മഞ്ജുവാര്യരുമായി പോലീസ് സംസാരിച്ചു; രണ്ടു കാര്യങ്ങളില്‍ മറുപടി... ഫോണ്‍ പരിശോധന നിര്‍ണായകം
കൊച്ചി: ദിലീപിന്റെയും മറ്റു പ്രതികളുടെയും ഫോണുകള്‍ തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഹാജരാക്കും. മുംബൈയിലുള്ള ഫോണുകള്‍ ഞായറാഴ്ച കൊച്ചിയിലെത്തിക്കും. ഹൈക്കോടതി രജിസ്ട്രാര്‍ക്ക് മുദ്രവച്ച കവറില്‍ കൈമാറണമെന്നാണ് നിര്‍ദേശം. പോലീസിന് കൈമാറിയാല്‍ ദുരുപയോഗ സാധ്യതയുണ്ടെന്ന് ദിലീപ് കോടതിയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രജിസ്ട്രാര്‍ക്ക് കൈമാറുന്നത്.
ഫോണ്‍ കൈമാറുന്നതിന് ദിലീപ് തടസം പറഞ്ഞ കാര്യങ്ങളിലൊന്ന് ഫോണില്‍ തന്റെ കുടുംബപരമായ സ്വകാര്യ സംഭാഷണങ്ങളുമുണ്ട് എന്നായിരുന്നു. ആദ്യ ഭാര്യ നടി മഞ്ജുവാര്യരുമായുള്ള സംഭാഷണവും അതിലുണ്ട് എന്ന് ദിലീപ് വ്യക്തമാക്കിയിരുന്നു. പിന്നാലെ പോലീസ് മഞ്ജുവാര്യരുമായി ബന്ധപ്പെട്ടുവെന്നാണ് സൂചന...

നടി ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തി എന്നാണ് സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍. ഇതേ തുടര്‍ന്ന് പോലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ദിലീപ്, സഹോദരന്‍ അനൂപ് എന്നിവരുള്‍പ്പെടെ ആറ് പേരാണ് കേസിലെ പ്രതികള്‍. ഇതിന് പിന്നാലെയാണ് ദിലീപിന്റെ ഫോണ്‍ പരിശോധിക്കാനുള്ള നീക്കം പോലീസ് തുടങ്ങിയത്.

ഗൂഢാലോചനയുടെ വിവരങ്ങള്‍ പൂര്‍ണമായി ലഭിക്കണമെങ്കില്‍ ദിലീപിന്റെയും മറ്റു പ്രതികളുടെയും ഫോണുകള്‍ പരിശോധിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. ഏറെ വാദങ്ങള്‍ക്ക് ശേഷം ഹൈക്കോടതി ഇതിന് അനുമതി നല്‍കി. ഫോണ്‍ മുംബൈയിലാണെന്നും അത് തിരിച്ച് കൊണ്ടുവരേണ്ടതുണ്ടെന്നും ദിലീപ് കോടതിയെ അറിയിച്ചു. സംഭാഷണങ്ങള്‍, വീഡിയോകള്‍, മെസ്സേജുകള്‍ എന്നിവ വീണ്ടെടുത്ത് പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതാകട്ടെ കേസില്‍ വളരെ നിര്‍ണായകവുമാണ്.

തിങ്കളാഴ്ച ഹൈക്കോടതി രജിസ്ട്രാര്‍ക്ക് മുമ്പാകെ എല്ലാ പ്രതികളുടെയും ഫോണുകള്‍ ഹാജരാക്കണമെന്നാണ് കോടതി നിര്‍ദേശം. ഫോണ്‍ കൈമാറുന്നതിന് തടസം പറഞ്ഞ വേളയില്‍ ദിലീപ് ചൂണ്ടിക്കാട്ടിയ കാര്യം കുടുംബപരമായ സ്വകാര്യ വിവരങ്ങളും ഫോണിലുണ്ട് എന്നും അവ പോലീസിന്റെ കൈവശം എത്തിയാല്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു.

ആദ്യ ഭാര്യ മഞ്ജുവാര്യരുമായി ബന്ധപ്പെട്ട സംഭാഷണങ്ങളും അഭിഭാഷകരുമായുള്ള സംഭാഷണങ്ങളും ഫോണിലുള്ളതിനാല്‍ കൈമാറാന്‍ പ്രായസമുണ്ട് എന്നായിരുന്നു ദിലീപിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം മഞ്ജുവാര്യരുമായി ബന്ധപ്പെട്ടതത്രെ. ദിലീപ് പറഞ്ഞ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുകയായിരുന്നു അന്വേഷണ സംഘത്തിന്റെ ലക്ഷ്യം എന്നാണ് വാര്‍ത്താ ചാനലുകളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഫോണ്‍ വഴിയാണ് അന്വേഷണ സംഘം മഞ്ജുവാര്യരുമായി ബന്ധപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സ്വകാര്യ സംഭാഷണങ്ങള്‍ നടന്നിട്ടില്ല എന്നാണ് മഞ്ജുവാര്യര്‍ മറുപടി നല്‍കിയതത്രെ. മകളുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ഒന്നോ രണ്ടോ തവണ സംസാരിച്ചെന്നും മഞ്ജു മറുപടി നല്‍കി എന്നാണ് വിവരം. സ്വകാര്യ സംഭാഷണമില്ല എന്നതും മകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സംസാരിച്ചത് എന്നതും നിലവിലെ ഫോണ്‍ പരിശോധനയ്ക്ക് തടസമാകില്ല.
പിങ്ക് മോണോക്കിനിയില്‍ തിളങ്ങി മാളവിക മോഹനന്‍; നടിയുടെ മാലിദ്വീപ് ചിത്രങ്ങള്‍ വൈറല്‍

നടി ആക്രമിക്കപ്പെട്ട സംഭവം നടന്നത് 2017 ഫെബ്രുവരിയിലാണ്. ദിവസങ്ങള്‍ക്ക് ശേഷം കൊച്ചി സ്റ്റേഡിയത്തില്‍ താരങ്ങള്‍ പങ്കെടുത്ത യോഗം നടന്നിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ഗൂഢാലോചന നടന്നുവെന്ന് സംശയിക്കുന്നതായി മഞ്ജുവാര്യര്‍ ഈ യോഗത്തില്‍ പറഞ്ഞത് ഏറെ ചര്‍ച്ചയായിരുന്നു. മാസങ്ങള്‍ക്ക് ശേഷമാണ് കേസില്‍ ദിലീപ് അറസ്റ്റിലായത്.

പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള ക്വട്ടേഷന്‍ സംഘങ്ങള്‍ അറസ്റ്റിലായ കേസില്‍ 2017 ജൂലൈ 10നാണ് ദിലീപ് അറസ്റ്റിലായത്. രണ്ടു തവണ വിശദമായി ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. 83 ദിവസം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ദിലീപ് പുറത്തിറങ്ങിയത്. പിന്നീട് നടത്തിയ ചില സംഭാഷണങ്ങളാണ് അന്വേഷണ സംഘത്തിനെതിരെ ദിലീപ് ഗൂഢാലോചന നടത്തി എന്ന പുതിയ കേസിന് ആധാരം.












Click it and Unblock the Notifications