ദിലീപ് ഗൂഢാലോചന നടത്തിയത് ഷിപ് യാര്‍ഡിന് അടുത്തുള്ള ഫ്‌ളാറ്റിലെന്ന് കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിനെതിരെ കുരുക്കുകള്‍ മുറുക്കി അന്വേഷണ സംഘം. ദിലീപ് ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. എറണാകുളത്തെ എംജി റോഡിലുള്ള മേത്തര്‍ ഹോംസിന്റെ ഫ്‌ളാറ്റിലാണ് പ്രതികള്‍ ഒത്തുച്ചേര്‍ന്നതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരില്‍ നിന്നും അന്വേഷണ സംഘം വിവരങ്ങള്‍ തേടിയിട്ടുണ്ട്. ദിലീപ് പറയുന്നത് പോലെയുള്ള കാര്യങ്ങള്‍ ഫോണില്‍ ഇല്ല എന്ന് മഞ്ജു വാര്യര്‍ പറഞ്ഞതായിട്ടാണ് സൂചന. പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

എറണാകുളത്തെ എംജി റോഡിലുള്ള മേത്തര്‍ ഹോംസിന്റെ ഫ്‌ളാറ്റിലാണ് ദിലീപ് അടക്കമുള്ള പ്രതികള്‍ ഗൂഢാലോചനയ്ക്കായി ഒത്തുകൂടിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇതിന് പുറമേ മഞ്ജു വാര്യരുമായുള്ള സംഭാഷണങ്ങള്‍ ഫോണില്‍ ഉണ്ടെന്ന ദിലീപിന്റെ വാദത്തെ കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ദിലീപും സഹോദരന്‍ അനുരൂപും സഹോദരി ഭര്‍ത്താവ് സുരാജും ഒരുമിച്ചിരുന്ന് ഗൂഢാലോചന നടത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. എംജി റോഡിലുള്ള ദിലീപും സംഘവും ഗൂഢാലോചന നടത്തിയതായി നേരത്തെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവരങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തിയത്.

2017 ഡിസംബര്‍ മാസത്തിലാണ് ദിലീപ് അടക്കമുള്ളവര്‍ ഒത്തുകൂടിയതെന്നാണ് അന്വേഷണ സംഘം ഫറയുന്നത്. ഷിപ്പ് യാര്‍ഡിന് അടുത്തായിട്ടാണ് മേത്തര്‍ ഹോംസിന്റെ അപ്പാര്‍ട്‌മെന്റ് സമുച്ചയമുള്ളത്. ഇതില്‍ ദിലീപിന് ഫ്‌ളാറ്റുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ചാണ് ആലോചനകള്‍ നടന്നത്. ഈ സമയത്തെ ഈ മൂന്ന് പേരുടെയും ടവര്‍ ലൊക്കേഷനുകളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ഇവരുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന ഫ്‌ളാറ്റിലെ ചിലരുടെ സാക്ഷി മൊഴികളും അന്വേഷണ സംഘത്തിന്റെ കൈയ്യിലുണ്ട്. ദിലീപ് കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു ഇതെല്ലാം നടന്നത്.

ദിലീപിന്റെ പദ്മസരോവരം എന്ന വീട്ടില്‍ വെച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ദിലീപ് പറഞ്ഞ കാര്യങ്ങള്‍ വെറും ശാപവാക്കുകള്‍ മാത്രമല്ല എന്ന് സ്ഥാപിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. അതേസമയം ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരില്‍ നിന്ന് അന്വേഷണ സംഘം ഫോണിലൂടെയാണ് വിവരങ്ങള്‍ തേടിയത്. എന്നാല്‍ ദിലീപുമായി അത്തരത്തിലുള്ള സ്വകാര്യ സംഭാഷണങ്ങളൊന്നും നടന്നിട്ടില്ലെന്നും, മകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒന്നോ രണ്ടോ തവണ സംസാരിച്ചുവെന്നുമാണ് മഞ്ജു വാര്യര്‍ മറുപടി നല്‍കിയതെന്നാണ് സൂചന. ഇന്നലെ പുതിയ തെളിവുകള്‍ കേസില്‍ പ്രോസിക്യൂഷന്‍ പുറത്തുവിട്ടിരുന്നു. ആലുവ പോലീസ് ക്ലബിന് സമീപത്ത് കൂടി ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ വാഹനത്തില്‍ പോകുമ്പോള്‍ ആക്രമണത്തെ കുറിച്ച് സംസാരിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്.

2019ന്റെ തുടക്കത്തില്‍ സിനിമാ നിര്‍മാതാവും ആലുവ സ്വദേശിയുമായ ശരത്തും വിദേശ മലയാളിയും തമ്മില്‍ ചില തര്‍ക്കങ്ങളുണ്ടായി. ഇതിനിടയിലും ഗൂഢാലോചനയുമായി ബന്ധപ്പെട്ട ചില വെളിപ്പെടുത്തലുകളുണ്ടായിരുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം എല്ലാവരും ഒരേസമയം ഫോണ്‍ മാറ്റിയത് ഗൂഢാലോചനയെ ബന്ധിപ്പിക്കുന്നതാണെന്ന് വാക്കാല്‍ കോടതിയും പറഞ്ഞു. അതേസമയം ഫോണ്‍ കൈമാറാതിരിക്കാനായി ദിലീപ് സകല അടവും പയറ്റിയിരുന്നു. ഒരു ഘട്ടത്തില്‍ മൊബൈല്‍ ഫോണ്‍ എന്താ ടൈം ബോംബോ ആര്‍ഡിഎക്‌സോ വല്ലതുമാണോ എന്നടക്കം ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ള ചോദിച്ചു. കൈമാറിയില്ലെങ്കില്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്ന സംരക്ഷണം ഒഴിവാക്കും എന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി.

ഹൈക്കോടതിയില്‍ നിന്നും നല്ല തിരിച്ചടിയാണ് ദിലീപിനുണ്ടായത്. സഹകരിച്ചില്ലെങ്കില്‍ നിലപാട് മാറുമെന്ന് ഹൈക്കോടതി പറഞ്ഞു. ഫോണ്‍ കൈവശം വെക്കാനാവില്ല. കേന്ദ്ര സര്‍ക്കാര്‍ നോട്ടിഫൈ ചെയ്ത അഞ്ച് ലാബ് ഇവിടെയുണ്ട്. അതിലെവിടെയും പരിശോധിക്കാം. നാലാമത്തെ ഫോണിനെ കുറിച്ച് അറിയില്ലെന്നായിരുന്നു ദിലീപിന്റെ വാദം. ഇതിന്റ ഐഎംഇഐ നമ്പര്‍ അടക്കം അന്വേഷണ സംഘം ഹാജരാക്കി. ഒരിക്കല്‍ ഉപയോഗിച്ചിട്ടുണ്ടാവും, അതല്ലാതെ ഈ ഫോണിനെ കുറിച്ച് അറിയില്ലെന്നായിരുന്നു ദിലീപ് പറഞ്ഞത്. ദിലീപിന്റെ വാട്‌സ്ആപ്പ് ചാറ്റ്, കോള്‍ വിവരങ്ങള്‍ അറിയാനാണ് അന്വേഷണ സംഘം മൊബൈല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതികള്‍ ഒരു വര്‍ഷത്തിനിടെ ഫോണ്‍ മുഖേന ബന്ധപ്പെട്ടവരുടെ വിവരങ്ങളും എസ്എംഎസ് സന്ദേശങ്ങളും ക്രൈംബ്രാഞ്ചിന്റെ കൈയ്യിലുണ്ട്.












Click it and Unblock the Notifications