അന്ന് നടിയുടെ സാന്നിധ്യം; കാവ്യ മാധവനിലേക്ക് അന്വേഷണ സംഘം.. കുരുക്ക് മുറുകുന്നു
കൊച്ചി; നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ ഗൂഢാലോചന നടന്നുവെന്ന കേസിൽ കൂടുതൽ പേരെ കുരുക്കാൻ ക്രൈംബ്രാഞ്ച് സംഘം. കേസിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ദിലീപിനേയും ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ്, അപ്പു എന്നിവരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴികളിൽ വൈരുധ്യം ഉണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. അതിനിടെ നടി കാവ്യ മാധവനേയും ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് അന്വഷണ സംഘം എന്നാണ് സൂചന.

കേസിൽ ഗൂഢാലോചന നടന്ന ദിവസം കാവ്യ മാധവൻറെ സാന്നിധ്യം ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. നേരത്തേ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം ദിലീപിന്റെ വസതിയായ പത്മസരോവരത്തിൽ നടത്തിയ അന്വേഷണത്തിനിടെ കാവ്യ മാധവനോട് വിവരങ്ങൾ ശേഖരിച്ചിരുന്നു.

അതേസമയം നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ദിലീപും കൂട്ടരും കണ്ടശേഷം കാവ്യ മാധവന് കൈമാറിയെന്നാണ് ബാലചന്ദ്രകുമാർ ആരോപിച്ചത്. 15 മിനിറ്റോളം ദിലീപും സംഘവും ദൃശ്യങ്ങൾ കണ്ടു. അതിൽ എട്ട് ക്ലിപ്പുകൾ ഉണ്ടായിരുന്നുവെന്നാണ് താൻ മനസിലാക്കിയത്. അതിന് ശേഷം ദൃശ്യങ്ങൾ കണ്ട ടാബ് ദിലീപ് കാവ്യ മാധവന് കൈമാറിയെന്നായിരുന്നു ബാലചന്ദ്രകുമാർ പറഞ്ഞത്. അതേസമയം ദൃശ്യങ്ങൾ കാണാൻ കാവ്യ അവിടെ ഉണ്ടായിരുന്നില്ലെന്നും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു.

അതിനിടെ നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ കണ്ടെത്താനുളള നീക്കങ്ങൾ സജീവമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം. പീഡന ദൃശ്യങ്ങൾ വിദേശത്തേക്ക് കടത്തിയോ എന്നാണ് സംഘം അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം സംവിധായകൻ ബാലചന്ദ്രകുമാറിന് ലഭിച്ച ഫോൺ കോളുകളുടെ പശ്ചാത്തലത്തിൽ സ്വിറ്റ്സർലാന്റ്, യുകെ എന്നീ രാജ്യങ്ങളിൽ ദിലീപുമായി ബന്ധപ്പെട്ടവരിൽ ദൃശ്യങ്ങൾ ഉണ്ടോയെന്നാണ് അന്വേഷണ സംഘം പരിശോധിക്കാനൊരുങ്ങുന്നത്.

ബ്രിട്ടൺ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നാണ് കഴിഞ്ഞ ഒരാഴ്ചക്കിടയിൽ പീഡന ദൃശ്യങ്ങൾ ഉണ്ടെന്ന് അറിയിച്ച് ബാലചന്ദ്രകുമാറിന് ഫോൺകോൾ ലഭിച്ചത്. ദിലീപിന്റെ സുഹൃത്തായ മട്ടാഞ്ചേരി സ്വദേശിയുടെ കൈയ്യിൽ ദൃശ്യങ്ങൾ ഉണ്ടെന്ന് പറഞ്ഞ് തനിക്ക് സ്വിറ്റ്സർലന്റിൽ നിന്നും കോൾ ലഭിച്ചതായി ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ദിലീപുമായി ഇയാൾ അകൽച്ചയിലാണെന്നും അയാൾ ദൃശ്യങ്ങൾ പ്രചരിപ്പിച്ചേക്കാമെന്നുമായിരുന്നു മുന്നറിയിപ്പ് എന്നായിരുന്നു ബാലചന്ദ്രകുമാർ പറഞ്ഞത്.

തന്റെ ഫോൺ വിവരങ്ങൾ അന്വേഷണ സംഘത്തിന് കൈമാറണമെന്നും ഇയാൾ പറഞ്ഞതായും സംവിധായകൻ വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരം താൻ ഇയാളുടെ ഫോൺ വിവരങ്ങൾ ക്രൈംബ്രാഞ്ചിന് കൈാറി എന്നായിരുന്നു ബാലചന്ദ്രകുമാർ പറഞ്ഞത്. അതേസമയം യുകെയിൽ നിന്നും വിളിച്ചയാൾ വീഡിയോകൾ വന്നാൽ ദൃശ്യങ്ങൾ കാണിക്കാമെന്ന് പറഞ്ഞതായും ബാലചന്ദ്രകുമാർ അവകാശപ്പെട്ടു.

