"ദിലീപിനെ വെറുതെ വിട്ടെന്ന് കേട്ടപ്പോൾ അറപ്പ് തോന്നി, ഇത്രയും ഹീനനായ വ്യക്തിയെ വച്ചുപൊറുപ്പിക്കരുത്"
നടിയെ ആക്രമിച്ച കേസിൽ അടുത്തിടെയാണ് ദിലീപ് കുറ്റവിമുക്തനായത്. സെഷൻസ് കോടതി കേസിൽ പ്രതികളുടെ ശിക്ഷ ഇതുവരെ വിധിച്ചില്ലെങ്കിലും ദിലീപിനെ വെറുതെ വിട്ടിരുന്നു. എന്നാൽ അതിന് ശേഷം പല കോണുകളിൽ നിന്നും വിമർശനം ഉയരുന്നുണ്ട്. ഇപ്പോഴിതാ പ്രമുഖ സാമ്പത്തിക വിദഗ്‌ധ കൂടിയായ ഡോ. മേരി ജോർജും ദിലീപിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. വൺഇന്ത്യ മലയാളത്തോട് സംസാരിക്കവെയാണ് മേരി ജോർജ് ദിലീപിനെതിരെ ആഞ്ഞടിച്ചത്.
ഡോ. മേരി ജോർജിന്റെ വാക്കുകൾ
അതിജീവിതയുടെ മുഖം എന്റെ മനസിൽ വരുമ്പോൾ ഒക്കെ ഒരു അമ്മയ്ക്ക് കുഞ്ഞിനെ കുറിച്ച് തോന്നാവുന്ന സങ്കടമാണ് എനിക്ക് തോന്നാറുള്ളത്. ദൈവമേ എന്റെ കുഞ്ഞിന് ഇങ്ങനെ സംഭവിച്ചല്ലോ എന്നാണ് എനിക്ക് തോന്നിയത്. സിനിമാ ലോകം എന്ന് വച്ചാൽ മറ്റുള്ള ഇടങ്ങളിൽ പോലെയല്ല. നല്ല സ്വഭാവ ശുദ്ധിയുള്ള നടന്മാരും നടിമാരും അതിലുമുണ്ട്. അങ്ങനെ നല്ലവർ എന്ന് വിശ്വസിക്കുന്ന നടിമാരും നടന്മാരും ഒക്കെയുണ്ട്. തൊട്ട് കൂടായ്‌മയും തീണ്ടി കൂടായ്‌മയും ഒന്നും അവിടെ നടക്കില്ല.

വിവാഹം ഉറപ്പിച്ച കുട്ടിയായിരുന്നു. ഒരിക്കലും മോശം കഥകൾ ഒന്നും പുറത്തുവരാത്ത നല്ലൊരു നടിയായിരുന്നു. പൊതുജനത്തിന് യാതൊരു തെറ്റിദ്ധാരണയും ഇല്ലാത്ത നടിയായിരുന്നു. ഈ സംഭവിക്കുന്നതിന്റെ അടുത്ത ദിവസം തന്നെ ഇടതുപക്ഷത്തിന്റെ അനുഭവമുള്ള ഒരു ചാനലിന്റെ ചർച്ചയിൽ പോവുമ്പോൾ അവിടുത്തെ സ്‌റ്റാഫ് കൂടി എന്റെ വണ്ടിയിൽ ഉണ്ടായിരുന്നു.
ആ സ്‌റ്റാഫ് എന്നോട് പറഞ്ഞിരുന്നു, ഇന്നേ ആളാണ് ഈ കൃത്യം ചെയ്യിച്ചത് എന്ന്. പക്ഷേ അയാൾ ഒരിക്കലും പിടിക്കപ്പെടില്ല കാരണം അയാൾ പാർട്ടിക്ക് ഒരുപാട് ഫണ്ട് സംഭാവന ചെയ്യുന്നയാളാണ്, വേണ്ടപ്പെട്ടയാളാണ് എന്ന്. ഞാൻ എപ്പോഴും പോവാറുള്ള ചാനലിലെ ആളായിരുന്നു. അത് കഴിഞ്ഞ് ഒരുപാട് ദിവസങ്ങൾക്ക് അപ്പുറമാണ് ദിലീപിനെ അറസ്‌റ്റ് ചെയ്‌തത്. ബി സന്ധ്യയെ പോലെയുള്ള സത്യസന്ധരായ ഉദ്യോഗസ്ഥർ ഉള്ളത് കൊണ്ടാണ് അയാളെ അറസ്‌റ്റ് ചെയ്‌തത്.
അല്ലെങ്കിൽ അയാൾ അറസ്‌റ്റ് പോലും ചെയ്യപ്പെടില്ലായിരുന്നു. എസ്‌പി ആയിരുന്ന എവി ജോർജ്, സന്ധ്യ, ശ്രീകുമാർ മേനോൻ, ബാലചന്ദ്ര കുമാർ ഇവർക്ക് ഒക്കെ മറ്റെന്ത് കഥകൾ ഉണ്ടെന്ന് നമുക്ക് അറിയില്ല. ഇവരൊക്കെ പറയുന്നു കൊട്ടേഷൻ കൊടുത്തത് ദിലീപ് ആണെന്ന്. തൊട്ടടുത്ത ദിവസം സിനിമാക്കാർ വിളിച്ച യോഗത്തിൽ ദിലീപ് തന്നെ സംസാരിക്കുന്നുണ്ട്. ഒരുപാട് സിനിമകളിൽ ദിലീപിന്റെ കൂടെ അഭിനയിച്ചിട്ടുണ്ടെന്ന് ഏറ്റുപറഞ്ഞ ആളാണ്.
ഇപ്പോഴാണ് എല്ലാവരും ഇത് ശ്രദ്ധിച്ചത്. അങ്ങനെ കൊട്ടേഷൻ കൊടുത്ത മനുഷ്യനെ ഹീനരിൽ ഹീനൻ എന്നല്ലാതെ, അവനെ പലവട്ടം കൊല്ലേണ്ടവൻ എന്നല്ലാതെ സാമാന്യ ബുദ്ധിയുള്ള ഒരാളും ഒന്നും പറയില്ല. സ്വന്തം സഹോദരിയെ കൊട്ടേഷൻ കൊടുത്ത് റേപ്പ് ചെയ്യിക്കുന്നത് പോലെയാണ് അയാൾ ചെയ്യുന്നത്. അങ്ങനെയുള്ള ഒരാളെ വെറുതെ വിട്ടുവെന്ന് കോടതി പറയുന്നത് കേട്ടപ്പോൾ ഇവിടുത്തെ നീതിന്യായ വ്യവസ്ഥയോട് എനിക്ക് അറപ്പ് തോന്നി.
അത് മാത്രമല്ല പണത്തിന് മീതെ പരുന്തും പറക്കില്ലെന്ന വാക്കുകൾ നൂറ്റിയൊന്ന് ശതമാനം ശരിയാണെന്ന് എനിക്ക് തോന്നി. അത്രയും സ്വേച്ഛാധിപതി ആയിട്ടുള്ള ആളാണ്. അതിന്റെ കാരണം അവന്റെ കുടുംബത്തിന് നേരെ കല്ലെറിഞ്ഞു എന്നുള്ളതാണ്. അതാണ് അതിജീവിതയോടുള്ള അയാളുടെ ദേഷ്യത്തിന് കാരണം. ഇത്രയും ഹീനനായ വ്യക്തിയെ സിനിമാ മേഖല വച്ച് പൊറുപ്പിക്കരുത്.
എത്ര വർഷമെടുത്തു വിധി വരാൻ, ഒരു മനുഷ്യനും പ്രതീക്ഷിക്കാത്ത വിധി ആയിരുന്നു അത്. വിധി ഇതായിരിക്കുമെന്ന് പ്രതിക്ക് നേരത്തെ അറിയാമായിരുന്നു. അതുകൊണ്ടാണ് അത്രവേഗം ലഡു വിതരണം ചെയ്യാനുളള സൗകര്യം കോടതിവളപ്പിൽ അയാൾ ക്രമീകരിച്ചത്. അത് തന്നെ കുറ്റകരമാണ്. അത് അത്രയും ഉറപ്പുള്ളത് കൊണ്ടാണ് അവർ അങ്ങനെ ചെയ്‌തത്.












Click it and Unblock the Notifications