നിന്നുമാണ് എട്ട് ചാറ്റുകള്‍ സായി ശങ്കർ വീണ്ടെടുത്ത് നല്‍കിയത്.

മാസ്‌ക് ചെയ്ത ഫോട്ടോ അണ്‍മാസ്‌ക് ചെയ്തുകൊടുക്കുകയും ചെയ്തിട്ടുണ്ട്. വീണ്ടെടുത്ത് കൊടുത്ത എട്ട് ചാറ്റുകളില്‍ ഒരു ചാറ്റ് ഒരു ഫോറന്‍സിക് ഉദ്യോഗസ്ഥയും ദിലീപും തമ്മിലുള്ളതാണെന്നാണ് സൂചന. നടിയെ ആക്രമിച്ച കേസുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെടുന്നതാണ് ചാറ്റുകളെങ്കില്‍ അന്വേഷണത്തില്‍ ഇത് ഏറെ നിർണ്ണായകമായി മാറിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications