'ആ സംഭവത്തോടെ തന്നെ ശ്രീലേഖയുടെ മനസിലെ കള്ളത്തരം പുറത്തുവന്നിരുന്നു';ബൈജു കൊട്ടാരക്കര
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതി ദിലീപിനെ പിന്തുണച്ച് കൊണ്ടുള്ള മുൻ ഡിജിപി ആർ ശ്രീലേഖയുടെ പ്രതികരണത്തിൽ രൂക്ഷ വിമർശനവുമായി സംവിധാകൻ ബൈജു കൊട്ടാരക്കര. പെൻഷനായി വീട്ടിലിരിക്കേണ്ട സമയത്ത് ഇങ്ങനെ അബദ്ധ ജഡിലങ്ങൾ വിളിച്ച് പറഞ്ഞ് കേരള ജനതയുടെ മനസ് മാറ്റാമെന്നോ നടി ആക്രമിക്കപ്പെട്ട കേസിനെ വഴിതിരിച്ചുവിടാമെന്നോ ജുഡീഷ്യറിയെ സ്വാധീനിക്കാമെന്നോ കരുതേണ്ടെന്ന് ബൈജു പറഞ്ഞു. പല ക്രമിനിൽ കുറ്റങ്ങളെ കുറിച്ചും മൗനം പുലർത്തിയ ആളാണ് ആർ ശ്രീലേഖ.ക്വട്ടേഷൻ ബലാത്സംഗം ചെയ്യിച്ചു എന്ന് പറയുന്നവരേക്കാൾ വലിയ ക്രിമിനൽ ശ്രീലേഖയാണെന്ന് പറയുന്നത് ഒട്ടും അധികമാവില്ലെന്നും ന്യൂസ് ഗ്ലോബ് ടിവിയിൽ അദ്ദേഹം പറഞ്ഞു. ബൈജു കൊട്ടാരക്കര പറഞ്ഞത് വായിക്കാം-

'സർവ്വീസിൽ ഇരിക്കുമ്പോഴുണ്ടായ ഒരു സംഭവം ഈ അടുത്ത കാലത്ത് ആർ ശ്രീലേഖ തുറന്ന് പറഞ്ഞിരുന്നു. തന്റെ കീഴുദ്യോഗസ്ഥയായ പോലീസ് ഓഫീസറെ ഉന്നതനായ ഒരു പോലീസ് ഉദ്യോഗസ്ഥൻ മുറിയിലേക്ക് ക്ഷണിച്ചുവെന്നും പലതവണ ഇത് നടന്നുവെന്നുമായിരുന്നു ശ്രീലേഖ പറഞ്ഞത്. അഭിമാനം കൊണ്ട് ആ സ്ത്രീ ഇതൊന്നും തുറന്ന് പറഞ്ഞില്ലെന്നും ശ്രീലേഖ പറഞ്ഞിരുന്നു.ഒടുവിൽ അവർ പരാതി പറഞ്ഞപ്പോൾ നീ ഇനി പോകേണ്ട എന്ന് താൻ അവരോട് പറഞ്ഞെന്നായിരുന്നു ശ്രീലേഖയുടെ വെളിപ്പെടുത്തൽ'.

'ശക്തമായ നടപടിയിലേക്ക് പോകാതെ ആ കീഴുദ്യോഗസ്ഥയെ സമാധാനിപ്പിച്ച് പറഞ്ഞയച്ച ശ്രീലേഖ ഏറ്റവും വലിയ കുറ്റമല്ലേ ചെയ്തത്. തന്റെ മുകളിൽ ഉള്ള ഓഫീസർക്കെതിരെ നിയമ നടപടി സ്വീകരിക്കണമായിരുന്നു. അതിന് പകരം അവരെ ആശ്വസിപ്പിച്ച് വിടുകയാണ് ചെയ്തത്. ഇതിലൂടെ തന്നെ ഇവരുടെ മനസിലിരിക്കുന്ന കള്ളത്തരം നമ്മുക്ക് വ്യക്തമായി വായിക്കാൻ കഴിയും. പിന്നീട് ഇവർ നടത്തിയത് ഒരു കുട്ടിയുടെ കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലായിരുന്നു.ദാ ഇപ്പോൾ ദിലിപിനെ സംരക്ഷിക്കാനും'.

'ആദ്യം പറഞ്ഞത് താൻ ആലുവ ജയിലിൽ സന്ദർശിക്കാൻ എത്തിയപ്പോൾ ദിലീപ് തളർന്ന് ജയിലിന്റെ കമ്പിയിൽ തൂങ്ങി നിൽക്കുന്നു, കിടക്കാനായി ഒന്നുമില്ല. ആ സങ്കടം കണ്ട് കിടക്കാനായി രണ്ട് കമ്പിളി പുതപ്പ് കൊടുത്തു. വീട്ടിൽ നിന്ന് ആഹാരം എത്തിച്ചു കൊടുത്തു എന്നൊക്കെയായിരുന്നു . മൂന്നാല് മാസത്തിന് മുൻപാണ് ഈ കഥ അവർ മെനഞ്ഞ് വിട്ടത്. എന്നാൽ പൾസർ സുനിയുടെ സഹതടവുകാരനായ ജിംസൺ പറഞ്ഞത് ദിലീപിന് അത്തരമൊരു ദുരനുഭവം ഒന്നും നേരിടേണ്ടി വന്നിട്ടില്ലെന്നാണ്'.

'ചെരിപ്പ് കീറി അതിനുള്ളിൽ ഫോൺ വെച്ച് തുന്നി പഴയ പോലെ ആക്കിയ ശേഷമാണ് ജയിലിനകത്തേക്ക് ഫോൺ എത്തിച്ചതെന്ന് ജിംസൺ കോടതിയിൽ അടക്കം മൊഴി കൊടുത്തിട്ടുണ്ട്.എന്നാൽ ആർ ശ്രീലേഖ പറയുന്നത് പോലീസാണ് ഫോൺ എത്തിച്ചതെന്നാണ്. എന്താ ഇതിന്റെയൊക്കെ ദൃശ്യങ്ങൾ ജയിലിലെ സിസിടിവിയിൽ ഇല്ലേ?'

'മുൻപും പൾസർ സുനി പല നടിമാരേയും ആക്രമിച്ചിട്ടുണ്ടെന്നും തനിക്ക് അത്തരം സംഭവങ്ങൾ അറിയാമെന്നും ശ്രീലേഖ പറഞ്ഞിരുന്നു. എന്നാൽ എന്തുകൊണ്ടാണ് അവർ ഈ നടിമാരുടെ പേര് പറയാനോ പൾസർ സുനിക്കെതിരെ നടപടിയെടുക്കാനോ തയ്യാറാകാതിരുന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥയായിരുന്ന അവരാണ് മൗനം പുലർത്തിയത്. ക്വട്ടേഷൻ ബലാത്സംഗം ചെയ്യിച്ചു എന്ന് പറയുന്നവരേക്കാൾ വലിയ ക്രിമിനൽ ശ്രീലേഖയാണെന്ന് പറയുന്നത് ഒട്ടും അധികമാവില്ല'.

'ശ്രീലേഖയും ഒരു സ്ത്രീയാണ്. ഒരു പാവം പെൺകുട്ടിയുടെ മാനത്തിനാണ് അവർ കൂടി വില പറയുന്നത്. ഇതിന് നിങ്ങൾക്ക് എത്രയാണ് കിട്ടിയത്? ഇതിന് നിങ്ങൾക്ക് എന്താണ് കിട്ടിയത്.പല്ലും നഖവും കൊഴിഞ്ഞ് പെൻഷനായി വീട്ടിലിരിക്കേണ്ട സമയത്ത് ഇങ്ങനെ അബദ്ധ ജഡിലങ്ങൾ വിളിച്ച് പറഞ്ഞ് കേരള ജനതയുടെ മനസ് മാറ്റാമെന്നോ കേസിനെ വഴിതിരിച്ചുവിടാമെന്നോ ജുഡീഷ്യറിയെ സ്വാധീനിക്കാമെന്നോ കരുതേണ്ട.
എപ്പോഴെങ്കിലും ഒരു സ്ത്രീയെ ഇവർ സഹായിച്ചെന്ന് പറയാൻ സാധിക്കില്ല. യുട്യൂബ് ചാനലിന്റെ വ്യൂസ് കൂട്ടാൻ ഇത്തരത്തിലുള്ള വൃത്തികേടുകൾ ഇനി പറയാൻ നിൽക്കരുത്',ബൈജു കൊട്ടാരക്കര പറഞ്ഞു.












Click it and Unblock the Notifications