അതേസമയം ബാലചന്ദ്രകുമാർ ആരോപിച്ച വിഐപി താനല്ലെന്ന് വ്യക്തമാക്കി ശരത് രംഗത്തെത്തി. കേസിൽ ബാലചന്ദ്രകുമാർ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ തള്ളിയ ശരത് കേസുമായും ഗൂഢാലോചനയുമായും തനിക്കൊരു ബന്ധവുമില്ലെന്നും വ്യക്തമാക്കി. റിപ്പോർട്ടർ ചാനലിനോടായിരുന്നു ശരതിന്റെ പ്രതികരണം. താന് ആലുവയിൽ തന്നെ ഉണ്ട്. ഇപ്പോൾ ഈ കേസിൽ തനിക്ക് ഒന്നും പറയാനില്ല. ഈ വരുന്ന വാർത്തകൾ ഒന്നും ശരിയല്ല. ഞാൻ ഊട്ടിയിലെ എന്റെ ഹോട്ടലിൽ ഉണ്ടായിരുന്നു. ഒളിവിൽ ആയിരുന്നില്ല. നാല് ദിവസമായി കൊച്ചിയിൽ ഉണ്ട്.

ബാലചന്ദ്രകുമാർ പറയുന്നതിനെ കുറിച്ച് തനിക്ക് അറിയില്ല. ഇക്ക എന്നൊന്നും ആരും തന്നെ വിളിക്കാറില്ല. ബാലചന്ദ്രകുമാർ പറഞ്‍ഞത് പോലെ മുസ്ലീങ്ങൾ ഉപയോഗിക്കുന്ന ഇൻഷ അള്ളാ എന്ന വാക്ക് ഞാൻ ഉപയോഗിക്കാറില്ല, ശരത് പറഞ്ഞു. അതേസമയം ശരത് അങ്കിൾ വന്നു എന്ന് ബാചന്ദ്രകുമാർ കൈമൊറിയ ഓഡിയോയിൽ പറയുന്നതായി ചൂണ്ടിക്കാട്ടിയപ്പോൾ അഞ്ച് വർഷം മുൻപ് നടന്ന കാര്യം തനിക്ക് ഓർമ്മയില്ലെന്നായിരുന്നു ശരതിന്റെ പ്രതികരണം.

ബിസിനസിന്റേതായ പ്രശ്നങ്ങൾ ധാരാളം ഉണ്ട്. അതിനിടയിൽ ഇത്തരം വിഷയങ്ങൾ ആലോചിക്കാനുള്ള സമയമില്ല. ബാലചന്ദ്രകുമാർ എഴുതിവെച്ചത് പോലെ പലതും പറയുകയാണ്. അതിനെ കുറിച്ച് ഞങ്ങൾക്ക് അറിയില്ല. ഞാൻ ആർക്കും ദൃശ്യങ്ങൾ നൽകിയിട്ടില്ല. ഒരു ഗൂഢാലോചനയും അവിടെ നടന്നതായി തനിക്ക് അറിയില്ല. ആളുകളുടെ ശല്യം കാരണമാണ് ഫോൺ ഓഫ് ചെയ്ത് വെച്ചതുമെന്നും ശരത് പറഞ്ഞു.

ദിലീപുമായി അടുത്ത സൗഹൃദമുണ്ട്. എന്റെ ബിസിനസിൽ ദിലീപിന് യാതൊരു പാർട്ണർ ഷിപ്പും ഇല്ല. ദിലീപുമായി താൻ വിദേശയാത്രകൾ പോയിട്ടില്ല. അവസാനമായി താൻ വിദേശ യാത്ര നടത്തിയത് 2017 ലാണ്. ആരോപണങ്ങൾ പോലീസ് അന്വേഷിക്കട്ടേയെന്നും പോലീസുമായി സഹകരിക്കുമെന്നും ശരത് പറഞ്ഞു.

ഭയപ്പെട്ടത് കൊണ്ടല്ല മുൻകൂർ ജാമ്യത്തിന് പോയത്. ഞാൻ വിഐപിയല്ല. ബാലചന്ദ്രകുമാറിനെ നാർക്കോ അനാലിസിസിന് വിധേയമാക്കണം. നുണപരിശോധനയ്ക്ക് ഞാൻ തയ്യാറാണ്. ഞാൻ തെറ്റ് ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ യാതൊരു ഭയവും എനിക്ക് ഇല്ല. സിനിമാ കഥയെഴുതുന്നത് പോലെയാണ് ബാലചന്ദ്രകുമാർ ഇപ്പോൾ ഓരോന്ന് പറയുന്നതെന്നും ശരത് പറഞ്ഞു.
'സാഹചര്യങ്ങൾ കഠിനമാകുമ്പോൾ തല ഉയർത്തിപിടിച്ച് തന്നെ നിൽക്കണം'..ചർച്ചയായി റിമ കല്ലിങ്കലിൻറെ ഫോട്ടോകൾ












Click it and Unblock the Notifications