ദിലീപിനെതിരെ പയറ്റുന്നത് ആ മോഹന്‍ലാല്‍ ചിത്രത്തിലെ തന്ത്രം; അതുകൊണ്ട് അവർക്ക് പല ഉപകാരവുമുണ്ട്: രാഹുല്‍ ഈശ്വർ
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പ്രതിയാക്കാന്‍ പൊലീസ് ഫോട്ടോകള്‍ ഉള്‍പ്പെടേയുള്ള വ്യാജ തെളിവുകള്‍ സൃഷ്ടിച്ചെന്ന് രാഹുല്‍ ഈശ്വർ. എട്ട് വർഷത്തോളം അന്വേഷിച്ചിട്ടും കൃത്യമായ തെളിവുകള്‍ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. കേസില്‍ വിധി വരുമ്പോള്‍ ദിലീപിന് അനുകൂലമായ വിധിയായിരിക്കും വരികയെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. സംസാരം എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീലേഖ മാഡം പറഞ്ഞ കാര്യത്തിലേക്ക് തന്നെ നമുക്ക് വരാം. ശ്രീലേഖ ഐ പി എസ് എന്ന് പറയുന്നത് കേരള പോലീസിന്റെ ഡി ജി പി ആയിരുന്ന ഒരു വ്യക്തിയാണ്. അങ്ങനേയുള്ള ഒരു വ്യക്തിയാണ് പറയുന്നത് യഥാർത്ഥത്തിൽ പോലീസുകാർ ദിലീപിനെ കുടുക്കാന്‍ വ്യാജ ഫോട്ടോഷോപ്പ് നിർമ്മിക്കുകയായിരുന്നുവെന്ന്. രാഹുല്‍ ഈശ്വർ അല്ല, പോലീസിന്റെ ഡി ജി പി ആയിരുന്ന വ്യക്തിയാണ് പൊലീസ് വ്യാജ ഫോട്ടോ നിർമ്മിച്ചു എന്ന് പറയുന്നത്.

ദിലീപിന്റെ പുറകിലായി പള്‍സർ സുനി നില്‍ക്കുന്നതായുള്ള ഫോട്ടോ അന്ന് എല്ലാ പത്രമാധ്യമങ്ങളിലും വന്നിരുന്നു. രണ്ട് പരസ്പര ബന്ധമില്ലാത്ത ഫോട്ടോകൾ എടുത്താണ് അത്തരമൊരു ചിത്രം ഉണ്ടാക്കിയത്. ദൂരെ നില്‍ക്കുന്ന ആ വ്യക്തി പള്‍സർ സുനിയാണെന്ന് ഇവർ എങ്ങനെ കണ്ടുപിടിച്ചു. പൊലീസുകാരുടെ തന്ത്രം എന്താണെന്ന് കൂടി പറയാം. എല്ലാ പൊലീസുകാരേയും അടക്കി പറയുകയല്ല. കേരള പൊലീസില്‍ മിടുക്കന്‍മാരായ കുറേ ഉദ്യോഗസ്ഥരുണ്ട്. എല്ലാ മേഖലയിലും തെറ്റുകാർ ഉള്ളത് പോലെ ഈ മേഖലയിലും ചില തെറ്റുകാരുണ്ട്.
മോഹന്‍ലാല്‍ ചിത്രമായ റൺ ബേബി റൺ എന്ന സിനിമ നിങ്ങള്‍ കണ്ടോ എന്ന് അറിയില്ല. ഈ സിനിമയിൽ ബിജുമേനോൻ പറയുന്ന ഒരു തന്ത്രമാണ് പോലീസുകാരും മീഡിയക്കാരും സ്ഥിരം ഉപയോഗിക്കുന്നത്. നിങ്ങള്‍ ജഡ്ജിയും ഞാന്‍ ദിലീപിനെ അറസ്റ്റ് ചെയ്യണം എന്ന് വാദിക്കുന്ന അഡ്വക്കറ്റും ആണെങ്കില്‍ ഞാന്‍ വന്ന് '
ബഹുമാനപ്പെട്ട കോടതി, ഞങ്ങളുടെ കയ്യില്‍ ഒരു ഫോട്ടോ കിട്ടിയിട്ടുണ്ട്. ഇത് വളരെ പ്രധാനപ്പെട്ട തെളിവാണെന്ന് പറയുന്നുണ്ടത്രേ. ഈ ഫോട്ടോ കൊണ്ട് ദിലീപിന്റെയും സുനിയുടെയും ബന്ധം തെളിയിക്കാൻ കഴിയുമത്രേ' എന്ന് പറയും.
അപ്പോള്‍ ഇവിടെ നോക്കൂ ഫോട്ടോ ഉണ്ടെന്ന് പറയുന്നില്ല, ഉണ്ടത്രേ എന്നാണ് പറയുന്നത്. ഇതില്‍ ഉള്ള ഒരു ഗുണം എന്താണെന്ന് പറഞ്ഞാല്‍ മാനനഷ്ടക്കേസിന്റെ പരിധിയില്‍ വരുന്നില്ല. ഉദാഹരണത്തിന് രാഹുല്‍ ഈശ്വർ എനിക്ക് ഒന്നരക്കോടി രൂപ തന്നു എന്ന് പറഞ്ഞാല്‍ എനിക്ക് മാനനഷ്ടക്കേസ് കൊടുക്കാം. എന്നാല്‍ ഒന്നരക്കോടി രൂപ ദിലീപ് രാഹുല്‍ ഈശ്വറിന് കൊടുത്തിട്ടുണ്ടത്രേ എന്ന് പറഞ്ഞാല്‍ അത് നടക്കില്ല. ഇതുപോലുള്ള ഉണ്ടത്രേകളും ഉണ്ടയില്ലാ വെടികളുമായി പച്ച നുണകളാണ് പറയുന്നത്.
എന്നെ വിശ്വസിക്കേണ്ട, മൂന്ന് ഹൈക്കോടതി ജഡ്ജിമാർ ഇവിടെ ദിലീപിന്റെ കേസ് കേട്ടു. സുപ്രീംകോടതിയിലും പോയി. അവിടെയെല്ലാം ദിലീപിന് അനുകൂലമായ സമീപനം എടുക്കുന്നത് കേസിന് മെറിറ്റ് ഇല്ല എന്നുള്ളതുകൊണ്ടാണ്. ദിലീപ് ഇതിന്റെ പിന്നില്‍ ഉണ്ടോ ഇല്ലയോ എന്നുള്ളത് അതിജീവിതയ്ക്ക് അറിയില്ലാലോ. അതിജീവിതയെ ഈ പൾസസുനി അടക്കമുള്ള നരാധമന്മാർ ആക്രമിച്ചു. അവർക്ക് ശക്തമായ ശിക്ഷ കിട്ടണം. ആ സംഭവം നടന്ന് മാസങ്ങള്‍ക്ക് ശേഷം പൊലീസുകാരാണ് പറയുന്നത് ദിലീപ് ഇതിന് പിന്നിലുണ്ടെന്ന്.
ദിലീപാണ് ഇതിന് പിന്നിലെന്ന് അതിജീവിതയ്ക്ക് ആദ്യ ദിവസം തന്നെ അറിയാമായിരുന്നുവെന്നാണ് പള്‍സർ സൂനി പറയുന്നത്. അങ്ങനെയായിരുന്നെങ്കില്‍ ആക്രമണം നടന്നതിന്റെ പിറ്റേ ദിവസം തന്നെ പൊലീസിനോട് ദിലീപിന്റെ പേര് പറയുമായിരുന്നല്ലേയെന്നും രാഹുല്‍ ഈശ്വർ ചോദിക്കുന്നു.












Click it and Unblock the Notifications