ദിലീപ് വീണ്ടും രംഗത്ത് വന്നത് എന്തിന്? ഞങ്ങള്‍ ആരേയും ലക്ഷ്യം വെക്കുന്നില്ല, പക്ഷെ..: ടിബി മിനി
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ എത്രയും പെട്ടെന്ന് തന്നെ വിചാരണ പൂർത്തിയാക്കി വിധി പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എട്ടാം പ്രതി സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുകയാണെന്ന് അതിജീവിതയുടെ അഭിഭാഷക കൂടിയായ അഡ്വ. ടിബി മിനി. നേരത്തെ തന്നെ കൊടുത്തിരിക്കുന്ന ഒരു ഹർജിയുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ടുകൊണ്ട് കോടതി തന്നെ നേരത്തെ ഒരു സമയപരിധി നിശ്ചയിച്ചിരുന്നു. അത് ഒരുപാട് നീണ്ടുപോയി.
യഥാർത്ഥത്തില്‍ തീർന്ന് പോയ ആ കേസില്‍ ഒരു അപേക്ഷയായിട്ടാണ് ദിലീപ് ഇപ്പോള്‍ വീണ്ടും രംഗത്ത് എത്തിയിരിക്കുന്നതെന്നും അഡ്വ.ടിബി മിനി വ്യക്തമാക്കുന്നു. ന്യൂസ് 7 മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ.

ഒരു വനിത ജഡ്ജിയെ കേസില്‍ വെക്കണമെന്ന അതിജീവിത ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സി ബി ഐ -3 കോടതിയിലേക്കായിരുന്നു ഈ കേസ് വിചാരണയ്ക്ക് വെച്ചത്. ഈ കോടതിതിയില്‍ നിന്നും കേസ് കേട്ടുകൊണ്ടിരുന്ന ജഡ്ജി പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയിലേക്ക് മാറിയതോടെ കേസിനേയും കോടതി മാറ്റിക്കൊണ്ടുള്ള ഒരു ഉത്തരവുണ്ടായി. എന്നാല്‍ ആ ഉത്തരവ് നിയമപരമായി നിലനില്‍ക്കുന്നതല്ല എന്ന് പറഞ്ഞുകൊണ്ട് പ്രോസിക്യൂഷനും അതിജീവിതയും ഇപ്പോള്‍ ഹർജി നല്‍കിയിരിക്കുകയാണെന്നും ടിബി മിനി ചൂണ്ടിക്കാട്ടുന്നു.
'ന്നാ താന്‍ ഈ ചിത്രമൊന്ന് കണ്ട് നോക്ക്': കിടുക്കാച്ചി ചിത്രങ്ങളുമായി കുഞ്ചാക്കോ ബോബന്‍റെ നായിക

വനിത ജഡ്ജിയെ ആവശ്യപ്പെട്ടുകൊണ്ട് അതിജീവിത കൊടുത്ത ഹർജിയുടെ അടിസ്ഥാനത്തിലാണ് വനിത ജഡ്ജിയിരുന്ന സി ബി ഐ -3 കോടതിയിലേക്കാണ് കേസ് ട്രാന്‍സ്ഫർ ചെയ്തത്. നിയമപരമായി ഈ വനിത ജഡ്ജി ഏത് കോടതിയിലേക്ക് മാറിപ്പോഴാലും കേസ് ട്രാന്‍സ്ഫർ ചെയ്ത് പോവാന്‍ സാധിക്കില്ല. വാദം പറയുന്ന സമയത്ത് പല കാര്യങ്ങളും കോടതിയില്‍ പറയും. അതിജീവിതയും പ്രതികളുമൊക്കെ പല കാര്യങ്ങളും ഈ സമയത്ത് വ്യക്തമാക്കും.

എന്തൊക്കെ തന്നെയായാലും ജുഡീഷ്യല്‍ ഉത്തരവില്ലാതെ ഈ കേസ് അഡ്മിനിസ്ട്രേറ്റീവ് ഉത്തരവ് പ്രകാരം മാത്രം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതിയിലേക്ക് മാറിപ്പോയ ജഡ്ജിക്ക് തന്നെ വീണ്ടും പരിഗണിക്കാന്‍ ട്രാന്‍സ്ഫർ ചെയ്തത് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നാണ് പ്രോസിക്യൂഷന്റേയും അതിജീവിതയുടെ വാദം.

സിആർപിസി 406 മുതല്‍ 409 വരേയുള്ള സെക്ഷനുമായി ബന്ധപ്പെട്ടുകൊണ്ട് അഡ്മിനിസ്ട്രേറ്റീവ് ഉത്തരവ് പ്രകാരം ഒരു കേസ് ട്രാന്‍സ്ഫർ ചെയ്യാന്‍ പാടില്ലെന്ന നിലപാടാണ് കോടതിയില്‍ അതീജീവിത പറഞ്ഞിരിക്കുന്നത്. നിലവില്‍ ഈ കേസ് പരിഗണിച്ചുകൊണ്ടിരിക്കുന്ന ജഡ്ജിക്ക് കേസ് മുന്നോട്ട് കൊണ്ടുപോവാനുള്ള നിയമപരമായ ചിലതടസ്സങ്ങളുണ്ടെന്നും ടിബി മിനി വ്യക്തമാക്കുന്നു.

ഇതോടൊപ്പം തന്നെ ഈ കേസില്‍ നിന്നും നിലവിലെ ജഡ്ജിയെ മാറ്റണമെന്ന ഒരു ഹർജി അതിജീവിത വീണ്ടും കോടതിയില്‍ കൊടുത്തിട്ടുണ്ട്. രണ്ട് കേസും 19 ന് പരിഗണിക്കും. ഞങ്ങള്‍ ഒരു ടീം വർക്കായിട്ടാണ് മുന്നോട്ട് പോവുന്നത്. അതിജീവിതയ്ക്ക് വേണ്ടി ഏറ്റവും നല്ല ടീമിനെ രംഗത്ത് ഇറക്കിയാണ് പോരാടുന്നത്. സത്യം വിജയിക്കുമെന്ന് തന്നെയാണ് വിശ്വാസം.

ആരേയും ഞങ്ങള്‍ ലക്ഷ്യം വെക്കുന്നില്ല. പക്ഷെ ലോകത്ത് തന്നെ ഇന്നുവരെ കേട്ടിട്ടാല്ലാത്ത തരത്തില്‍ ബലാത്സംഗത്തിന് ക്വട്ടേഷന്‍ കൊടുത്തുവെന്ന കേസാണിത്. അത് നമ്മുടെ പെണ്‍കുട്ടികളെയാകെ ബാധിക്കുന്ന കാര്യമാണ്. കേവലമായ ഒരു മനുഷ്യാവകാശ പ്രശ്നമായി മാത്രം ഇതിനെ കാണാനാവില്ല. ഹാജരാക്കുന്ന തെളിവുകളൊക്കെ മികച്ച രീതിയില്‍ പരിഗണിക്കപ്പെടുന്ന ഒരു അന്തരീക്ഷം കോടതിയില്‍ ഉണ്ടാവുക എന്നുള്ളത് മാത്രമാണ് ഞങ്ങള്‍ ലക്ഷ്യം വെക്കുന്നതെന്നും ടിബി മിനി കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications