ദിലീപിന്റെ ഇടപെടല്‍ ഇല്ലാതെ ഇത് നടക്കില്ല: 58 വയസ്സാണ് വ്യാജ പരാതിക്കാരിക്കെന്നും ബാലചന്ദ്രകുമാർ
കൊച്ചി: തനിക്കെതിരായ പീഡന പരാതി വ്യാജമാണെന്ന പൊലീസ് കണ്ടെത്തല്‍ വളരെ സന്തോഷം തരുന്ന കാര്യമാണെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാർ. ഒരിക്കല്‍ പോലും ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത വ്യക്തിയാണ് ഈ പരാതിക്കാരി. ഒരു പാവപ്പെട്ട സ്ത്രീയെ വാടകയ്ക്ക് എടുത്തുകൊണ്ടുവന്ന് അവർക്ക് കാശ് നല്‍കി ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഒരാളും സംഘവുമാണ് ഈ പരാതിക്ക് പിന്നില്‍ പ്രവർത്തിച്ചതെന്ന് പൊലീസ് വളരെ വിദഗ്ധമായി കണ്ടെത്തിയിരിക്കുകയാണ്.
നാല്‍പ്പതോളം പേജുള്ള പൊലീസിന്റെ റിപ്പോർട്ട് വായിക്കുമ്പോള്‍ തന്നെ നമുക്ക് കാര്യങ്ങള്‍ വ്യക്തമാവും. ഇതൊക്കെ കേരളത്തിലാണ് സംഭവിച്ചിരിക്കുന്നത് എന്നുള്ളത് അത്ഭുതം തോന്നുന്ന കാര്യമാണെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കുന്നു. റിപ്പോർട്ടർ ടിവിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പൊലീസ് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും പൊലീസിന്റെ ആളല്ലേ ബാലചന്ദ്രകുമാർ എന്ന വാദവുമായി ദിലീപിന്റെ ആളുകള്‍ വീണ്ടും രംഗത്ത് എത്താം. പക്ഷെ ഈ പരാതി വ്യാജമാണെന്നുള്ളതിന് കൃത്യമായ തെളിവുകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 2010 ഡിസംബർ 23-ാം തിയതി ഈ സംഭവം നടന്നുവെന്നാണ് വ്യാജ പരാതിയില്‍ പറയുന്നത്. ആ സമയത്ത് ഞാന്‍ തിരുവനന്തപുരത്ത് തന്നെ ഉണ്ടായിരുന്നു എന്നുള്ളതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷ ഉദ്യോഗസ്ഥർക്ക് നല്‍കിയിരുന്നുവെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കുന്നു.
ഗ്ലാമറസ് ലുക്കില്‍ പൊളിച്ചടുക്കി താരപുത്രി: ഇഷാനി കൃഷ്ണയുടെ പുതിയ ഫോട്ടോകള്‍ വൈറല്‍

അന്നേ ദിവസം വൈകീട്ട് അഞ്ച് മണിക്ക് ഞാനും എന്റെ ഭാര്യയും മകനും തിരുവനന്തപുരത്ത് വഞ്ചിയൂരിലെ സഹോദരന്റെ വീട്ടിലുണ്ടായിരുന്നതിന്റെ തെളിവുകളാണ് നല്‍കിയത്. അന്നേ ദിവസം ഒരു സുഹൃത്ത് പകർത്തിയ ചിത്രമായിരുന്നു തെളിവ്. 2010 ലെ ആ ക്യമാറയും മെമ്മറികാർഡും പൊലീസിന് നല്‍കി. അവരത് എഫ് എസ് എല്ലിന് അയച്ച് ഫോട്ടോകള്‍ തിരിച്ചെടുക്കുകയായിരുന്നു. ഉച്ചക്ക് മൂന്ന് മണിയോട് കൂടി എറണാകുളത്ത് വെച്ച് പീഡനം നടന്നുവെന്നാണ് പരാതിയിലുള്ളത്. എന്നാല്‍ 5.15 മുതല്‍ ഞാന്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. വിമാനത്തില്‍ യാത്ര ചെയ്താല്‍ പോലും ആ സമയത്ത് അവിടെ എത്താനാവില്ല.

ഇത്തരത്തിലുള്ള ഒരുപാട് തെളിവുകളുടേയും മൊഴികളുടേയും അടിസ്ഥാനത്തിലാണ് പരാതി വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയത്. റിപ്പോർട്ട് വായിച്ച് നോക്കിയാല്‍ രസകരമായ പലകാര്യങ്ങളും നമുക്ക് കണ്ടത്താന്‍ സാധിക്കും. പരാതിക്കാരി വ്യാജ മേല്‍വിലാസമാണ് കൊടുത്തത്. യഥാർത്ഥത്തില്‍ 58 വയസ്സാണെങ്കിലും 44 വയസ്സെന്നാണ് പറഞ്ഞത്. അവരൊരു ക്രിമിനല്‍ കേസ് പ്രതിയാണെന്നും റിപ്പോർട്ടിലുണ്ട്.

ഇങ്ങനേയും ഇവിടെ മനുഷ്യരുണ്ടോ എന്ന് ആലോചിച്ച് പോവുകയാണ്. ദിലീപിനോട് അമിതമായ ആരാധനയുള്ള ഒരു കൂട്ടം ആളുകളാണ് ഇതിന് പിന്നിലുള്ള. സ്കൂള്‍ കാലം മുതല്‍ അദ്ദേഹത്തോടൊപ്പം ചേർന്ന് ജീവിക്കുന്ന സിനിമ സംവിധായകന്‍ കൂടിയായ ദിലീപിന്റെ സുഹൃത്ത്, ദിലീപിന് വേണ്ടി കഴിഞ്ഞ അഞ്ചാറ് വർഷമായി ചാനലില്‍ വന്നിരുന്ന് വാദിക്കുന്ന മറ്റൊരു സംവിധായകന്‍, എന്റെ തന്നെ ശിഷ്യനായിരുന്ന മറ്റൊരു സംവിധായകന്‍, ദിലീപ് ഫാന്‍സിന്റെ നേതൃത്വത്തിലുള്ളയാള്‍, ദിലീപിന് വേണ്ടി പ്രവർത്തിക്കുന്ന ഒരു യൂട്യൂബ് ചാനല്‍ എന്നിവരാണ് ഇതിന് പിന്നിലെന്നും ബാലചന്ദ്ര കുമാർ പറയുന്നു.

ഇവരെല്ലാവരും തന്നെ ദിലീപിനോട് അടുത്ത് നില്‍ക്കുന്നവരോ ദിലീപിനോട് ആരാധനയോ ഉള്ളവരാണ്. ദിലിപീന്റെ കൂടെ ഇടപെടല്‍ ഇല്ലാതെ ഒരിക്കലും ഈ സംഭവം നടക്കില്ലെന്ന് എല്ലാവർക്കും അറിയാം. ഇതിലെ എറ്റവും പ്രധാനപ്പെട്ട ആളെന്ന് പറയുന്ന സംവിധായകന്‍ നിരന്തരം ദിലീപുമായി ഒരുമിച്ച് നടക്കുകയും നടി ആക്രമിക്കപ്പെട്ട കേസിന്റെ കാര്യത്തിലൊക്കെ പ്രവർത്തിക്കുകയും ചെയ്യുന്ന ആളാണ്. അതുകൊണ്ട് തന്നെ സ്വാഭാവികമായും ദിലീപ് അറിയാതെ ഇക്കാര്യങ്ങള്‍ നടക്കില്ല. ദിലീപീന്റെ പങ്കിനെക്കുറിച്ച് അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിയമനടപടിക്ക് ഒരുങ്ങുകയാണ് ഞാനെന്നും അദ്ദേഹം പറയുന്നു.

ബാലചന്ദ്ര കുമാറിനെതിരെയുള്ള പീഡന പരാതി വ്യാജമാണെന്നും പരാതിക്ക് പിന്നില്‍ ദിലീപും സംഘവുമാണെന്ന് വ്യക്തമാക്കുന്ന പൊലീസ് റിപ്പോർട്ട് ഇന്ന് പുറത്ത് വന്നിരുന്നു്. ഇതിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാരിക്കെതിരെ കേസെടുത്തിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് എതിരെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയതിലുള്ള വൈരാഗ്യമാണ് വ്യാജ പരാതിക്ക് പിന്നിലെന്നും തലശ്ശേരി സ്വദേശിയായ യുവതിക്ക് ദിലീപും സംഘവും പണം നല്‍കിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.












Click it and Unblock the Notifications